വാഹന ഉടമ അറിയാതെ ഉടമസ്ഥാവകാശം കൈമാറ്റപ്പെടാം, ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ക്രമക്കേടിന് സാധ്യത

തിരുവനന്തപുരം: വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് മോട്ടോർവാഹനവകുപ്പ് ഏർപ്പെടുത്താൻ പോകുന്ന ഓൺലൈൻ സംവിധാനത്തിൽ സുരക്ഷാവീഴ്ചകളേറെ. ആധാർ ബന്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളില്ലെങ്കിൽ ക്രമക്കേടിന് സാധ്യതയുണ്ട്. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൈവശമുള്ള ആർക്കും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ കഴിയുന്ന രീതിയിലാണ് സംവിധാനം. ഉടമയുടെ രജിസ്‌ട്രേഡ് മൊബൈൽഫോണിലേക്ക് പോകുന്ന സന്ദേശംമാത്രമാണ് ഏക സുരക്ഷാ കടമ്പ. എന്നാൽ, രജിസ്‌ട്രേഷൻ വിവരങ്ങൾ കൈവശമുണ്ടെങ്കിൽ വാഹൻ വെബ്‌സൈറ്റിൽക്കയറി ആർക്കും മൊബൈൽ നമ്പർ മാറ്റാനാകും. ഇക്കാര്യം അറിയിച്ചുകൊണ്ട് ഉടമയ്ക്ക് സന്ദേശം ലഭിക്കാറില്ല. 80 ശതമാനത്തോളം സ്വകാര്യവാഹന ഉടമകളും മൊബൈൽ നമ്പർ ഉൾക്കൊള്ളിച്ചിട്ടില്ലെന്നതാണ് മറ്റൊരു ന്യൂനത. അതിനാൽ മൊബൈൽ നമ്പർ രജിസ്‌ട്രേഷൻ നിയന്ത്രിക്കാനും കഴിയുന്നില്ല. ടാക്സിവാഹന ഉടമകൾ സ്വന്തം നമ്പരിനുപകരം ഇടനിലക്കാരുടെ മൊബൈൽ നമ്പർ നൽകാറുണ്ട്. ഒരു ഫോൺ നമ്പർ തന്നെ ഒട്ടേറെ വാഹനങ്ങളുടെ വിവരങ്ങളിൽ ഉൾക്കൊള്ളിക്കാനാകും. ഓൺലൈനിൽ അപേക്ഷ നൽകിയശേഷം അസൽ രേഖകളും അപേക്ഷയുടെ പകർപ്പും ഓഫീസിൽ എത്തിക്കുന്നതാണ് നിലവിലെ രീതി. സർട്ടിഫിക്കറ്റ് റദ്ദാക്കിയശേഷം പുതിയരേഖകൾ തപാലിൽ അയച്ച് നൽകും. ഓഫീസിൽ രേഖകൾ എത്തിക്കണമെന്ന വ്യവസ്ഥ, വാഹനഉടമകളെ ചൂഷണം ചെയ്യാനുള്ള വഴിയായി ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും മാറ്റിയതിനെ തുടർന്നാണ് ഒഴിവാക്കാൻ തീരുമാനിച്ചത്. പകരം ഓൺലൈൻ അപേക്ഷ സ്വീകരിച്ച് പുതിയ രേഖകൾ തപാലിൽ അയച്ച് നൽകാനാണ് തീരുമാനം. പഴയ ആർ.സി. പുതിയ ഉടമ വാങ്ങി സൂക്ഷിക്കണം.വാഹന രജിസ്‌ട്രേഷൻ ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചാൽ ഈ ക്രമക്കേട് തടയാൻ കഴിയും. ആധാറിലെ ഫോൺ നമ്പരാകും വാഹനരജിസ്‌ട്രേഷൻ രേഖകളിലേക്കും വരുക. ഒരു വ്യക്തിയുടെ ആധാറിലെ മൊബൈൽ നമ്പർ അയാൾ നേരിട്ടെത്താതെ മാറ്റാൻ സാധിക്കില്ല.

Vartha Malayalam News - local news, national news and international news.