ആശുപത്രി മാലിന്യത്തിൽ കുഞ്ഞിന്റെ മൃതദേഹം: അനക്കമില്ലാതെ പൊലീസ്*

കോട്ടയം ∙ എറണാകുളത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തിച്ച ആശുപത്രി മാലിന്യത്തിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഇടപെടൽ വൈകുന്നു. സംഭവത്തിൽ മാലിന്യ സംസ്കരണ കേന്ദ്രം അധികൃതർ പരാതി തന്നിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്.

ആശുപത്രികളിലെ ബയോമെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള കേരള എൻവയ്റോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പ്രവർത്തിക്കുന്നത് എറണാകുളം അമ്പലമുകൾ സ്റ്റേഷൻ പരിധിയിലാണ്.

മൃതദേഹം സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യമില്ലാത്തതിനാൽ ചിത്രങ്ങൾ എടുത്തു വച്ച ശേഷം ഇൻസിനറേറ്ററിൽ സംസ്കരിച്ചുവെന്നാണു മാലിന്യ സംസ്കരണ കേന്ദ്രം അധികൃതർ പറയുന്നത്.

കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ മാലിന്യ കവറിന്റെ ബാച്ച് പരിശോധിച്ചതിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിൽ നിന്നു കൊണ്ടുവന്ന കൂടിലാണ് മൃതദേഹം കണ്ടതെന്നായിരുന്നു പ്ലാന്റ് മാനേജർ അറിയിച്ചത്.

എന്നാൽ, ആഭ്യന്തര അന്വേഷണം പൂർത്തിയായെന്നും കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ഇത്തരത്തിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പുറത്തേക്കു പോയിട്ടില്ലെന്നു തെളിഞ്ഞതായും സൂപ്രണ്ട് ടി.കെ.ജയകുമാർ അറിയിച്ചു.

സംഭവിച്ചത് ഗുരുതര വീഴ്ച?

സംഭവത്തിൽ മാലിന്യ സംസ്കരണ ഏജൻസിയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്നു നിയമ വിദഗ്ധർ. ‌രേഖകളില്ലാതെ ‌കുഞ്ഞിന്റെ മൃതദേഹം ലഭിച്ചാൽ അക്കാര്യം പൊലീസിൽ അറിയിക്കുകയും പോസ്റ്റ്മോർട്ടം നടത്തുകയും വേണം. കുഞ്ഞിന്റെ മരണം അസ്വാഭാവിക മരണമാണോ എന്നു കണ്ടെത്തുന്നതിനുള്ള സാധ്യതയാണ് മാലിന്യ സംസ്കരണ ഏജൻസി ഇല്ലാതാക്കിയത്.

Vartha Malayalam News - local news, national news and international news.