ഇതാണ് ആ റിവ്യൂ.... മോഹൻലാലിനോട് അഴിഞ്ഞഭിനയിക്കാൻ ബി. ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു, അദ്ദേഹം അങ്ങ് അഴിഞ്ഞാടി. ആ അഴിഞ്ഞാട്ടത്തിന് അവർ പേരിട്ടു– ആറാട്ട്.

ആഘോഷത്തിന്റെയും ആവേശത്തിന്റെയും ആറാട്ട്. ആക്‌ഷന്റെയും കോമഡിയുടെയും ആറാട്ട്. മാസിന്റെയും സ്പൂഫിന്റെയും ആറാട്ട്. തിയറ്ററിൽത്തന്നെ പോയി കണ്ട് ആസ്വദിക്കേണ്ട സിനിമയായി ആറാട്ട് മാറുന്നതും ഇക്കാരണങ്ങൾ കൊണ്ടാണ്.

മോഹൻലാലിന്റെ ആറാട്ട്

മോഹൻലാലിന്റെ അഴിഞ്ഞാട്ടമാണ് ആറാട്ട്. തുടക്കം മുതൽ ഒടുക്കം വരെ അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം. അദ്ദേഹമില്ലാത്ത സീനുകൾ സിനിമയിൽ വളരെ കുറവ്. കോമഡിയായും ആക‌്‌ഷനായും മാസ് ഡയലോഗുകളായുമൊക്കെ മോഹൻലാൽ നിറഞ്ഞു നിൽക്കുന്നു. ഉഗ്രൻ സ്റ്റൈലും ലുക്കും കൂടിയാകുമ്പോൾ പിന്നെ വേറെന്തു വേണം.

കോമഡിയുടെ ആറാട്ട്

ഹാസ്യരംഗങ്ങൾക്ക് ഒരു കുറവുമില്ല സിനിമയിൽ. ആക്‌ഷനാണ് സിനിമയിലെ നായകനെങ്കിൽ കോമഡിയാണ് നായിക. ‘രാജമാണിക്യം’ സ്റ്റൈലിൽ ആക്‌ഷനും കോമഡിയും ഇടകലർത്തിയാണ് കഥയുടെ പോക്ക്. മോഹൻലാലിന്റെ ‘തിരോന്തരം’ സ്ലാങ് കോമഡികൾ ചിരി പടർത്തുന്നതാണ്. ഹാസ്യ കഥാപാത്രങ്ങളിൽനിന്ന് ഇടക്കാലത്ത് പിൻവാങ്ങിയ സിദ്ദീഖ് കോമഡി ട്രാക്കിലേക്കു തിരിച്ചെത്തിയെന്നത് ശ്രദ്ധേയം. ജോണി ആന്റണിയുടെ വക്കീൽ കഥാപാത്രവും രസിപ്പിക്കുന്നതായി.

ആക്‌ഷൻ ആറാട്ട്

ആക്‌ഷന്റെ ആറാട്ടാണ് സിനിമയിൽ. മോഹൻലാൽ എന്ന ആക്‌ഷൻ കിങ്ങിനെ പരമാവധി ചിത്രത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘കാലു പിടിത്തം’ വരും ദിവസങ്ങളിൽ സിനിമയെക്കാൾ വലിയ ഹിറ്റാകുമെന്ന കാര്യത്തിൽ സംശയമില്ല. കെജിഎഫ് വില്ലനുമായുള്ള ഫൈറ്റ് സീനും ക്ലൈമാക്സിലെ രംഗങ്ങളുമൊക്കെ മികച്ചു നിൽക്കുന്നു. ആക്‌ഷൻ രംഗങ്ങൾ മികച്ച രീതിയിൽ ചിത്രീകരിക്കാനും സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.

സ്പൂഫ് ആറാട്ട്

മോഹൻലാൽ എന്ന സൂപ്പർതാരത്തെ നെയ്യാറ്റിൻകര ഗോപൻ സിനിമയിലുടനീളം ട്രോളുന്നുണ്ട്. പല ഹിറ്റ് മോഹൻലാൽ സിനിമകളിലെയും രംഗങ്ങൾ സ്പൂഫ് ആയി ഇൗ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നു. അതിൽ പലതും ചിരി പടർത്തുന്നവയുമാണ്. പശ്ചാത്തല സംഗീതമായി, ഡയലോഗുകളായി, പാട്ടുകളായി ഒക്കെ പല രംഗങ്ങളും ആറാട്ടിൽ കടന്നു വരുന്നു.

താരങ്ങളുടെ ആറാട്ട്

അറുപത്തഞ്ചോളം പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നൂറുകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകൾ വേറെയും. ഒാരോ സീനിലും 10 പേരെങ്കിലും ഉണ്ടാകും. ഇതിനു മുൻപ് ഇത്രയധികം ആളുകൾ ഒന്നിച്ച് അഭിനയിച്ച സിനിമ 20–20 ആയിരിക്കും. എല്ലാവർക്കും അവരുടേതായ പ്രാധാന്യം തിരക്കഥാകൃത്ത് സിനിമയിൽ കൊടുത്തിട്ടുമുണ്ട്.

