സൂര്യന്റെ അന്ത്യത്തിന് മുൻപേ ഭൂമിയിൽ പലതും സംഭവിക്കും, മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങളെല്ലാം ഇല്ലാതാകും

എങ്ങനെ അല്ലെങ്കില്‍ എപ്പോഴായിരിക്കും നമ്മുടെ ഊര്‍ജ ഉറവിടമായ സൂര്യന്റെ അന്ത്യം? ഈ ചോദ്യത്തിന്മേല്‍ നിരവധി ശാസ്ത്രീയ തര്‍ക്കങ്ങള്‍ നേരത്തേ നടന്നിട്ടുണ്ട്. സൂര്യന്‍ അവസാന ഘട്ടത്തിലേക്ക് പോകും മുൻപേ മനുഷ്യന്‍ അടക്കമുള്ള ഭൂമിയിലെ ജീവജാലങ്ങളെല്ലാം അസ്തമിക്കുമെന്നാണ് പുതിയ പഠനം പ്രവചിക്കുന്നത്. ശാസ്ത്ര ജേണലായ നേച്ചുര്‍ അസ്‌ട്രോണമിയില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ സൂര്യന്റേയും ഭൂമിയുടേയും അന്ത്യത്തെക്കുറിച്ച് വിശദമായ വിവരണം നല്‍കിയിട്ടുണ്ട്.

ഏതാണ്ട് 1000 കോടി വര്‍ഷങ്ങള്‍ കൂടിയാണ് ഈ പഠനം സൂര്യന് ആയുസ് കല്‍പിക്കുന്നത്. അവസാനത്തില്‍ ഒരു സൂപ്പര്‍ നോവയായി പൊട്ടിത്തെറിക്കാന്‍ വേണ്ട പിണ്ഡം സൂര്യനില്ല. ഹൈഡ്രജന്‍ ഇന്ധനം പൂര്‍ണമായും കത്തി തീരുമ്പോൾ കാമ്പ് ചുരുങ്ങുകയും പുറം പാളികള്‍ വികസിച്ച് ചുവപ്പു ഭീമന്‍ എന്ന നിലയിലേക്ക് സൂര്യന്‍ എത്തുകയും ചെയ്യും. ഈ സമയം സൂര്യന്റെ വലുപ്പം 250 മടങ്ങ് വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഏതാണ്ട് 500 കോടി വര്‍ഷങ്ങള്‍ക്കകം സൂര്യന്‍ ഈ രൂപത്തിലേക്കെത്തുമെന്നാണ് കരുതപ്പെടുന്നത്.

റെഡ് ജെയന്റ് രൂപത്തിലേക്ക് മാറുന്നതോടെ ഭൂമിയും ചൊവ്വയും അടക്കമുള്ള ഗ്രഹങ്ങളെ വരെ സൂര്യന്‍ ഉള്ളിലാക്കുകയും ചെയ്യും. ഇങ്ങനെയൊന്ന് സംഭവിക്കുന്നതിനും വളരെ മുൻപ് തന്നെ മനുഷ്യനും ഭൂമിയിലെ മറ്റു ജീവജാലങ്ങളും ഇല്ലാതാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. അങ്ങനെയൊന്ന് സംഭവിക്കാതിരിക്കണമെങ്കില്‍ ഭൂമിക്ക് പുറത്ത് അന്യഗ്രഹങ്ങളില്‍ ജീവിക്കാനുള്ള ശേഷി മനുഷ്യന്‍ അതിനകം കൈവരിക്കണം.

2018ല്‍ പുറത്തുവന്ന മറ്റൊരു പഠനം പറയുന്നത് ഏതാണ്ട് 100 കോടി വര്‍ഷങ്ങളാണ് മനുഷ്യന് സുരക്ഷിതമായി ഭൂമിയില്‍ ജീവിക്കാന്‍ സാധ്യതയുള്ളതെന്നാണ്. ഒരോ നൂറ് കോടി വര്‍ഷത്തിലും 10 ശതമാനം എന്ന നിരക്കില്‍ സൂര്യന്റെ തിളക്കവും ഉപരിതല താപനിലയും ഉയരുന്നുണ്ടെന്ന് ഈ പഠനം പറയുന്നു. മുന്‍പ് സൂര്യന്റെ തിളക്കം ഇന്നുള്ളതിലും കുറവായിരുന്നു, അതായിരിക്കാം നൂറ് കോടി വര്‍ഷത്തിനുള്ളില്‍ മാത്രമായി ഭൂമിയില്‍ ജീവന്‍ ആരംഭിച്ചതിനുള്ള കാരണം. അടുത്ത് നൂറ് കോടി വര്‍ഷത്തിനുള്ളില്‍തന്നെ സൗരതാപനിലയില്‍ വലിയ വര്‍ധനവുണ്ടാകും. ഇതോടെ ഭൂമിയിലെ ദ്രവരൂപത്തിലുള്ള ജലം ബാഷ്പീകരിക്കപ്പെടുകയും ഇത് എല്ലാ ജീവകണികകളുടേയും നാശത്തിലേക്ക് നയിക്കുകയും ചെയ്‌തേക്കാമെന്നും കരുതപ്പെടുന്നു.

ചുവപ്പ് ഭീമന്‍ എന്ന അവസ്ഥയെ തുടര്‍ന്നുണ്ടാകുന്ന ഊര്‍ജ സ്പന്ദനങ്ങള്‍ കാരണം സൂര്യന്റെ പുറം പാളികള്‍ അകന്ന് പോവുകയും ഒരു ഗ്രഹനീഹാരിക രൂപപ്പെടുകയും ചെയ്യും. ബാഹ്യപാളികള്‍ ഊരിത്തെറിച്ചു പോയതിനു ശേഷം അവശേഷിക്കുക വളരെയധികം താപനിലയിലുള്ള സൂര്യന്റെ ഉള്‍കാമ്പ് മാത്രമായിരിക്കും. പിന്നീട് കോടിക്കണക്കിന് വര്‍ഷങ്ങള്‍ പതുക്കെ മങ്ങിക്കൊണ്ട് വെള്ളക്കുള്ളന്‍ എന്ന ഈ അവസ്ഥയില്‍ സൂര്യന്‍ തുടരുമെന്നാണ് കരുതപ്പെടുന്നത്

Vartha Malayalam News - local news, national news and international news.