സ്വന്തം ജനങ്ങളെത്തന്നെ കൊന്നൊടുക്കാന്‍ മടിക്കാത്ത ഏകാധിപതികളുടെ അന്ത്യം ഏങ്ങനെയായിരുന്നു?

ഒരു കാലത്ത് മാളികമുകളേറി വിരാജിച്ച്, സ്വന്തം പ്രജകൾക്കുമേൽ അത്യാചാരങ്ങൾ പ്രവർത്തിച്ച്, അവരെ പരമാവധി ഗതികെടുത്തിയ പല സ്വേച്ഛാധിപതികളും മരിച്ചത്, മിക്കപ്പോഴും പ്രയാസപ്പെട്ട് അപമാനിതരായിത്തന്നെയാണ്. ചുരുക്കം ചില ആരാധകർ ഒഴിച്ച് മറ്റാരും തന്നെ ആ വിയോഗങ്ങളിൽ ഒരിറ്റു കണ്ണുനീർ പോലും പൊഴിച്ചില്ല. പലരും ശത്രുക്കളാൽ വധിക്കപ്പെട്ടു. ചിലർ ശത്രുക്കളാൽ പിടിക്കപ്പെടുമ്പോൾ ഉണ്ടായേക്കാവുന്ന അപമാനവും, പീഡനങ്ങളും ഭയന്ന് പിടിയിൽ അകപ്പെടും മുമ്പ് തന്നെ ആത്മാഹുതി ചെയ്തു. സ്വാഭാവികമായ കാരണങ്ങളാൽ സ്വച്ഛന്ദമൃതിയടഞ്ഞ ചുരുക്കം ചില അപവാദങ്ങൾ പോലും, തീർത്തും ഏകാന്തമായ ചുറ്റുപാടുകളിൽ തങ്ങളുടെ സ്വാധീനം പരമാവധി ക്ഷയിച്ചു എന്ന് ബോധ്യപ്പെട്ടുതന്നെയാണ് അന്ത്യശ്വാസം വലിച്ചിട്ടുള്ളത്. അങ്ങനെയുള്ള പത്തു സ്വേച്ഛാധിപതികളുടെ മരണങ്ങളെപ്പറ്റി. 

1.ബെനിറ്റോ മുസോളിനി (ഇറ്റലി): 

ഇറ്റലിയിൽ ദീർഘകാലം ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ തലപ്പത്തിരുന്ന നേതാവാണ് മുസോളിനി.1943 ജൂലൈയിൽ രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെടുന്നതോടെ മുസ്സോളിനിയ്ക്ക് ഭരണം നഷ്ടമാവുന്നു. ഭരണത്തിൽ നിന്നും പുറത്തായതിന് പിന്നാലെ അദ്ദേഹം അറസ്റ്റു ചെയ്യപ്പെടുന്നു. സെപ്തംബർ വരെ മധ്യ ഇറ്റലിയിലെ ക്യാംപോ ഇമ്പേറാത്തോർ എന്ന ഹോട്ടലിൽ തടവിൽ കഴിയുന്ന മുസ്സോളനിയെ ഒടുവിൽ ജർമൻ പാരാ ട്രൂപ്പർമാർ രക്ഷപ്പെടുത്തി ജർമനിയിലെത്തിക്കുന്നു. പിന്നീട് ഉത്തര ഇറ്റലിയിലെ ലൊംബാർദിയിൽ കഴിയുന്നു ശിഷ്ടകാലം. അവിടെവെച്ച് മുസോളിനി പറയുന്നുണ്ട്, "ഏഴുവർഷം മുമ്പ് ഞാനൊരു സരസനായിരുന്നു.. ഇന്ന് വെറും പിണം.. " എന്ന്. ആസന്നമായ തന്റെ മരണത്തെ ഒരുപക്ഷേ, മുസോളിനി അപ്പോഴേ പ്രതീക്ഷിച്ചിരുന്നു.  

ഇതുപറഞ്ഞു മാസങ്ങളൾക്കുള്ളിൽ അക്ഷരാർത്ഥത്തിൽ പിണമാവുന്നുണ്ട് മുസോളിനി. തന്റെ കാമുകി ക്ളാരാ പെട്ടാച്ചിയുമായി സ്പെയിനിലോട്ട് കടക്കാൻ ശ്രമിക്കവേ മുസോളിനി കമ്യൂണിസ്റ്റ് പോരാളികളുടെ കയ്യിൽ ചെന്നുപെടുന്നു. അവർ മുസോളിനിയെ വിചാരണ ചെയ്ത് വെടിവെച്ചു കൊന്നുകളഞ്ഞു. എന്നിട്ട് മുൻകാലങ്ങളിൽ മുസോളിനി ആന്റി-ഫാസിസ്റ്റ് പോരാളികളെ കൊന്നുകെട്ടിത്തൂക്കിയിരുന്ന അതേ സ്ഥലത്ത് അദ്ദേഹത്തിന്റെ ശവവും തലകീഴായി തൂങ്ങിയാടി. മുസോളിനിയുടെ 

