അസറുദ്ദീൻ ഐപിഎൽ ടീമുകളുടെ റഡാറിൽ ; ലേലത്തിൽ ഡിമാൻഡ് കൂടും

മുഷ്താഖ് അലി ട്രോഫിയിൽ ഇന്നലെ മുംബൈയ്ക്കെതിരെ നേടിയ വെടിക്കെട്ട് സെഞ്ചുറി കേരളത്തിന്റെ യുവ ഓപ്പണിംഗ് ബാറ്റ്സ്മാൻ മൊഹമ്മദ് അസറുദ്ദീന്റെ ജീവിതം മാറി മറിക്കുമെന്ന കാര്യം ഉറപ്പ്. 54 പന്തിൽ 137 റൺസെടുത്ത് പുറത്താകാതെ നിന്ന ഈ ഇന്നിംഗ്സിലൂടെ ഇപ്പോൾ ഐപിഎൽ ഫ്രാഞ്ചൈസികളുടെ നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ് ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ. പതിനാലാം എഡിഷൻ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലം അടുത്ത മാസം നടക്കാനിരിക്കെ അസറുദ്ദീന് വേണ്ടി ശക്തമായ മത്സരം തന്നെ നടന്നേക്കും.

നേരത്തെ പുതുച്ചേരി ക്കെതിരെ നടന്ന ആദ്യ മത്സരത്തിലും കേരളത്തിനായി വെടിക്കെട്ട് ബാറ്റിംഗ് അസറുദ്ദീൻ പുറത്തെടുത്തിരുന്നു. അന്ന് 18 പന്തുകളിൽ 4 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 30 റൺസ് നേടിയ അസറുദ്ദീന്, മത്സരത്തിൽ ലഭിച്ച മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാൻ കഴിയാതെ പോവുകയായിരുന്നു. എന്നാൽ മുംബൈയ്ക്കെതിരെ അതിന്റെ ക്ഷീണം കൂടി ഈ വലം കൈയ്യൻ ബാറ്റ്സ്മാൻ തീർത്തു‌.

മത്സരത്തിൽ നേരിട്ട ആദ്യ പന്ത് മുതൽ ആക്രമണം പുറത്തെടുത്ത, അസറുദ്ദീൻ മൂന്നക്കം തികച്ചത് വെറും 37 പന്തുകളിൽ. 11 തവണയാണ് അദ്ദേഹത്തിന്റെ വില്ലോയിൽ നിന്ന് പന്ത് അതിർത്തി വരയ്ക്ക് മുകളിലൂടെ പറന്നത്. അതിൽ പലതും ചെന്ന് പതിച്ചത് ഗ്യാലറിയിൽ. പോക്കറ്റ് ഡൈനാമിറ്റായ മൊഹമ്മദ് അസറുദ്ദീന്റെ വെടിക്കെട്ട് ബാറ്റിംഗ് ഐപിഎൽ ഫ്രാഞ്ചൈസികളെല്ലാം ശ്രദ്ധിച്ചു കഴിഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎൽ ലേലത്തിൽ താരത്തിനായുള്ള ഡിമാൻഡ് വളരെ കൂടുതലായിരിക്കും എന്നത് തീർച്ച.

മൊഹമ്മദ് അസറുദ്ദീന്റെ സെഞ്ചുറിയുടെ പ്രത്യേകതകൾ

ഒരു കേരളാ താരത്തിന്റെ ആദ്യ ടി20 സെഞ്ചുറി

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി

ടി20 ക്രിക്കറ്റിൽ ഒരിന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ മൂന്നാം സെഞ്ചുറി

4‌. ടി20 ക്രിക്കറ്റിൽ ഒരിന്ത്യൻ താരത്തിന്റെ ഏറ്റവുമുയർന്ന മൂന്നാമത്തെ സ്കോർ.

Vartha Malayalam News - local news, national news and international news.