2026 ലോകകപ്പിൽ പങ്കെടുക്കുക 48 ടീമുകൾ; ഇന്ത്യക്കും സാധ്യത

ഫുട്ബോൾ ലോകകപ്പിന്റെ മത്സരക്രമങ്ങളിലും ഘടനകളിലും മാറ്റം വരുത്തി ഫിഫ്. റുവാണ്ടയിലെ കിഗാലിയിൽ നടന്ന ഫിഫ കൗൺസിൽ യോഗത്തിലാണ് 2026ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മുതൽ പുതിയ മത്സരക്രമം പ്രകാരം നടത്താൻ തീരുമാനമായത്. നാല് ടീമുകൾ വീതം 12 ഗ്രൂപ്പുകളാണ് 2026 ഫിഫ ലോകകപ്പിൽ ഉണ്ടാകുക. ആകെ 48 ടീമുകൾ ടൂർണമെന്റിൽ മത്സരിക്കും. ആകെയുള്ള മത്സരങ്ങൾ 104 ആയി ഉയർത്തി. ഏറ്റവും ഒടുവിൽ ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പിൽ ആകെ നടന്നത് 64 മത്സരങ്ങളാണ്. നേരത്തെ മൂന്ന് ടീമുകൾ വീതം 16 ഗ്രൂപ്പുകളാക്കി ടൂർണമെന്റ് സംഘടിപ്പിക്കാനായിരുന്നു ഫിഫ തീരുമാനിച്ചത്. എന്നാൽ അത് ചുരുക്കി 12 ഗ്രൂപ്പിൽ നാല് ടീം വീതം ടൂർണമെന്റ് സംഘടിപ്പിക്കാനാണ് ഫിഫ കൗൺസിൽ യോഗത്തിൽ തീരുമാനമായത്.

പുതിയ ഫിഫ ലോകകപ്പ് ഫോർമാറ്റ്

104 മത്സരങ്ങളാണ് പുതിയ മത്സരഘടന വരുമ്പോൾ ടൂർണമെന്റിൽ അരങ്ങേറാൻ പോകുന്നത്. ഖത്തർ ലോകകപ്പിൽ 64 മത്സരങ്ങളായിരുന്ന സംഘടിപ്പിച്ചിരുന്നത്. ടെലിവിഷൻ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കൂടുതൽ കാണികളെ ലഭ്യമാക്കാം. അതോടൊപ്പം തന്നെ ഫിഫയ്ക്ക് മുൻ ടൂർണമെന്റുകളെക്കാൾ അധിക ടിക്കറ്റും വിൽപന നടത്താം.

2017ലെ ഫിഫ കൗൺസിൽ യോഗത്തിലാണ് 48 ടീമുകളെ 2026 ലോകകപ്പ് മുതൽ പങ്കെടുപ്പിക്കാൻ തീരുമാനമായത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ നടക്കുമ്പോൾ ഒരു ടീം മറ്റ് ടീമുകളുടെ വിജയത്തിനായി കാത്തിരിക്കണം. ഇത് ചിലപ്പോൾ ഒത്തുകളിക്ക് വഴിവെച്ചേക്കും. നിലവിൽ ഇത് പരിഹരിക്കാൻ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളുടെ കിക്കോഫ് ഒരേ സമയത്താണ് നടക്കുക. 1982 സ്പെയിൻ ലോകകപ്പിൽ നടന്ന ഗിയോണിന്റെ അപമാനത്തെ തുടർന്നാണ് ഫിഫാ ഇത്തരത്തിൽ ഒരു മത്സരഘടന സംഘടിപ്പിച്ചത്. എന്നാൽ 2026 ലോകകപ്പിൽ കൊണ്ടുവരുന്ന പുതിയ ഘടനപ്രകാരം അത്തരത്തിൽ ഒരു സന്ദർഭമുണ്ടാകില്ലയെന്നാണ് ഫിഫ വിശദീകരിക്കുന്നത്.

ലോകകപ്പ് സ്വന്തമാക്കാൻ ഒരു ടീം ടൂർണമെന്റിൽ കളിക്കേണ്ടത് എട്ട് മത്സരങ്ങളാണ്. 1974 മുതൽ ഖത്തർ ടൂർണമെന്റ് വരെ ഒരു ടീം ഫൈനൽ വരെ കളിച്ചിരുന്നത് ഏഴ് മത്സരം വീതമായിരുന്നു. പ്രീക്വാർട്ടർ (റൗണ്ട് 16) മുമ്പായി റൗണ്ട് 32ലൂടെയാണ് നോക്ക്ഔട്ട് ആരംഭിക്കുന്നത്. ഗ്രൂപ്പുകളിൽ ആദ്യ സ്ഥാനക്കാർക്കും ആകെ ഗ്രൂപ്പുകളിൽ മുൻപന്തിൽ നിൽക്കുന്ന എട്ട് മൂന്നാം സ്ഥാനക്കാർക്കും ആദ്യ നോക്ക്ഔട്ട് റൗണ്ടിലേക്ക് പ്രവേശിക്കാം.

ടീമുകളുടെ എണ്ണം 32ൽ 48 ആയി വർധിക്കുമ്പോൾ ഇന്ത്യക്ക് സാധ്യത ഉണ്ടെന്ന് പറയാം. കാരണം നിലവിൽ ഏഷ്യ ഭൂഖണ്ഡത്തിന് നൽകുന്ന സ്ലോട്ട് 4.5 ആണ്. പുതിയ കണക്കുകൾ പ്രകാരം 2026 ലോകകപ്പിൽ അത് 8.5 ആയി ഉയർന്നേക്കാം. പക്ഷെ ഫിഫ റാങ്കിങ് പ്രകാരം ഏഷ്യ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 19-ാം സ്ഥാനത്താണ്. അതിനാൽ രണ്ടാം പ്രലിമിനറി ഘട്ടം ജയിച്ചാൽ മാത്രമേ ഏഷ്യൻ യോഗ്യതയിലേക്ക് പ്രവേശിക്കാൻ സാധിക്കുള്ളൂ. നവംബർ 2023 മുതൽ ആദ്യ ഘട്ട യോഗ്യത മത്സരങ്ങൾ ആരംഭിക്കാൻ പോകുകയാണ്. ഒമ്പത് ഗ്രൂപ്പുകളിലായി 36 ടീമുകളാണ് യോഗ്യത ഘട്ടത്തിൽ പങ്കെടുക്കുന്നത്. അതിൽ രണ്ടാം സ്ഥാനത്തെത്തിയാൽ ഏഷ്യൻ യോഗ്യത ഘട്ടത്തിൽ ഇന്ത്യക്ക് പങ്കെടുക്കാം. സാധ്യത വിദൂരതയിലാണെങ്കിലും മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യൻ ദേശീയ ഗാനവും ഫിഫ ലോകകപ്പ് 2026ന്റെ വേദിയിൽ കേൾക്കാൻ സാധിക്കും.

Vartha Malayalam News - local news, national news and international news.