ക്രൂരതകൾക്ക് ഇരയായിരുന്നവരുടെ ബന്ധുക്കൾ ആ ശവങ്ങൾക്കു നേരെ കാറിത്തുപ്പി.. കല്ലെറിഞ്ഞു. അതിന്റെ ഫോട്ടോഗ്രാഫുകൾ അന്ന് പരക്കെ പ്രചരിച്ചു പോന്നു. ആളുകൾ പണം കൊടുത്തുവരെ വാങ്ങി സൂക്ഷിച്ചിരുന്നു അത് എന്ന് അന്നത്തെ ബിബിസി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

2. ജോസഫ് സ്റ്റാലിൻ (റഷ്യ ):

സ്റ്റാലിന്റെ കരങ്ങളാൽ വിധിക്കപ്പെട്ടവരുടെ കണക്കെടുക്കുക ക്ലിഷ്ടമാണ്. സ്റ്റാലിൻ വധശിക്ഷ നടപ്പിലാക്കിയിട്ടുള്ളവരുടെ ഔദ്യോഗികസംഖ്യ മുപ്പതുലക്ഷമാണ്. എന്നാൽ, സ്റ്റാലിന്റെ നയങ്ങൾ കൊണ്ടുണ്ടായ ക്ഷാമങ്ങളിൽ മരിച്ചവരുടെ കണക്കുകൂടി പരിഗണിച്ചാൽ അത് ഒന്നരക്കോടിക്കും , രണ്ടു കോടിക്കും ഇടയിൽ വരുമെന്നാണ് ആധുനിക ചരിത്രകാരന്മാർ പറയുന്നത്. സ്റ്റാലിൻ ദീർഘകാലം ( തന്റെ എഴുപത്തിമൂന്നാമത്തെ വയസ്സുവരെ )പ്രത്യേകിച്ചു അസുഖങ്ങളൊന്നും കൂടാതെ സുഖമായി ജീവിച്ചു. തന്റെ രാഷ്ട്രീയ രംഗത്തെ സഹപ്രവർത്തകരോടൊപ്പം ഒരു ചർച്ചയും ഡിന്നറും കൂടി അതിനുശേഷം ഒരു സിനിമയും കണ്ടശേഷം 1953 മാർച്ച് ഒന്നാം തീയതി ഉറങ്ങാനായി തന്റെ കിടപ്പറയിലേക്ക് പോയ സ്റ്റാലിൻ രാവിലെ ഏറെ വൈകിയിട്ടും പുറത്തുവന്നില്ല. മണി പതിനൊന്നായിട്ടും കാണാതിരുന്നപ്പോഴാണ് സ്റ്റാലിന്റെ ഭൃത്യന്മാർക്ക് വാതിലിൽ ചെന്നൊന്നു മുട്ടാനുള്ള ധൈര്യമുണ്ടായത്. ബലമായി വാതിൽ തുറന്നകത്തുചെന്നു നോക്കിയപ്പോൾ ഒരു മേജർ സ്‌ട്രോക്കും കഴിഞ്ഞ് തറയിൽ മൂത്രത്തിൽ കുളിച്ചുകിടക്കുന്ന സ്റ്റാലിനെയാണ് അവർ കാണുന്നത്. 

തറയിൽ നിലച്ചുകിടന്നിരുന്ന വാച്ചിലെ സമയം സൂചിപ്പിച്ചിരുന്നത് സ്ട്രോക്ക് വന്നത് രാവിലെ ആറരയ്ക്കാവും എന്നാണ്. മാർച്ച് അഞ്ചാം തീയതി വരെയൊക്കെ സ്റ്റാലിൻ ഒരുവിധം പിടിച്ചുനിന്നു.സ്റ്റാലിന്റെ അന്ത്യനിമിഷങ്ങളെക്കുറിച്ച് മകൾ സ്വെറ്റ്ലാന ഇങ്ങനെ എഴുതുന്നുണ്ട്.. " ആ നേരമായപ്പോഴേക്കും പപ്പ കണ്ണുതുറന്ന് വളരെ രൂക്ഷമായി ഞങ്ങളെ നോക്കി.. ഒന്നുകിൽ കടുത്ത കോപത്തിൽ.. അല്ലെങ്കിൽ അതിതീവ്രമായ മരണഭയത്തോടെ.. എന്നിട്ട് ഒരു നിമിഷനേരത്തേക്ക് കയ്യുയർത്തി ആകാശത്തേക്കൊന്നു വിരൽ ചൂണ്ടി വിറപ്പിച്ചു.. അടുത്ത ഒരു നിമിഷനേരത്തെ പിടച്ചിലിനുശേഷം പ്രാണൻ ആ ദേഹം വിട്ടുപോയി.. "

3. അഡോൾഫ് ഹിറ്റ്‌ലർ (ജർമനി ): 

സ്വേച്ഛാധിപതികളുടെ ദീർഘായുസ്സിന് ഒരു അപവാദമാണ് ഹിറ്റ്‌ലർ. രണ്ടാം ലോക മഹായുദ്ധത്തിൽ റഷ്യൻ സേന ജർമ്മൻമണ്ണിൽ മുന്നേറ്റം തുടർന്നപ്പോൾ റേയ്ഷ് ചാൻസലറി ബിൽഡിങ്ങിനു പിന്നിലെ ബങ്കറിൽ ഒളിവിലായിരുന്നു ഹിറ്റ്‌ലർ. മരണം അടുത്തുവരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ ഹിറ്റ്‌ലർ പിന്നെ സ്വന്തം നിലയ്ക്ക് മരണം വരിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി. 

