വീണ്ടും ജർമനി റെയ്ഡ് ചെയ്യാൻ ചെൽസി; ലക്ഷ്യം വയ്ക്കുന്നത് മധ്യനിരതാരത്തെ

ഈ സീസൺ തുടക്കത്തിൽ ഇം​ഗ്ലീഷ് ക്ലബ് ചെൽസി, ജർമനിയിൽ നിന്ന് രണ്ട് വൻ സൈനിങ്ങാണ് നടത്തിയത്. കായ് ഹാവർട്ട്സും ടീമോ വെർണറുമാണ് ജർമൻ ക്ലബുകളിൽ നിന്ന് ചെൽസിയിലെത്തിയത്. ഇവരുടെ പ്രകടനത്തിൽ ഇതുവരെ ക്ലബ് ആരാധകർ തൃപ്തരല്ല, എങ്കിലും വീണ്ടും ട്രാൻസ്ഫറിനായി ജർമനിയിലേക്ക് കണ്ണെറിയുകയാണ് ചെൽസി.

ബുന്ദസ്‌ലി​ഗ ക്ലബ് ബൊറൂസിയ മോൻഷെൻ​ഗ്ലാഡ്ബാഷിന്റെ മധ്യനിരതാരം ജോനാസ് ഹോഫ്മാനെയാണ് ചെൽസി ലക്ഷ്യം വയ്ക്കുന്നത്. ജർമൻ പത്രമായ ബിൽഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ബുന്ദസ്‌ലി​ഗ സീസണിൽ ഇതുവരെ 21 മത്സരങ്ങളിൽ നിന്ന് ആറ് ​ഗോൾ നേടിയ ഫോഫ്മാൻ പത്ത് ​ഗോളിന് വഴിയൊരുക്കി വലിയ ശ്രദ്ധനേടി.

സീസണൊടുവിൽ ​ഗ്ലാഡ്ബാഷ് പരിശീലകൻ മാർക്കോ റോസ്, ബൊറൂസിയ ഡോർഡട്ട്മുണ്ടിന്റെ ചുമതലയേൽക്കും. ഇതോടെ കുറേ താരങ്ങൾ ​ഗ്ലാഡ്ബാഷ് വിടുമെന്നാണ് സൂചന. 2023 വരെ ക്ലബുമായി കരാറുണ്ടെങ്കിലും ഹോഫ്മാനും ഇതിലൊരളാണെന്നാണ് വാർത്തകൾ.

മുമ്പ് ഹോഫ്മാനെ ഡോർട്ട്മുണ്ടിൽ പരിശീലിപ്പിച്ച പരിചയമുണ്ട് ചെൽസി പരിശീലകനായ തോമസ് ടുഷേലിന്. ഈ ബന്ധമുപയോ​ഗിച്ച് ജർമൻ താരത്തെ റാഞ്ചാനാണ് ചെൽസി ശ്രമം. ബിൽഡിന്റെ റിപ്പോർട്ട് പ്രകാരം ടുഷേൽ ഹോഫ്മാന്റെ പ്രതിനിധികളുമായി ചർച്ച നടത്തിക്കഴിഞ്ഞു.

Vartha Malayalam News - local news, national news and international news.