മദ്യം വാങ്ങാൻ പുതിയ മാർഗനിർദേശം; വാക്സിൻ, ആർ.ടി.പി.സി.ആർ. രേഖ നിർബന്ധം

തിരുവനന്തപുരം:സംസ്ഥാനത്തെ മദ്യശാലകളിൽനിന്ന് മദ്യം വാങ്ങാൻ ഇനി മുതൽ പുതിയ മാർഗനിർദേശം. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റോ ഉള്ളവർക്കു മാത്രമേ മദ്യം വാങ്ങാനാകൂ. ബുധനാഴ്ച മുതൽ ബിവറേജ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലടക്കം ഈ നിബന്ധന നടപ്പാക്കും. എല്ലാ ഔട്ട് ലെറ്റുകൾക്കും മുന്നിൽ ഇതുസംബന്ധിച്ച നോട്ടീസ് പതിക്കാനും ബിവറേജ് കോർപ്പറേഷൻ നിർദേശം നൽകി. മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മദ്യശാലകൾക്കു മുന്നിൽ കൂടുതൽ പോലീസ് സാന്നിധ്യവും ഉണ്ടാകും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ, രണ്ടാഴ്ചയ്ക്കു മുൻപ് ഒരു ഡോസെങ്കിലും എടുത്തവർ, 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, ഒരു മാസം മുൻപ് കോവിഡ് വന്നുപോയതിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർ- എന്നിങ്ങനെയാണ് ബെവ്‌കോ നിയന്ത്രണം വിശദമാക്കുന്നത്. ഇതു പാലിക്കുന്നവർക്കു മാത്രമേ മദ്യശാലകളിൽ പ്രവേശനം അനുവദിക്കൂ. കടകൾക്കുള്ള മാനദണ്ഡം മദ്യശാലകൾക്കും ബാധകമാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

Vartha Malayalam News - local news, national news and international news.