മുസ്സോളിനിയുടെ മരണത്തെപ്പറ്റിയും , മരണാനന്തരം മൃതദേഹത്തിനേറ്റ അപമാനത്തെപ്പറ്റിയുമൊക്കെ കേട്ടറിഞ്ഞ ഹിറ്റ്ലർ തന്റെ മൃതദേഹം മരണാനന്തരം ഉടനടി കത്തിച്ചുകളയാൻ വേണ്ട ഏർപ്പാടുകൾ ഉണ്ടാക്കി. തന്റെ കാമുകിയായിരുന്ന ഇവാ ബ്രൗണിനെ തിരക്കിട്ട് വിവാഹം കഴിച്ചു. സയനൈഡ് ഗുളികകൾ വരുത്തിച്ചു. ആദ്യം ആ ഗുളികകൾ ജർമ്മനിയിലെ അന്നത്തെ പ്രചാരണ വകുപ്പ് മന്ത്രിയായിരുന്ന ജോസഫ് ഗീബൽസിന്റെ മക്കൾ വളർത്തിയിരുന്ന നായ്ക്കളുടെ മേൽ പരീക്ഷിച്ചുറപ്പിച്ചു. 

മരണത്തിനായി നിശ്ചയിച്ചുറപ്പിച്ചിരുന്ന നേരമെടുത്തപ്പോൾ ബ്രൗണും , ഹിറ്റ്‌ലറും കൂടി ബങ്കറിനുള്ളിലേക്ക് പോയി. ബ്രൗൺ സയനൈഡ് കഴിക്കുകയും , ഹിറ്റ്‌ലർ തന്റെ നെറ്റിയിലേക്ക് നിറയൊഴിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മരണം ഉറപ്പിച്ചുടൻ ഹിറ്റ്ലറുടെ അനുയായികൾ മൃതദേഹം അഗ്നിക്കിരയാക്കി. കത്തിത്തീരും മുമ്പ് റഷ്യൻ പട്ടാളം ഹിറ്റ്‌ലറെ തേടിയെത്തി. തീയണച്ച് മരിച്ചത് ഹിറ്റ്‌ലർ തന്നെയെന്നുറപ്പിച്ച ശേഷം അവർ ആ മൃതദേഹങ്ങൾ നശിപ്പിച്ചു. സ്മാരകങ്ങൾ വല്ലതും ഉയർന്നുവന്നാലോ എന്ന ഭയത്താൽ വളരെ രഹസ്യമായായിരുന്നു മൃതദേഹങ്ങൾ നശിപ്പിച്ചതെന്നുമാത്രം. 

4. നിക്കോളാസ് ചൗഷെസ്ക്യൂ ( റൊമാനിയ ):

റൊമാനിയയിലെ അവസാനത്തെ കമ്യൂണിസ്റ്റ് നേതാവായിരുന്ന ചൗഷെസ്ക്യൂ മരണപ്പെടുന്നത് 1989 -ലെ ക്രിസ്‌മസ്‌ സന്ധ്യയിലാണ്. ചൗഷെസ്ക്യൂവിന്റെ നയങ്ങൾക്കെതിരെ രാജ്യം തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുന്ന കാലം. ഡിസംബർ 21 -ന് നടത്തിയ ഒരു പൊതുപ്രസംഗത്തിലൂടെ ജനങ്ങളെ കയ്യിലെടുക്കാൻ ഒരു അവസാന പരിശ്രമം നടത്തി നോക്കി ചൗഷെസ്ക്യൂ. അന്ന് കൂക്കിവിളിച്ചുകൊണ്ടിരുന്ന കാണികളെ അടക്കിയിരുത്താനാവാതെ പരുങ്ങിപ്പോയ ചൗഷെസ്ക്യൂവിന്റെ ദൃശ്യങ്ങൾ പിന്നീട് അട്ടിമറിശ്രമങ്ങൾക്ക് മരുന്നിട്ടു. കുപിതരായ ജനക്കൂട്ടം കൈകാര്യം ചെയ്യാനൊരുമ്പെടുന്നതിനു നിമിഷങ്ങൾക്ക് മുമ്പ് ചൗഷെസ്ക്യൂ തന്റെ കാമിനി എലേനയുമൊത്ത് ഹെലികോപ്റ്ററിൽ ബുക്കാറെസ്റ്റിലേക്ക് പറന്നു. 

