പാച്ചുവും അത്ഭുതവിളക്കും - ഫിലിം റിവ്യൂ 2

നമുക്ക് ചുറ്റുമുള്ളവരെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങള്‍, അവരുടെ ചിരിയും കണ്ണീരും ബന്ധങ്ങളും, ലളിതസുന്ദരമായ ആഖ്യാനങ്ങള്‍. സത്യന്‍ അന്തിക്കാട് പല തലമുറകളില്‍ പെട്ട മലയാളി സിനിമാപ്രേമികളുടെ പ്രിയ സംവിധായകനായത് അത്തരം സിനിമകളിലൂടെയാണ്. അനൂപ് സത്യന് ശേഷം സത്യന്‍ അന്തിക്കാടിന്‍റെ മറ്റൊരു മകന്‍ കൂടി സംവിധായകനായി ആദ്യ ചിത്രവുമായി എത്തുമ്പോള്‍ സ്ക്രീനിലും ഈ അന്തിക്കാടന്‍ പാരമ്പര്യത്തിന്‍റെ തുടര്‍ച്ച കാണാനാവും. ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ പ്രതീക്ഷ പകര്‍ന്നുകൊണ്ടാണ് അഖില്‍ സത്യന്‍റെ അരങ്ങേറ്റം.

പാച്ചു എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന പ്രശാന്ത് ആണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രം. മുംബൈയില്‍ ഒരു ആയുര്‍വേദ മരുന്ന് കമ്പനിയുടെ ഫ്രാഞ്ചൈസി നടത്തുന്ന പാച്ചു 34 വയസുള്ള അവിവാഹിതനാണ്. അയാള്‍ തന്നെ പറയുന്നത് പ്രകാരം പ്രായത്തിന്‍റെ സംഖ്യയ്ക്ക് തതുല്യമായ പെണ്ണുകാണലുകള്‍ ഇതിനകം പാച്ചു നടത്തിയിട്ടുണ്ട്. അമ്മയും അച്ഛനും സഹോദരിയും അടങ്ങുന്ന, ഇഴയടുപ്പമുള്ള കുടുംബമാണ് പ്രശാന്തിന്‍റേത്. ബിസിനസ് ഒക്കെ തെറ്റില്ലാതെ പോകുന്നു. ഇങ്ങനെ സ്വച്ഛന്തം മുന്നോട്ട് പോകുന്ന പാച്ചുവിന്‍റെ ജീവിതത്തില്‍ നാട്ടിലേക്കുള്ള ഒരു യാത്ര ചില അപ്രതീക്ഷിതത്വങ്ങള്‍ കൊണ്ടുവരികയാണ്. ഇതുവരെ സഞ്ചരിക്കാത്ത ചില വഴികളിലൂടെ കടന്നുപോകുന്ന അയാള്‍ ജീവിതത്തില്‍ സമാധാനം നിറയ്ക്കുന്ന ചില തിരിച്ചറിവുകളിലേക്കും എത്തുകയാണ്. ഫഹദ് ഫാസിലാണ് പാച്ചുവിനെ അവതരിപ്പിക്കുന്നത്.

മുംബൈയിലെ പാച്ചുവിന്‍റെ നിത്യജീവിത വഴികളില്‍ നിന്നാണ് ചിത്രത്തിന്‍റെ ആരംഭം. നായകന്‍റെ ഇടപെടലുകളില്‍ നിന്ന് സ്വാഭാവികതയോടെ മറ്റ് കഥാപാത്രങ്ങളെയും സംവിധായകന്‍ പരിചയപ്പെടുത്തുന്നു. ലാളിത്യമുള്ള ഒരു കഥാപാത്രമായി ഫഹദ് എത്തുന്നത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. കൃത്യമായി പറഞ്ഞാല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന് ശേഷം. അത്തരം ചിത്രങ്ങളില്‍ ഫഹദ് നിറയ്ക്കാറുള്ള ഒരു രസം പാച്ചുവിലുമുണ്ട്. ഗൗരവമേറിയ കഥാപാത്രങ്ങള്‍ക്കു ശേഷം ഫഹദിനെ ലളിതമായ ഒരു വേഷത്തില്‍ കാണുന്നതിന്‍റെ ഫ്രഷ്നസും പകരുന്നുണ്ട് ഈ കഥാപാത്രവും ചിത്രവും. ഫഹദിനെ സംബന്ധിച്ച് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ല പാച്ചു. ശാന്തസ്വഭാവിയെങ്കിലും തന്‍റേതായ ജീവിതാകുലതകളൊക്കെയുള്ള പ്രശാന്തിനെ ഫഹദ് അയത്നലളിതമായി ഗംഭീരമാക്കിയിട്ടുണ്ട്. 

പാച്ചുവിന്‍റെ അച്ഛന്‍ വേഷത്തില്‍ മുകേഷും അമ്മയായി ശാന്തികൃഷ്ണയും എത്തുന്ന ചിത്രത്തില്‍ നായികാ കഥാപാത്രം ഹംസധ്വനിയായി എത്തിയിരിക്കുന്നത് അഞ്ജന ജയപ്രകാശ് ആണ്. അച്ഛന്‍- മകന്‍ വേഷത്തില്‍ മികച്ച കെമിസ്ട്രിയോടെ മുകേഷും ഫഹദും അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ മറ്റു ചില കൗതുകമുണര്‍ത്തുന്ന കാസ്റ്റിംഗും ഉണ്ട്. എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ വിജി വെങ്കടേഷ് ആണ് ചിത്രത്തില്‍ ഉമ്മച്ചി എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും മികച്ച താരനിര്‍ണ്ണയവും ഇതാണ്. ഇതുവരെ കാണാത്ത തരത്തില്‍ ഗൗരവസ്വഭാവിയായ ഒരു ബിസിനസുകാരന്‍റെ റോളിലാണ് ചിത്രത്തില്‍ വിനീത് എത്തുന്നത്. ഇതിനൊക്കെയപ്പുറം ഇന്നസെന്‍റിന്‍റെ അവസാന ചിത്രവുമാണ് പാച്ചുവും അത്ഭുവിളക്കും. മുകേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ അടുത്ത സുഹൃത്ത് വാസുവായാണ് ഇന്നസെന്‍റ് സ്ക്രീനില്‍ എത്തുന്നത്. കുറഞ്ഞ സ്ക്രീന്‍ ടൈമിലേ ഉള്ളുവെങ്കിലും തന്‍റേത് മാത്രമായ ചില മാനറിസങ്ങളിലൂടെ സ്ക്രീനില്‍ രസം നിറയ്ക്കുന്നുണ്ട് ഇന്നസെന്‍റ്.

മുംബൈക്കൊപ്പം ഗോവയും കേരളവും പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ ഏറിയ പങ്കും ഗോവയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമാറ്റോഗ്രഫി, സംഗീതം തുടങ്ങി എല്ലാ മേഖലകളിലും മിനിമാലിറ്റിയുടേതായ ഒരു സൗന്ദര്യം സൂക്ഷിക്കുന്നുണ്ട് ചിത്രം. ശരണ്‍ വേലായുധനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍. സംവിധാനത്തിനൊപ്പം ചിത്രത്തിന്‍റെ രചനയും ഒപ്പം എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ സത്യനാണ്. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഏത് വിഭാഗം പ്രേക്ഷകര്‍ക്കും ആസ്വദിക്കാനാവുന്ന തരത്തിലാണ് അഖിലും സംഘവും ഒരുക്കിയിരിക്കുന്നത്. 

Vartha Malayalam News - local news, national news and international news.