ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജിവെച്ചു

ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജി വെച്ചു. ജലന്ധ‍ര്‍ ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. ഇനി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ സ്വയം രാജി വെക്കുകയായിരുന്നുവെന്നും ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിക്കുന്നത്. ജലന്ധ‍ര്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വീഡിയോ സന്ദേശത്തിൽ ഫ്രാങ്കോ മുളയ്ക്കലും പറയുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹ‍ര്‍ജി ഹൈക്കോടതിയുടെ പരിഗണനയിരിക്കെയാണ് ബിഷപ്പിന്റെ രാജി. 

ലൈംഗിക പീ‍ഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. ആദ്യമൊക്കെ ബലാത്സംഗത്തെ എതിർത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പിന്നീട് ഉന്നയിച്ചത്. എന്നാൽ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്‍റെ സന്ദർശനങ്ങളും മൊബൈൽ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥർ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി. 

Vartha Malayalam News - local news, national news and international news.