പക്ഷേ, അത് വെറും താത്കാലിക രക്ഷ മാത്രമായിരുന്നു. പട്ടാളം ദമ്പതികളെ പിന്തുടർന്ന് അറസ്റ്റ് ചെയ്‌തു. വിചാരണ ക്കോടതി അവരെ വംശഹത്യ, അഴിമതി എന്നീ ആരോപണങ്ങളിൽ കുറ്റക്കാരെന്നു വിധിച്ച് വധശിക്ഷയ്ക്ക് വിധിച്ചു. കൈകൾ പിറകിലേക്ക് ബന്ധിച്ച് ചുവരോട് ചേർത്തു നിർത്തി ഫയറിങ്ങ് സ്‌ക്വാഡ് അവരെ വെടിയുണ്ടകളാൽ അഭിഷേകം ചെയ്തു. അന്ന് ആ ഫയറിങ്ങ് സ്‌ക്വാഡിൽ അംഗമായിരുന്ന ഡോറിൻ സിർലാൻ അതേപ്പറ്റി ഓർക്കുന്നുണ്ട്, "അവസാന നിമിഷം അദ്ദേഹം എന്റെ കണ്ണുകളിലേക്ക് ഒന്നുറ്റുനോക്കി. മരണം ആസന്നമായിരിക്കുന്നു ചൗഷെസ്ക്യൂവിന് ബോധ്യപ്പെട്ടു.. താൻ അപ്പോൾ , പിന്നീടെപ്പൊഴെങ്കിലുമല്ല.. അപ്പോൾ ആ നിമിഷം മരിക്കാൻ പോവുന്നു എന്നറിഞ്ഞതോടെ അയാൾ പൊട്ടിക്കരയാൻ തുടങ്ങി.. " 

5. മാവോ സെ തുങ് :

 എഴുപതു വർഷങ്ങൾക്കു മുമ്പ് മാവോ സെ തൂങ്ങ് എന്ന ഭരണാധികാരി, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ നേതാവ്, കോമിൻതാങ്ങിൽ നിന്ന് ചൈനയുടെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ, ഈ രാജ്യം അറിയപ്പെട്ടിരുന്നത് 'ഏഷ്യയിലെ രോഗി' എന്നായിരുന്നു. അധികാരമേറ്റെടുത്തതോടെ രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കി മാവോ, കൃഷിയിടങ്ങളും, ഫാക്ടറികളും, മറ്റുള്ള ബിസിനസുകളും ഒക്കെ സർക്കാർ ഉടമസ്ഥതയിലാക്കി. പ്രക്രിയകളെല്ലാം തന്നെ കേന്ദ്രീകൃത സ്വഭാവത്തിലുള്ളതാക്കി. സമത്വസുന്ദരമായ ലോകത്ത് സമൃദ്ധിയുടെ പങ്ക് എല്ലാ പൗരന്മാരും തുല്യമായി ഭാഗിച്ചെടുക്കുന്ന ഒരു ഉദാത്തലോകമാണ് മാവോ വിഭാവനം ചെയ്തത്.  

എന്നാൽ, മാവോയുടെ 'ഗ്രേറ്റ് ലീപ്പ് ഫോർവേഡ്' എന്ന ഗ്രാമവികസന പദ്ധതി പക്ഷേ, പ്രതീക്ഷിച്ചത്ര വിജയമായില്ല. 1959 -നും 61 -നുമിടയിലുള്ള കാലത്ത് ചൈനയിൽ കടുത്ത ക്ഷാമമുണ്ടായി. ലക്ഷക്കണക്കിന് ചൈനീസ് പൗരന്മാരും , മൃഗങ്ങളും വിശന്നു മരിച്ചു. പൊടുന്നനെ രാജ്യത്തെ സമസ്തസ്വത്തുക്കളും ദേശസാൽക്കരിച്ചത് സമ്പദ്‌വ്യവസ്ഥയെ തകർത്തുകളഞ്ഞു. തന്റെ കാലത്ത് ഉണ്ടായ ജീവനാശങ്ങളെയും , ദാരിദ്ര്യങ്ങളെയും ഒക്കെ അന്നുണ്ടായ പ്രളയങ്ങളുടെയും, വരൾച്ചയുടെയും, പേമാരികളുടെയും, ഭൂചലനങ്ങളുടെയും, പകർച്ചവ്യാധികളുടെയും ഒക്കെ കണക്കിലാണ് മാവോ ഉൾക്കൊള്ളിച്ചത്. ഒന്നരകോടിയിലേറെ മരണങ്ങളാണ് 'ഗ്രേറ്റ് ലീപ്പ് ഫോർവേഡ്' കാലത്തുണ്ടായത് എന്നാണ് ഔദ്യോഗിക കണക്ക്. അതിന് മുമ്പും പിമ്പുമുണ്ടായ മരണങ്ങൾ കൂടി ചേർക്കുമ്പോൾ ആ മരണസംഖ്യ ഏതാണ്ട് അഞ്ചു കോടിക്ക് പുറത്തു പോകും. 

