2027ഓടെ ഡീസൽ ഫോർ വീലർ വാഹനങ്ങൾ നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിന് ശുപാർശ

രാജ്യത്ത് 2027 ഓടെ ഡീസൽ വാഹന ഉപയോഗം നിരോധിക്കണമെന്ന് നിർദേശം. നിലവിൽ ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഒരു ദശലക്ഷത്തിലധികം ആളുകൾ വസിക്കുന്ന നഗരങ്ങൾ മലിനീകരണം കുറയ്ക്കുന്നതിനും മറ്റും ഡീസൽ വാഹനങ്ങളിൽ നിന്നു പകരം ഇലക്ട്രിക്, ഗ്യാസ് വാഹനങ്ങളിലേയ്ക്കു മാറണമെന്നും നിർദേശമുണ്ട്. ഇതുസംബന്ധിച്ചുള്ള ശുപാർശ എണ്ണ മാന്ത്രാലയ പാനൽ സർക്കാരിനു കൈമാറി.

. 2070 ഓടെ കാർബൺ ബഹിർഗമനത്തിൽ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുന്നതിന് രാജ്യം 40% വൈദ്യുതിയും പുനരുപയോഗിക്കാവുന്ന സ്രോതസുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കണം. 2030 ന് ശേഷം ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകൾ അനുവദിക്കരുത്. 2024 മുതൽ നഗര ഗതാഗതത്തിനു ഡീസൽ ബസുകൾ പാടില്ല... എണ്ണ മന്ത്രാലത്തിന്റെ ശുപാർശകൾ ഇത്തരത്തിൽ നീളുന്നു.

മുൻ എണ്ണ വകുപ്പ് സെക്രട്ടറി തരുൺ കപൂർ അധ്യക്ഷനായ ഊർജ പരിവർത്തന ഉപദേശക സമിതിയാണ് ശുപാൾശകൾ മുന്നോട്ടുവച്ചിട്ടുള്ളത്. അതേസമയം നിർദേശങ്ങൾ നടപ്പാക്കാൻ പെട്രോളിയം മന്ത്രാലയം കാബിനറ്റ് അനുമതി തേടുമോയെന്ന കാര്യം വ്യക്തമല്ല. രാജ്യത്ത് ഇലക്ട്രിക് വാഹന ഉപയോഗം വർധിപ്പിക്കുന്നതിന്, ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക്, ഹൈബ്രിഡ് വെഹിക്കിൾസ് സ്‌കീം (FAME) നടപ്പാക്കിയിട്ടുണ്ട്.

നിലവിൽ പദ്ധതിയുടെ രണ്ടാംഘട്ടമാണ് പുരോഗമിക്കുന്നത്. പദ്ധതിക്കു കീഴിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് സബ്‌സിഡി അടക്കണുള്ള സഹായങ്ങൾ നൽകുന്നു. ഈ പദ്ധതി മാർച്ച് 31 ന് അപ്പുറം നീട്ടണ കാര്യം സർക്കാർ പരിഗണിക്കണമെന്നു ശുപാർശയുണ്ട്. ഇന്ത്യയിൽ ശുദ്ധീകരിച്ച ഇന്ധന ഉപഭോഗത്തിന്റെ അഞ്ചിൽ രണ്ട് ഭാഗവും ഡീസൽ ആണ്. അതിൽ 80% ഗതാഗത മേഖലയാണ് ഉപയോഗിക്കുന്നത്.

2024 മുതൽ ഇലക്ട്രിക് പവർ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷൻ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് റെയിൽവെയും ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രക്കുകളും കൂടുതൽ ഉപയോഗിക്കണമെന്നും പാനൽ നിർദേശിച്ചു. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ റെയിൽവേ ശൃംഖല പൂർണമായും വൈദ്യുതീകരിക്കുമെന്നാണു നിഗമനം.

ഇന്ത്യയിലെ ദീർഘദൂര ബസുകൾ ദീർഘ കാലത്തേക്ക് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടിവരുമെന്നും, 10- 15 വർഷത്തേക്ക് ഗ്യാസ് പരിവർത്തന ഇന്ധനമായി ഉപയോഗിക്കാമെന്നും പാനൽ വ്യക്തമാക്കി. 2030 -ഓടെ ഊർജ ഉപയോഗത്തിൽ വാതകത്തിന്റെ പങ്ക് നിലവിലെ 6.2% നിന്ന് 15% ആയി ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

2020 നും 2050 നും ഇടയിൽ ഡിമാൻഡ് 9.78% സംയുക്ത ശരാശരി വളർച്ചാ നിരക്കിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ രണ്ട് മാസത്തെ ആവശ്യത്തിന് തുല്യമായ ഭൂഗർഭ വാതക സംഭരണം നിർമ്മിക്കുന്നത് ഇന്ത്യ പരിഗണിക്കണമെന്നും പാനൽ പറഞ്ഞു. അതേസമയം നിലവിൽ ശുപാർശകൾ നടപ്പാക്കുക കടുത്ത വെല്ലുവിളിയാണെന്ന കാര്യം ഉറപ്പാണ്.

Vartha Malayalam News - local news, national news and international news.