എന്റെ ഭർത്താവിനെ എന്തിന് വധിച്ചു?' മാപ്പ് പറഞ്ഞ് റഷ്യൻ സൈനികൻ; കോടതിയിൽ വൈകാരിക രംഗങ്ങൾ

കീവ്∙ യുക്രെയ്ൻ പൗരനെ കൊലപ്പെടുത്തിയ കുറ്റത്തിന് റഷ്യൻ ടാങ്ക് കമാൻഡറെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. റഷ്യ - യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷം നടക്കുന്ന ആദ്യ കുറ്റ വിചാരണയിലാണ് യുക്രെയ്ൻ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. അറുപത്തിരണ്ടുകാരനായ ഓലെക്സൻഡർ ഷെലിപോവിനെ വധിച്ചതിനാണ് റഷ്യൻ സൈനികൻ വാദിം ഷിഷിർമരിനു ജീവപര്യന്തം വിധിച്ചത്.

കോടതി വിചാരണയ്ക്കിടെ ഷെലിപോവിന്റെ ഭാര്യ കാതറീന, പ്രതി ഷിഷിർമരിനെ കണ്ടുമുട്ടിയത് വൈകാരിക രംഗങ്ങൾക്ക് വഴിയൊരുക്കി. 'ദയവായി പറയൂ, നിങ്ങൾ എന്തിനാണ് യുക്രെയ്‌നിൽ വന്നത്? ഞങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണോ? എന്റെ ഭർത്താവ് എന്ത് ദ്രോഹമാണ് ചെയ്‌തത്‌?'- കാതറീന ചോദിച്ചു. സംഭവത്തിൽ മാപ്പ് ചോദിച്ച ഷിഷിർമർ, തനിക്ക് മാപ്പ് നൽകാൻ കാതറീനയ്ക്ക് സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു. 'റഷ്യൻ സർക്കാരിന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഭാര്യയെ കരുതി എനിക്ക് മാപ്പ് നൽകണം'- ഷിഷിർമർ കോടതിയിൽ അപേക്ഷിച്ചു.

യുക്രെയ്ൻ പൗരന്മാരെ തിരഞ്ഞുപിടിച്ച് ആക്രമണം നടത്തിയില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് റഷ്യ. അതേസമയം, രാജ്യത്ത് 11,000 യുദ്ധകുറ്റകൃത്യങ്ങൾ നടന്നുവെന്നാണ് യുക്രെയ്നിന്റെ അവകാശവാദം. സൈനികന്റെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തിയ റഷ്യ, ഷിഷിർമരിനെ ജയിലിൽനിന്ന് പുറത്തെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

കോടതിവിധി നിശബ്ദമായി കേട്ട ഷിഷിർമരിൻ പ്രകോപനങ്ങൾക്കു പോയില്ലെന്നു രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

Vartha Malayalam News - local news, national news and international news.