തന്റെ ജീവിതത്തിന്റെ അവസാനകാലത്ത് വല്ലാത്തൊരു ആപത് ഭീതി മാവോയെ അലട്ടിയിരുന്നു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ആ സംശയത്തിന്റെ പുറത്താണ് മാവോ സാംസ്‌കാരിക വിപ്ലവം തുടങ്ങുന്നത്. അത് നശിപ്പിച്ചത് ലക്ഷക്കണക്കിന് പേരുടെ സ്വാഭാവിക കുടുംബജീവിതങ്ങളാണ്. ആ വിപ്ലവത്തിൽ സംസ്കാരത്തിന്റെ പൊടിപോലുമുണ്ടായിരുന്നില്ല. ആത്മസുഹൃത്തായ ചൗ എൻ ലായിക്ക് കാൻസർ ബാധിച്ചപ്പോൾ, ചികിത്സാച്ചെലവ് വഹിക്കാൻ പോലും അവസാന നിമിഷം വരെ മാവോ തയ്യാറായില്ല. ചൗ എൻ ലായി ഒടുവിൽ 1976 ജനുവരിയിൽ കാൻസർ മൂർച്ഛിച്ച് മരിക്കുന്നു. എട്ടുമാസങ്ങൾക്ക് ശേഷം മാവോ സെ തുങ് ഹൃദയാഘാതം നേരിട്ടും. സ്വേച്ഛാധിപതികളുടെ യാതനാപൂർണമായ മരണങ്ങൾക്ക് ഒരു അപവാദമാണ് മാവോയുടെ ഈ സ്വച്ഛന്ദമൃത്യു. 

6. പോൾപോട്ട് (കംബോഡിയ ):

കംബോഡിയയിൽ കമ്യൂണിസ്റ്റ് ഗറില്ലാ സൈന്യമായ ഖ്മർ റൂഷിന്റെ അധിപനായി അവിടം ഭരിച്ചിരുന്ന സ്വേച്ഛാധിപതിയായിരുന്ന പോൾപോട്ടിന്റെ ഭരണകാലത്ത്, 1975 മുതൽ 79 വരെ പതിനഞ്ചുമുതൽ ഇരുപതുലക്ഷം വരെ കംബോഡിയക്കാർ പട്ടിണികിടന്നോ, കൊലചെയ്യപ്പെട്ടോ, അടിമപ്പണിയെടുപ്പിക്കപ്പെട്ടോ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പോൾപോട്ടിന്റെ കുപ്രസിദ്ധമായ ഒരു ഡിറ്റൻഷൻ സെന്ററായ S -21ൽ കഴിഞ്ഞിരുന്ന ഇരുപതിനായിരത്തോളം പേർ അതിനെ അതിജീവിച്ച് ആ നരകത്തെക്കുറിച്ച് പുറം ലോകത്തോട് വിളിച്ചുപറഞ്ഞിട്ടുണ്ട്. 

പോൾപോട്ടിന്റെ കാലത്ത് കൊലചെയ്യപ്പെട്ടിരുന്നവരുടെ മൃതദേഹങ്ങൾ 'ചാവുനിലങ്ങൾ' എന്ന പേരിലറിയപ്പെട്ടിരുന്ന ഒരിടത്താണ് മറവുചെയ്തിരുന്നത്. 

ആ കാലത്തെക്കുറിച്ചുള്ള ഒരു സിനിമയുടെ പേരും പിൽക്കാലത്ത് അതുതന്നെയായിരുന്നു. ഖ്മർ പീപ്പിൾസ് കമ്യൂണിസ്റ്റ് പാർട്ടി എന്നായിരുന്നു പോൾപോട്ടിന്റെ പാർട്ടിയുടെ പേര്. ഒരു തീവ്രലെനിനിസ്റ്റ് ലൈനായിരുന്നു പോൾപോട്ടിന്റെത്. അറുപത്തെട്ടിലെ ഖ്മാർ റൂഷ് എന്ന ഗറില്ലാ സേന രൂപീകരിക്കുന്നതോടെ പോൾപോട്ട് ഒരു നേതാവെന്ന നിലയിൽ ശക്തിയാർജ്ജിക്കുന്നു. എഴുപതുകളിൽ അമേരിക്കയാണ് കംബോഡിയയിൽ പട്ടാളജനറൽ ലോൺ നോളും , പ്രിൻസ് നോറോഡോമും തമ്മിൽ നിലനിന്നിരുന്ന വേർതിരിവിന്റെ തീയിൽ എണ്ണയൊഴിക്കുന്നത്. അമേരിക്ക ജനറലി നോളിന്റെ കൂടെയും , ഖ്മർ റൂഷ് പ്രിൻസിന്റെ കൂടെയും അണി ചേർന്നതോടെ പ്രശ്നം രൂക്ഷമായി. വിയറ്റ്നാം യുദ്ധം നടക്കുന്ന സമയവുമായിരുന്നു അത്. വിയറ്റ്‌നാമിൽ നിന്നും പലായനം ചെയ്ത് കംബോഡിയയിൽ അഭയം പ്രാപിച്ചിരുന്നു നോർത്ത് വിയറ്റ്നാമീസിനോട് പൊരുതാൻ സൗത്ത് വിയറ്റ്നാമീസും , അമേരിക്കൻ പട്ടാളക്കാരും കൂടി കമ്പോഡിയയിലേക്ക് മാർച്ച് ചെയ്തു. അന്നത്തെ പ്രസിഡന്റ് നിക്സനാവട്ടെ കംബോഡിയയിൽ ബോംബിങ്ങ് നടത്താനുള്ള അനുമതിയും നൽകി.

