നമ്മുടെ ഉല്പത്തിചരിത്രത്തിലെ സുപ്രധാന തെളിവുകളുടെ ആ അക്ഷയഖനിയുടെ നല്ലൊരു ഭാഗവും അടക്കം ചെയ്യപ്പെട്ടിട്ടുള്ളത് നമ്മള്‍ അധിവസിക്കുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മണ്ണിനടിയില്‍ തന്നെയാണ്.

ഭൂമിയില്‍ കാലങ്ങള്‍ക്കു മുമ്ബ് ജീവിച്ചിരുന്ന ജന്തുവര്‍ഗ്ഗമാണ് ദിനോസറുകള്‍(Dinosaurs). അവയുടെ മുട്ടകള്‍ തൊട്ട്, ദിനോസറുകള്‍ക്കൊപ്പം ജീവിച്ചിരുന്ന, പിന്നീട് വംശനാശം സംഭവിച്ചു പോയ മറ്റു പല ചരിത്രാതീത ജീവികളുടെയും അവശിഷ്ടങ്ങള്‍(fossils) മണ്ണിനടിയില്‍ ഫോസിലുകളുടെ(fossils) രൂപത്തില്‍ ഇന്നുമുണ്ട്.നമ്മുടെ ഉല്പത്തിചരിത്രത്തിലെ സുപ്രധാന തെളിവുകളുടെ ആ അക്ഷയഖനിയുടെ നല്ലൊരു ഭാഗവും അടക്കം ചെയ്യപ്പെട്ടിട്ടുള്ളത് നമ്മള്‍ അധിവസിക്കുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മണ്ണിനടിയില്‍ തന്നെയാണ്.

1984 -ല്‍ ഗുജറാത്തിലെ ധോലി ഡുണ്‍ഗ്രി ഗ്രാമത്തില്‍ നിന്ന് ജെഫ്രി എ വിത്സണ്‍ എന്ന പാലിയന്റോളജിസ്റ്റിന്റെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് കുഴിച്ചെടുത്തത് ഒരു ദിനോസര്‍ ശിശുവിന്റെ അവശിഷ്ടങ്ങളും, അതിന്റെ മുട്ടയും ഒന്നിച്ചായിരുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ദിനോസറിന്റെ ഫോസിലും മുട്ടയും ഒരുമിച്ച്‌ കണ്ടെത്തുന്നത് എന്നായിരുന്നു മിഷിഗണ്‍ സര്‍വകലാശാലയിലെ ജിയോളജിക്കല്‍ സയന്‍സസ് പ്രൊഫസര്‍ ആയ വിത്സന്റെ അഭിപ്രായം. എന്നാല്‍, ഈ ഖനനത്തിനിടെ അദ്ദേഹത്തിന്റെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചത് മറ്റൊരു കാര്യമാണ്. പമ്ബുകളില്‍ മാത്രം കാണുന്ന തരത്തിലുള്ള ഒരു ഒരു ശരീരഘടന അദ്ദേഹത്തിന് ഈ ഫോസിലുകളില്‍ കാണാനായി. അതോടെ ഈ ഫോസില്‍ സാമ്ബിളുകളില്‍ ചരിത്രാതീത കാലത്തു ജീവിച്ചിരുന്ന വല്ല പാമ്ബുകളുടെയും അവശിഷ്ടങ്ങളും ഉണ്ടോ എന്ന് അദ്ദേഹം സ്വാഭാവികമായും സംശയിച്ചു.

ഈ ഫോസിലുകള്‍ തുടര്‍ന്ന് കൂടുതല്‍ ആഴത്തില്‍ പഠിക്കാനുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഇല്ലാതിരുന്നതുകൊണ്ട് അദ്ദേഹം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വഴി നാലുവര്‍ഷം കൊണ്ട് ഈ സാമ്ബിളുകള്‍ അമേരിക്കയിലേക്ക് എത്തിക്കുന്നു. അവിടെ എത്തിച്ച ശേഷം, ഏതാണ്ട് ഒരു വര്‍ഷം എടുത്ത് അദ്ദേഹം ഈ ഫോസില്‍ സാമ്ബിളുകള്‍ക്ക് ചുറ്റും അടിഞ്ഞു കൂടി ഘനീഭവിച്ചു കഴിഞ്ഞിരുന്ന പാറകളുടെ അംശം കഴുകിക്കളഞ്ഞ് ഫോസില്‍ മാത്രം വേര്‍തിരിച്ചെടുക്കുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ നിരവധി പാലിയന്റോളജിസ്റ്റുകള്‍ ആ ഫോസിലുകളെക്കുറിച്ച്‌ വിശദമായി പഠിക്കുന്നു. തങ്ങളുടെ പഠനങ്ങളില്‍ നിന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്, ഒരു ദിനോസര്‍ കുഞ്ഞിനെ വാപിളര്‍ത്തി ആഹരിക്കാന്‍ ശ്രമിക്കുന്ന, ചരിത്രാതീത കാലത്ത് ജീവിച്ചിരുന്ന ഒരു പാമ്ബിന്റെ അവശിഷ്ടമാണ് അതെന്നാണ്. കൃത്യം ആ ഇരപിടിക്കുന്ന സമയത്ത് തന്നെ ഉണ്ടായ ഒരു ഉരുള്‍പൊട്ടല്‍ ആ നിമിഷത്തെ ചരിത്രത്തില്‍ എന്നെന്നേക്കുമായി രേഖപ്പെടുത്തുകയാണ് ഉണ്ടായത്. അങ്ങനെ കണ്ടെത്തപ്പെട്ട ആ ചരിത്രാതീത സര്‍പ്പത്തിന്റെ പാലിയന്റോളജിസ്റ്റുകള്‍ നല്‍കിയ പേര് Sanajeh indicus എന്നായിരുന്നു. ചരിത്രാതീത കാലത്തെ പാമ്ബുകള്‍ക്ക് അവയുടെ താടിയെല്ലുകള്‍ പിളര്‍ത്തി ഇരയെ വിഴുങ്ങാനുള്ള സിദ്ധി ഉണ്ടായിരുന്നില്ല എന്നും, അത് പരിണാമദശയില്‍ അവ പില്‍ക്കാലത്ത് കൈവരിച്ചതാണ് എന്നും ഗവേഷകര്‍ പറയുന്നു.

വര്‍ഷങ്ങളായി ഇന്ത്യയിലെ പല സുപ്രധാന സ്ഥലങ്ങളിലും ഫോസില്‍ നിക്ഷേപങ്ങള്‍ ഉണ്ടെന്നുള്ള വെളിപ്പെടുത്തലുകള്‍ ശാസ്ത്ര സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു എങ്കിലും വേണ്ടത്ര ഗവേഷണ പരിശ്രമങ്ങള്‍ ഈ ദിശയില്‍ ഉണ്ടായിട്ടില്ല എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. കൂടുതല്‍ ഫലപ്രദമായ ഗവേഷണങ്ങള്‍ നടക്കണം എങ്കില്‍ വിവിധ രാജ്യങ്ങളിലെ പാലിയന്റോളജി വകുപ്പുകളും അവയിലെ ഗവേഷകരും തമ്മില്‍ കൃത്യമായ സഹകരണമുണ്ടാവണം എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 

--

Vartha Malayalam News - local news, national news and international news.