സംസ്ഥാനത്ത് 42 തദ്ദേശ വാര്‍ഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

 സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴ് മണിയോടെയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്.വൈകിട്ട് ആറ് മണിവരെയാണ് വോട്ടിംഗ് നടക്കുക.

ശക്തമായ മഴ തുടരുമ്പോഴും വോട്ടര്‍മാരുടെ ആവേശത്തിന് ഒട്ടും കുറവുണ്ടാകാത്ത കാഴ്‌ചയാണ് കാണാന്‍ സാധിക്കുന്നത്. വിവിധ ഇടങ്ങളില്‍ ആളുകള്‍ രാവിലെ തന്നെ വന്ന് വോട്ട് രേഖപ്പെടുത്തി.

ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് കൊച്ചി കോര്‍പറേഷനുഷനുള്‍പ്പെടെ ആറിടത്താണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കൊച്ചി നഗരസഭയിലെ എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ നഗരസഭയിലെ പിഷാരി കോവില്‍, ഇളമനത്തോപ്പ്, കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി, വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂര്‍, നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗണ്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.

കോര്‍പറേഷനിലെ എറണാകുളം സൗത്ത് 62---ാം ഡിവിഷനില്‍ അശ്വതി എസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അനിത വാര്യര്‍ (യുഡിഎഫ്), പത്മജ എസ് മേനോന്‍ (ബിജെപി) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. ബിജെപി അംഗം മിനി ആര്‍ മേനോന്‍ അന്തരിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. കക്ഷിനില: എല്‍ഡിഎഫ് (സ്വതന്ത്രന്‍ ഉള്‍പ്പെടെ--38), യുഡിഎഫ് (-31), ബിജെപി (4).

തൃപ്പൂണിത്തുറ നഗരസഭാ 11-ാം ഡിവിഷനില്‍ (ഇളമനത്തോപ്പ്) പ്രതീഷ് ഇ ടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഷിബു മലയില്‍ (യുഡിഎഫ്), വള്ളി രവി (ബിജെപി) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനായ സിപിഐ എമ്മിലെ കെ ടി സൈഗാള്‍ അന്തരിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.

നാല്‍പ്പത്താറാം ഡിവിഷനില്‍ (പിഷാരി കോവില്‍) സം?ഗീത സുമേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ശോഭന തമ്പി (യുഡിഎഫ്), രതി രാജു (ബിജെപി) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. എല്‍ഡിഎഫ് അംഗം രാജമ്മ മോഹന്‍ അന്തരിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. കക്ഷിനില: എല്‍ഡിഎഫ് (23), ബിജെപി (15), കോണ്‍ഗ്രസ് (8), സ്വതന്ത്രന്‍ (1).

നെടുമ്പാശേരി പഞ്ചായത്ത് 17---ാം വാര്‍ഡില്‍ (അത്താണി ടൗണ്‍) ഡോ. എം പി ആന്റണിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജോബി നെല്‍ക്കര (യുഡിഎഫ്), ജോഷി പൗലോസ് (ബിജെപി) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ് അംഗം പി വൈ വര്‍ഗീസ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. കക്ഷിനില എല്‍ഡിഎഫ് (9), കോണ്‍ഗ്രസ് (-8), സ്വതന്ത്രന്‍ (1).

കുന്നത്തുനാട് പഞ്ചായത്ത് 11----ാം വാര്‍ഡില്‍ (വെമ്പിള്ളി) എന്‍ ഒ ബാബുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പി പി ജോര്‍ജ് (യുഡിഎഫ്), എല്‍ദോ പോള്‍ (ട്വന്റി20) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

കക്ഷിനില: ട്വന്റി20 (11), യുഡിഎഫ്(5), എല്‍ഡിഎഫ് (1).

വാരപ്പെട്ടി പഞ്ചായത്തിലെ ആറാംവാര്‍ഡില്‍ (മൈലൂര്‍) ഷിബു വര്‍ക്കിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കെ കെ ഹുസൈനാണ് യുഡിഎഫിനായി മത്സരിക്കുന്നത്. കക്ഷിനില: എല്‍ഡിഎഫ് (-3), യുഡിഎഫ് (-8), എന്‍ഡിഎ (1 ).

Vartha Malayalam News - local news, national news and international news.