 നാലു വർഷം കൊണ്ട് അമേരിക്ക അഞ്ചുലക്ഷം ടൺ ബോംബുകളാണ് കംബോഡിയയുടെ മണ്ണിൽ നിക്ഷേപിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനിടെ ജപ്പാനിൽ ഇട്ടതിന്റെ മൂന്നിരട്ടി. എഴുപത്തി മൂന്നിൽ അമേരിക്കൻ ബോംബിങ്ങ് നിന്നതോടെ ഖ്മർ റൂഷിന്റെ അംഗബലം പെട്ടെന്ന് വർദ്ധിച്ചു. എഴുപത്തഞ്ചിൽ യുദ്ധം അവസാനിച്ച് ഖ്മർ റൂഷ് അധികാരം പിടിച്ചെടുക്കുമ്പോഴേക്കും യുദ്ധക്കെടുതികളിൽപ്പെട്ട് അഞ്ചുലക്ഷത്തോളം കമ്പോഡിയക്കാർ മരിച്ചുകഴിഞ്ഞിരുന്നു. പക്ഷേ, ശരിക്കുള്ള ദുരിതം അവരെ കാത്തിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.  

അധികാരം പിടിച്ചെടുത്ത ഉടനെ ഖ്മർ റൂഷ് ചെയ്തത് തങ്ങളുടെ ശത്രുക്കളെ ഒന്നടങ്കം ആവും വിധമെല്ലാം ശിക്ഷിക്കുക എന്നതാണ്. അവർ ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ എന്നുള്ള ഭേദമൊന്നുമില്ലാതെ സകലരെയും കൃഷിപ്പണിക്ക് നിയോഗിച്ച് കഠിനമായി തൊഴിലെടുപ്പിച്ചു. അവരുടെ എല്ലാം നേരിട്ട് നിയന്ത്രിക്കാൻ തുടങ്ങി. എന്തിന്, തങ്ങളുടെ യൂണിഫോമിലെ കള്ളികൾക്ക് അനുസൃതമായി കംബോഡിയയിൽ കൃഷിയിടങ്ങളുടെ ഡിസൈൻ വരെ അവർ മാറ്റി. കുട്ടികളെ അവരുടെ കുടുംബങ്ങളിൽ നിന്നുമകറ്റി പട്ടാളസ്‌കൂളുകളിൽ ചേർത്ത് പട്ടാളക്കാരാക്കി വളർത്തി. 'ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് ഓഫ് കമ്പൂച്ചിയ' എന്ന് രാജ്യത്തിന്റെ പേര് തന്നെ പോൾപോട്ട് മാറ്റി. എൺപതുകളിൽ ചൈനയിൽ നിന്നും സൈനികസഹായവും , അമേരിക്കയിൽ നിന്നും രാഷ്ട്രീയ പിന്തുണയും ഒക്കെ കിട്ടിയിരുന്നെങ്കിലും പോൾപോട്ടിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരുന്നു. 1991ൽ വെടിനിർത്തൽ നിലവിൽ വന്നു. ഖ്മർ റൂഷ് പിളർന്നു. വിമതർ 1997ൽ പോൾപോട്ടിനെ വീട്ടുതടങ്കലിൽ ആക്കി. 1998 ഏപ്രിൽ 15ന് വന്ന കനത്ത ഹൃദയാഘാതം പോൾപോട്ടിന്റെ ജീവനെടുത്തു.  

മരണാനന്തരവും അപമാനം പോൾപോട്ടിനെ തേടിയെത്തി. ഒരു രാഷ്ട്രത്തലവനെപ്പോലെ അന്തസ്സായി മരണാന്തര ബഹുമതികളോടെ, മതാചാരചടങ്ങുകളോടെ ദഹിപ്പിക്കപ്പെടാനുള്ള യോഗം അയാൾക്കുണ്ടായില്ല. ടയറുകളും, ഒടിഞ്ഞ മരക്കസേരകളും, പാഴ്മരങ്ങളും കൂട്ടിയിട്ട് അതിനിടയിൽ ശവപ്പെട്ടിയിൽ പോൾപോട്ടിന്റെ മൃതദേഹവും വെച്ച് തീകൊളുത്തുകയായിരുന്നു കമ്പോഡിയയിലെ ജനങ്ങൾ. ജീവിച്ചിരുന്ന കാലത്ത് ആ സ്വേച്ഛാധിപതി പ്രവർത്തിച്ച അക്രമങ്ങളോട് അവർക്കുണ്ടായിരുന്ന മരിച്ചാലും അവസാനിക്കാത്ത പ്രതിഷേധത്തിന്റെ പ്രകടനമായിരുന്നു അങ്ങനെയൊരു ചിതയൊരുക്കൽ. 

