എല്ലാവര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ ഐ.ഡി​; ആയുഷ്​മാന്‍ ഭാരത്​ ഡിജിറ്റല്‍ മിഷന്‍ പദ്ധതി പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു.

ന്യൂഡല്‍ഹി: രാജ്യത്ത്​ ആയുഷ്​മാന്‍ ഭാരത്​ ഡിജിറ്റല്‍ മിഷന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്​ഘാടനം ചെയ്​തു.

എല്ലാ ഇന്ത്യക്കാരനും പ്രത്യേക ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ്​ നല്‍കുന്നതാണ്​ പദ്ധതി.

ആയുഷ്​മാന്‍ ഭാരത്​ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ്​ ദേശീയതലത്തില്‍ ആയുഷ്​മാന്‍ ഭാരത്​ ഡിജിറ്റല്‍ മിഷന്​ തുടക്കം കുറിക്കുന്നത്​. 2020 ആഗസ്റ്റ്​ 15ന്​ ആയുഷ്​മാന്‍ ഭാരത്​ ഡിജിറ്റല്‍ മിഷന്‍റെ പൈലറ്റ്​ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

*ആയുഷ്​മാന്‍ ഭാരത്​ ഡിജിറ്റല്‍ മിഷന്‍ പദ്ധതി*

പദ്ധതിയിലൂടെ ഓരോ പൗരനും ഒരു ആരോഗ്യ ഐ.ഡി നല്‍കും. അത്​ അവരുടെ ആരോഗ്യവിവരങ്ങള്‍ അടങ്ങിയ അക്കൗണ്ടായിരിക്കും.

ഇതിലേക്ക്​ വ്യക്തിഗത, ആരോഗ്യ രേഖകള്‍ ബന്ധിപ്പിക്കും. ഇത്​ മൊബൈല്‍ ആപ്ലിക്കേഷന്‍റെ സഹായത്തോടെ കാണാനാകുമെന്ന്​ കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

ഹെല്‍ത്ത്​ കെയര്‍ പ്രഫഷനല്‍സ്​ രജിസ്​ട്രി, ഹെല്‍ത്ത്​ കെയര്‍ ഫെസിലിറ്റീസ്​ രജിസ്​ട്രി എന്നിവ ഇതിന്‍റെ ഭാഗമാകും. എല്ലാ ആരോഗ്യസേവന കേന്ദ്രങ്ങളിലും ഇവ ലഭ്യമാകുകയും ഡോക്​ടര്‍മാര്‍/ ആശുപത്രികള്‍, ആരോഗ്യ പരിപാലന സേവന ദാതാക്കള്‍ തുടങ്ങിയവ ഇതിന്‍റെ ഭാഗമാകുകയും ചെയ്യും.

രാജ്യത്തെ ​ജനങ്ങള്‍ക്ക്​ വളരെ എളുപ്പത്തില്‍ ആരോഗ്യരംഗത്തെ സേവനങ്ങള്‍ ലഭിക്കാന്‍ സഹായിക്കുകയാണ്​ ലക്ഷ്യം.

14 അക്ക തിരിച്ചറിയല്‍ നമ്ബറാണ്​ ഡിജിറ്റല്‍ ആരോഗ്യ ​ഐ.ഡിയായി പ്രവര്‍ത്തിക്കുക. ഇതിലേക്ക്​ ആശുപത്രിയില്‍ എത്തുന്നതിന്‍റെയും പരിശോധനകള്‍ നടത്ത​ുന്നതിന്‍റെയും ​വിവരങ്ങളും പരിശോധന ഫലങ്ങളും ഡോക്​ടറുടെ നിഗമനങ്ങളും കൂട്ടിച്ചേര്‍ക്കും.

വ്യക്തികള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും ഒര​ുപോലെ ഇവ ഉപയോഗിക്കാനാകും. കൂടാതെ എളുപ്പത്തില്‍ ഒരു വ്യക്തിയുടെ ആരോഗ്യവിവരങ്ങള്‍ ലഭ്യമാകും. അതേസമയം ആധാറുമായി ഇവ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്നാണ്​ കേന്ദ്രസര്‍ക്കാറിന്‍റെ നിലവിലെ അറിയിപ്പ്​.

ജന്‍ധന്‍, ആ​ധാര്‍, മൊബൈല്‍, സര്‍ക്കാറിന്‍റെ മറ്റ്​ ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്നിവയുടെ അടിസ്​ഥാനത്തില്‍ ആയുഷ്​മാന്‍ ഭാരത്​ ഡിജിറ്റല്‍ മിഷന്‍ ഡേറ്റയും വിവരങ്ങളും നല്‍കിയാണ്​ ഓണ്‍ലൈന്‍ പ്ലാറ്റ്​ഫോം സൃഷ്​ടിക്കുക. അടിസ്​ഥാന സൗകര്യ സേവനങ്ങള്‍, ഓപ്പണ്‍, സ്റ്റാന്‍ഡേന്‍ഡ്​ അധിഷ്​ഠിത ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തും. കൂടാതെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ, രഹസ്യസ്വഭാവം, സ്വകാര്യത തുടങ്ങിയ സംരക്ഷിക്കുമെന്നും പറയുന്നു. പൗരന്മാരുടെ രേഖാമൂലമുള്ള ആരോഗ്യ രേഖകള്‍ അവരുടെ സമ്മ​തത്തോടെ കൈമാറ്റം ചെയ്യാനും പ്രാപ്യമാക്കാനും മിഷന്‍ സഹായിക്കുമെന്നും കേന്ദ്രം പറയുന്നു.

Vartha Malayalam News - local news, national news and international news.