തമിഴ്നാടിനെ ഭീതിയിലാഴ്ത്തി വീണ്ടും വിദ്യാ‍ര്‍ത്ഥിയുടെ ആത്മഹത്യ: ഉത്തരവാദികള്‍ അധ്യാപകരെന്ന് വീഡിയോയില്‍ കുട്ടി

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ചെന്നൈ അമ്ബത്തൂ‍ര്‍ പാഡി സ്വദേശിയായ ഒന്‍പതാം ക്ലാസ്സുകാരനാണ് മരിച്ചത്. മരണത്തിന് ഉത്തരവാദികള്‍ അധ്യാപകരാണെന്ന വീഡിയോ സന്ദേശം കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്തിന് ശേഷമായിരുന്നു കുട്ടി ജീവനൊടുക്കിയത്. ആത്മഹത്യ ദൃശ്യവും കുട്ടി ഫോണില്‍ ചിത്രീകരിച്ചിരുന്നു.

ചെന്നൈ അമ്ബത്തൂര്‍ പാഡിയിലെ കുമരനഗര്‍ ലക്ഷ്മി മെട്രിക്കുലേഷന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് വീട്ടിനുള്ളില്‍ വച്ച്‌ വീ‍ഡിയോ സന്ദേശം ചിത്രീകരിച്ച ശേഷം ആത്മഹത്യ ചെയ്തത്. കൈഞരമ്ബ് മുറിച്ചതിന് ശേഷം തൂങ്ങിമരിക്കുകയായിരുന്നു. തന്‍റെ മരണത്തിന് ഉത്തരവാദികള്‍ സ്കൂളിലെ അധ്യാപകരാണെന്നും അവര്‍ തന്നെ ദിവസവും തല്ലാറുണ്ടെന്നും കുട്ടി സന്ദേശത്തില്‍ പറയുന്നു. അധ്യാപകര്‍ ചീത്ത പറയുന്നതുകൊണ്ട് ഇനി സ്കൂളിലേക്ക് പോകാനാകില്ലെന്നും കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ മാതാപിതാക്കള്‍ക്ക് എത്തിച്ചുനല്‍കണം, അവര്‍ സ്കൂളിലെത്തി ഇക്കാര്യം ചോദിക്കണം. കൂട്ടുകാര്‍ക്ക് അയച്ചുനല്‍കിയ സന്ദേശത്തില്‍ കുട്ടി പറയുന്നു.

സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയില്‍ കൊരട്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കള്ളാക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്ക് ശേഷം ഇത്തരം കേസുകള്‍ സിബിസിഐ‍ഡിക്ക് കൈമാറണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചുണ്ടായിരുന്നു. ലോക്കല്‍ പൊലീസിന്‍റെ ആദ്യഘട്ട അന്വേഷണത്തിന് ശേഷം ഈ സംഭവത്തിലും സിബിസിഐഡി അന്വേഷണം ഏറ്റെടുത്തേക്കും.

Vartha Malayalam News - local news, national news and international news.