മാസ് ആറാട്ട്

മാസ് സീനുകൾ ഒരുപാടുണ്ട് സിനിമയിൽ. ഗോപന്റെ ഇൻട്രോ രംഗം മുതൽ ക്ലൈമാക്സ് വരെ മാസ്സാക്കിയാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ആരാധകരെ സംതൃപ്തരാക്കുന്നതിനായുള്ള നിരവധി രംഗങ്ങളും സിനിമയിലുണ്ട്. ആക്‌ഷൻ രംഗങ്ങളൊക്കെ മാസ് കലർത്തി അവതരിപ്പിച്ചത് ആരാധകർക്ക് ആവേശകരമായി.

ബജറ്റിന്റെ ആറാട്ട്

സാധാരണ സിനിമകൾ പുറത്തിറങ്ങും മുമ്പ് അതിന്റെ ബജറ്റിനെക്കുറിച്ച് ചില ‘തള്ളലുകൾ’ പതിവാണ്. എന്നാൽ ആറാട്ടിനെ സംബന്ധിച്ച് അങ്ങനെയൊന്ന് ഉണ്ടായിട്ടേയില്ല. എന്നാൽ സിനിമയിലെ ഒാരോ രംഗവും കാണുന്ന പ്രേക്ഷകർക്കു മനസ്സിലാകും എത്രയധികം പണം മുടക്കി എടുത്തിരിക്കുന്ന സിനിമയാണിതെന്ന്. റിച്ചാണ് ഒാരോ ഫ്രെയിമും. ‘എ.ആർ റഹ്മാൻ ഷോ’ പോലെ അസംഭവ്യമെന്ന് കരുതുന്ന പല കാര്യങ്ങളും സിനിമയിൽ സംഭവിച്ചതും ബജറ്റിന്റെ വലുപ്പം കൊണ്ടു തന്നെ.

അണിയറക്കാരുടെ ആറാട്ട്

മോഹൻലാലാണ് സ്ക്രീനിനു മുന്നിൽ അഴിഞ്ഞാടിയതെങ്കിൽ ആ പ്രകടനത്തിനു പിന്നിൽ നിന്ന് കളമൊരുക്കിക്കൊടുത്തത് അണിയറപ്രവർത്തകരാണ്. സംവിധായകനെന്ന നിലയിൽ ബി. ഉണ്ണിക്കൃഷ്ണന്റെ ഏറ്റവും മികച്ച ചിത്രമെന്ന് ആറാട്ടിനെ വിശേഷിപ്പിക്കാം. ഒാരോ സീനും ഷോട്ടുമൊക്കെ അദ്ദേഹം ആസ്വാദ്യകരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. തിരക്കഥയൊരുക്കിയ ഉദയ്കൃഷ്ണയുടെ അക്കൗണ്ടിലേക്ക് മറ്റൊരു ഹിറ്റ‌് ചിത്രമാകും ആറാട്ട്. ഛായാഗ്രഹണം നിർവഹിച്ച വിജയ് ഉലകനാഥും എഡിറ്റർ ഷമീർ അഹമ്മദും ആറാട്ട് സ്റ്റൈലിഷും ഒപ്പം വേഗത്തിലുമാക്കി. സിനിമയ്ക്കു അനുയോജ്യമായ ഗാനങ്ങളും മാസ്സ് രംഗങ്ങൾക്കു മാറ്റു കൂട്ടുന്ന പശ്ചാത്തല സംഗീതവും ഒരുക്കിയ രാഹുൽ രാജും മികവ് പുലർത്തി. ‘തലയുടെ വിളയാട്ടം’ എന്ന തീം സോങും ചിത്രത്തിന്റെ ആവേശഘടകങ്ങളിലൊന്നായിരുന്നു.

ആവേശമാണ് ആറാട്ട്

ആരാധകർക്ക് ആവേശം പകരുന്ന സിനിമയാണ് ആറാട്ട്. അവർക്ക് ആഘോഷിക്കാനുള്ള ചിത്രമാണിത്. ഉണ്ണിക്കൃഷ്ണൻ പറയുന്നതു പോലെ ഇതൊരു അൺറിയലിസ്റ്റിക്ക് എന്റർടെയ്നറാണ്. ലോജിക്കോ കഥയോ പൊളിറ്റിക്കൽ കറക്ട്നസ്സോ ഒന്നും നോക്കാതെ തിയറ്ററിൽ പോയി കണ്ട് കയ്യടിച്ച് ആർപ്പു വിളിച്ചു കാണാവുന്ന ചിത്രം.

Vartha Malayalam News - local news, national news and international news.