7. അഗസ്‌തോ പിനോഷെ (ചിലി ):

1973 -ൽ ഒരു പട്ടാള അട്ടിമറിയിലൂടെയാണ് പിനോഷെ ഭരണം പിടിച്ചെടുക്കുന്നത്. എതിർത്തുനിന്നവരെ ഒന്നടങ്കം കൊന്നൊടുക്കുകയും , ആയിരക്കണക്കിന് പാവപ്പെട്ടവരെ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തിട്ടുണ്ട് പിനോഷെ. 1990 -ൽ വളരെ സമാധാനപരമായി പിനോഷെ അധികാരമൊഴിഞ്ഞു കൊടുക്കുകയായിരുന്നു, അന്ന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പാട്രീഷ്യോ ആൽവിൻ അസോക്കറിന്. 1998 -ൽ ബ്രിട്ടനിൽ വെച്ച് തന്റെ പൂർവകാല മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ അദ്ദേഹത്തെ വീട്ടുതടങ്കലിൽ പാർപ്പിച്ചു. ഒടുവിൽ ആരോഗ്യം മോശമായി എന്ന പേരിൽ അദ്ദേഹത്തെ അവർ നാട്ടിലേക്ക് തിരിച്ചയച്ചു. 36 കിഡ്‌നാപ്പിങ്ങ്, ഇരുപത്തിമൂന്ന് കസ്റ്റഡി പീഡനം, ഒരു കൊലപാതകം.. ഇത്രയും കേസിൽ വിചാരണ നേരിടാൻ തുടങ്ങി വെറും രണ്ടുമാസത്തിനുള്ളിൽ 2006 ഡിസംബർ 3ന് . മേല്പറഞ്ഞതിൽ ഒരു കുറ്റത്തിനുപോലും ശിക്ഷിക്കപ്പെടാതെ ബന്ധുമിത്രാദികളാൽ ചുറ്റപ്പെട്ട്, ഒരു പഞ്ചനക്ഷത്ര ആസ്പത്രിയുടെ ഇന്റൻസീവ് കെയർ യൂനിറ്റിനുള്ളിൽ ഡിസംബർ പത്താം തീയതി പൾമണറി എഡിമ വന്ന് ഹൃദയം നിലച്ച് മരിച്ചുപോയി പിനോഷെ.

 ഏകാധിപതികൾ മരണസമയത്ത് യാതന അനുഭവിക്കും എന്ന പതിവിന് ഒരു അപവാദമാണ് പിനോഷെയുടെ മരണം.

8. ഈദി അമീൻ (ഉഗാണ്ട ):

1925 -ൽ ജനിച്ച ഈദി അമീൻ പ്രാഥമിക വിദ്യാഭ്യാസം സിദ്ധിച്ച ശേഷം കിങ്‌സ് ആഫ്രിക്കൻ റൈഫിൾസ് എന്ന ഉഗാണ്ടൻ സൈന്യത്തിൽ ചേർന്ന് സോമാലിയയിലെ യുദ്ധങ്ങളിൽ പങ്കെടുത്ത് റാങ്കുകളിൽ വളരെ വേഗം ഉയർന്ന് രാജ്യത്തെ പട്ടാള മേധാവിയായി. അക്കാലത്ത് ഏതാണ്ട് ഒമ്പതുവർഷത്തോളം ഈദി അമീനായിരുന്നു ഉഗാണ്ടയിലെ ലൈറ്റ് വെയ്റ്റ് ബോക്സിങ്ങ് ചാമ്പ്യൻ. 1966 -ൽ പട്ടാളത്തിലെ കമാണ്ടർ ആവുന്ന അമീൻ 1971 -ലെ ഒരു പട്ടാളവിപ്ലവത്തോടെയാണ് അധികാരത്തിൽ വരുന്നത്.  

ഈദി അമീന്റെ എട്ടുവർഷം നീണ്ടുനിന്ന ഭരണം ഏകദേശം മൂന്നുലക്ഷത്തോളം ഉഗാണ്ടൻ പൗരന്മാരെയാണ് നേരിട്ടോ , അല്ലാതെയോ കശാപ്പുചെയ്തിരിക്കുന്നത്. 72 -ൽ അമീൻ ഇന്ത്യക്കാരെയും , പാക്കിസ്ഥാനികളെയും ഒന്നടങ്കം നാടുകടത്തി. ധൂർത്തടിച്ചുള്ള ഭരണം കാരണം ഉഗാണ്ട പട്ടിണിയിലേക്കും , ക്ഷാമത്തിലേക്കും കൂപ്പുകുത്തി. 1976 ജൂണിൽ പലസ്തീൻ തീവ്രവാദികൾ ഇസ്രായേലി വിമാനം ഹൈജാക്ക് ചെയ്തപ്പോൾ അവരെ സ്വീകരിച്ച് വേണ്ടുന്ന ഭക്ഷണവും , ആയുധവും മറ്റും നൽകി അമീൻ. പക്ഷേ, ഇസ്രായെലി സൈന്യം എന്റെബ്ബെ എയർപോർട്ട് ആക്രമിച്ച് അവരുടെ വിമാനം അമീന്റെ മൂക്കിന് ചുവട്ടിലൂടെ മോചിപ്പിച്ചുകൊണ്ടുപോയത് അമീന് വലിയ ക്ഷീണമായി. 

