പൊതുഖജനാവിലെ 14 ലക്ഷം കാമുകിക്ക് നല്‍കി; സര്‍ക്കാര്‍ ജീവനക്കാരനും യുവതിയും അറസ്റ്റില്‍

ബെം​ഗളൂരു: പൊതുഖജനാവില്‍‍നിന്ന് 14 ലക്ഷം രൂപ കാമുകിക്ക് നല്‍കിയ സര്‍ക്കാര്‍ ജീവനക്കാരനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ജീവനക്കാരനെയും സുഹൃത്തിനെയുമാണ് സിറ്റി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. യെലഹങ്ക ന്യൂ ടൗണ്‍ സ്വദേശികളായ പ്രകാശ് എംകെ (39), കാഞ്ചന (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സെക്കന്‍ഡ് ഡിവിഷന്‍ അസിസ്റ്റന്റായി (എസ്ഡിഎ) ജോലി ചെയ്തിരുന്ന പ്രകാശ് വാര്‍ഷിക ഓഡിറ്റിന് രേഖകള്‍ സമര്‍പ്പിക്കാന്‍ വൈകി. സംഭവം ചൂണ്ടിക്കാട്ടി ബൈതരായണപുരയിലെ ബിബിഎംപി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (പവര്‍) രാജേന്ദ്ര നായിക് പരാതി നല്‍കി. പലതവണ ഓര്‍മ്മപ്പെടുത്തുകയും വാക്കാലുള്ള നിര്‍ദ്ദേശം നല്‍കിയിട്ടും ഓഡിറ്റ് രേഖകള്‍ പ്രകാശ് സമര്‍പ്പിച്ചില്ല. സംഭവം പ്രശ്നമായതോടെ മുന്‍കൂര്‍ അറിയിക്കാതെ ഓഫീസില്‍ വരുന്നത് അദ്ദേഹം നിര്‍ത്തിയതായി നായിക് പരാതിയില്‍ പറഞ്ഞു. 2021-22 സാമ്ബത്തിക വര്‍ഷത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളില്‍ പ്രതി ചെക്കുകളിലും രേഖകളിലും കൃത്രിമം കാണിച്ചതായും 2021 നവംബറിനും 2022 ഓഗസ്റ്റിനുമിടയില്‍ 14,07,822 രൂപ കാഞ്ചനയ്ക്ക് കൈമാറിയതായും പൊലീസ് പറഞ്ഞു.

പ്രകാശ് നല്‍കിയ പണം കാഞ്ചന സ്വര്‍ണം വാങ്ങാനും ആഡംബര ജീവിതം നയിക്കാനും ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് എന്‍ജിനീയര്‍ ബിബിഎംപി ഹെഡ് ഓഫീസില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഫണ്ട് കൈമാറ്റത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Vartha Malayalam News - local news, national news and international news.