ബെംഗളൂരുവില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും; വെള്ളക്കെട്ട്,മരങ്ങള്‍ കടപുഴകി; ഒരാൾ മരിച്ചു

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തില്‍. മഴക്കെടുതിയിൽപ്പെട്ട് ഇരുപത്തിരണ്ടുകാരിയ്ക്ക് ദാരുണാന്ത്യം. ആന്ധ്ര പ്രദേശ് സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ ഭാനുരേഖയാണ് മരിച്ചത്.

അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാർ മുങ്ങിയതോടെ യാത്രക്കാരിയായ ഭാനുരേഖ അപകടത്തിൽപ്പെടുകയായിരുന്നു. യുവതിയ്‌ക്കൊപ്പം മറ്റ് അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന യുവതി കുടുങ്ങി പോവുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഭാനുരേഖയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ കനത്തതോടെ റോഡുകള്‍ വെള്ളത്തിലായി. നഗരത്തിലെ വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഉച്ച തിരിഞ്ഞ് മൂന്നു മണി മണിയോടെയാണ് അതിശക്തമായ മഴ പെയ്തത്‌. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴ വര്‍ഷവുമുണ്ടായി.

ഐ.പി.എല്‍ മത്സരം നടക്കേണ്ട ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെള്ളം കയറിയതോടെ മഴ മത്സരത്തെ ബാധിച്ചേക്കുമോയെന്ന ആശങ്കയുണ്ട്.

മഴ മെയ് 24 വരെ തുടര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കുന്നത്. ശനിയാഴ്ച രാത്രിയില്‍ നഗരത്തില്‍ 33 മീ.മീ മഴ ലഭിച്ചിരുന്നു. വിവിധയിടങ്ങളില്‍ ഇടി മിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മല്ലേസ്വരം, തെക്കന്‍ ബെംഗളൂരു ഉള്‍പ്പടെയുള്ള ഭാഗങ്ങളിലാണ് ആലിപ്പഴ വര്‍ഷമുണ്ടായത്.

Vartha Malayalam News - local news, national news and international news.