 

1979 -ൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സൗദി അറേബ്യയിലെ ജിദ്ദയിൽ അഭയം തേടിയ അമീൻ അവിടെ വർഷങ്ങളോളം നിർബാധം താമസിച്ചുപോന്നു. 2003 ജൂണിൽ സംഭവിച്ച ഒരു കിഡ്‌നി തകരാറിൽ അമീൻ കോമയിലായി. രണ്ടുമാസം മാത്രം ആസ്പത്രിയിൽ ചിലവിട്ട ശേഷം അമീൻ ആഗസ്റ്റിൽ മരണപ്പെട്ടു. നിയന്ത്രണാതീതമായിക്കഴിഞ്ഞ അമീന്റെ ശരീരഭാരമാണ് അയാളുടെ ജീവനെടുത്തത് എന്നുപറയാം. മരിക്കുമ്പോൾ ഏകദേശം 220കിലോ ഭാരമുണ്ടായിരുന്നു ഈദി അമീന്. ജനിച്ച വർഷം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും ഏകദേശം 80 വയസ്സുണ്ടായിരുന്നു മരിക്കുമ്പോൾ അമീന്. 

9. സദ്ദാം ഹുസ്സൈൻ (ഇറാക്ക് ) :

2003 -ൽ അമേരിക്ക ഇറാക്ക് അധിനിവേശം നടത്തുന്നതോടെയാണ് സദ്ദാം ഹുസൈന് അധികാരം നഷ്ടമാവുന്നത്. അമേരിക്കൻ പട്ടാളത്തിന്റെ പിടിയിൽ നിന്നും വഴുതിമാറി ഭൂമിക്കടിയിലെ ഒരു ബങ്കറിൽ ഒളിച്ചു പാർത്തിരുന്ന സദ്ദാമിനെ സൈന്യം ഒടുവിൽ കണ്ടുപിടിച്ചു. 1982ൽ 148 ഷിയാ മുസ്ലീങ്ങളെ വധിച്ച കുറ്റത്തിന് കഴുവേറ്റപ്പെടുകയായിരുന്നു സദ്ദാം. വടക്കു കിഴക്കൻ ബാഗ്ദാദിലെ കാമ്പ് ജസ്റ്റിസിലായിരുന്നു കഴുവേറ്റം. കഴുമരത്തിലേക്കുള്ള വഴിയിലും ധീരമായി തന്നെ കീഴ്പ്പെടുത്തിയവരോട് കലഹിച്ചുകൊണ്ടിരുന്നു സദ്ദാം. കഴുത്തിൽ കുരുക്കു മുറുകുമ്പോഴും സദ്ദാം ആഹ്വാനം ചെയ്തത് ഇറാഖിന്റെ രക്ഷകനായ തന്റെ വധത്തിലുള്ള പ്രതികാരമായി അമേരിക്കക്കാരെ ഇറാക്കിൽ നിന്നും തുരത്തിയോടിക്കാനാണ്. ജന്മനാടായ അൽ അജ്വയിൽ തന്നെ അടക്കം ചെയ്തു അന്നു സദ്ദാമിനെ. 

10. മുഅമ്മർ ഗദ്ദാഫി (ലിബിയ ) :

1969 -ൽ ഭരണത്തിലേറിയ ഗദ്ദാഫി 2011 വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് വരെയും ലിബിയയിൽ തന്റെ മേൽക്കൈ നിലനിർത്തിയിരുന്നു. ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട ട്രിപ്പോളിയിൽ നിന്നും പലായനം ചെയ്യും വഴിയാണ് ഗദ്ദാഫി പിടിക്കപ്പെടുന്നതും കൊലചെയ്യപ്പെടുന്നതും. നാറ്റോയുടെ ബോംബ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടോടി ഒരു ഡ്രെയിനേജ് പൈപ്പിനുള്ളിൽ ചെന്നൊളിച്ചിരുന്ന ഗദ്ദാഫിയെ ലിബിയൻ സൈന്യം കണ്ടുപിടിച്ചു. അവർ ഗദ്ദാഫിയെ അടിച്ചും, ബയണറ്റിനു കുത്തിയും പരിക്കേൽപ്പിച്ച ശേഷം ഒടുവിൽ വെടിവെച്ചു കൊല്ലുകയായിരുന്നു. 

"ചരിത്രം ഓർത്തിരിക്കാനാകാത്തവർക്ക് അത് ആവർത്തിക്കാനുള്ള ദുര്യോഗമുണ്ടാകും" - "Those who cannot remember the past are condemned to repeat it."- 

എന്ന സ്പാനിഷ് അമേരിക്കൻ ചിന്തകൻ ജോർജ് സന്തായാനയുടെ ഉദ്ധരണി ഓഷ്വിറ്റ്സിലെ ചുവരുകളിൽ കൊത്തിവച്ചിട്ടുണ്ട്.

തങ്ങൾക്കുമുമ്പ് ഈ ഭൂമിയിൽ കാലംകഴിച്ച സ്വേച്ഛാധിപതികളുടെ മരണം എങ്ങനെയായിരുന്നു എന്ന ഓർമ്മ ഇനിയുള്ളവർക്ക് തങ്ങളുടെ ജീവിതകാലത്ത് ഉണ്ടായിരിക്കണം എന്നതുതന്നെയാണ് ആ ആലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. 

Vartha Malayalam News - local news, national news and international news.