വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് നല്‍കുന്ന സഹായത്തില്‍ നൂറിരട്ടി വര്‍ധന; തീരുമാനവുമായി ​ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുകയില്‍ വന്‍വര്‍ധനവ് വരുത്തി ​ഗുജറാത്ത് സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ബന്ധുക്കള്‍ക്കുമുള്ള നഷ്ടപരിഹാരത്തുക ഒരുകോടിയായി ഉയര്‍ത്തിയത്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരമായി നല്‍കിയിരുന്നത്. മുഖ്യമന്ത്രിയുടെ ജവാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്നാണ്. ഗുജറാത്തിലെ വീരമൃത്യു വരിച്ച ജവാന്‍മാരുടെ ആശ്രിതര്‍ക്ക് സഹായം നല്‍കുന്നത്. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ശേഷിക്കുന്ന ആവശ്യങ്ങള്‍ സെക്രട്ടറിമാരുടെ ഉന്നതതല സമിതി പരിഗണിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘ്‍വി പറഞ്ഞു. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ വിമുക്തഭടന്മാര്‍ക്ക് നല്‍കുന്ന സംവരണം ക്ലാസ്-1, 2 വിഭാഗങ്ങള്‍ക്ക് 1%, ക്ലാസ് മൂന്നിന് 10%, ക്ലാസ് നാലിന് 20% എന്നിങ്ങനെയാണ്. വിമുക്തഭടന്മാര്‍ക്ക് അവരുടെ കുടുംബം പോറ്റുന്നതിനായി ഏകദേശം 16 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. രക്തസാക്ഷിയുടെ മക്കള്‍ക്ക് 25 വയസ്സ് തികയുന്നതുവരെ അല്ലെങ്കില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് വരെ 500 രൂപ വീതം ധനസഹായം നല്‍കിയിരുന്നു. എന്നാല്‍, ഇത് ഒരു കുട്ടിക്ക് 5,000 രൂപയായി വര്‍ധിപ്പിച്ചു. രക്തസാക്ഷിയുടെ അമ്മയ്ക്കും പിതാവിനും പ്രതിമാസം 500 രൂപ നല്‍കിയിരുന്നതില്‍ നിന്ന് 5000 രൂപയായി വര്‍ധിപ്പിച്ചു.

Vartha Malayalam News - local news, national news and international news.