നിശ്ചലമായി ജിമെയില്‍; ആഗോള തലത്തില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു

ന്യൂഡൽഹി: ജിമെയില്‍ സര്‍വീസുകള്‍ നിശ്ചലം. ആഗോള തലത്തില്‍ തന്നെ സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി ഉപയോക്താക്കളാണ് സോഷ്യല്‍ മീഡിയയിലൂടെ തടസ്സങ്ങള്‍ നേരിട്ടതായി അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലും നിരവധി പേര്‍ ജിമെയില്‍ സേവനങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്ന് പരാതിപ്പെട്ടിട്ടുണ്ട്.

മെയിലുകള്‍ ഡെലിവെര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും, ജിമെയില്‍ ആപ്പുകള്‍ പ്രതികരണമില്ലാത്ത വിധം ഡൗണ്‍ ആയി പോയതായും പരാതികളുണ്ട്. ജിമെയില്‍ എന്റര്‍പ്രൈസ് സര്‍വീസുകളും തടസപ്പെട്ടിരിക്കുകയാണ്. 1.5 ബില്യണ്‍ യൂസര്‍മാര്‍ ലോകത്താകമാനം ജിമെയിലിനുണ്ട്. 2022ല്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പും ജിമെയിലാണ്. ഭൂരിഭാഗം പേരും ഇമെയിലുകള്‍ ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉന്നയിക്കുന്നത്.

ചിലര്‍ക്ക് മെയിലുകള്‍ അയക്കാനും സാധിക്കുന്നില്ല. ആപ്പും ഡെസ്‌ക്ടോപ്പ് വേര്‍ഷനും ഒരുപോലെ തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം ഡൗണ്‍ ഡിറ്റക്ടര്‍ ജിമെയില്‍ സേവനങ്ങള്‍ തടസ്സപ്പെട്ടതായും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും സ്ഥിരീകരിച്ചു.

ബ്രിട്ടനില്‍ എല്ലായിടത്തും ജിമെയില്‍ സര്‍വീസുകള്‍ നിലച്ചിരിക്കുകയാണ്. ഇത് പിന്നീട് മറ്റ് രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഗൂഗിളിന്റെ സുപ്രധാന സര്‍വീസുകളിലൊന്നാണ് ജിമെയില്‍. നിരവധി പേര്‍ ജിമെയിലിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. സൗജന്യ സര്‍വീസുകള്‍ക്ക് പുറമേ പ്രീമിയം വേര്‍ഷനും ജിമെയിലിനുണ്ട്.

Vartha Malayalam News - local news, national news and international news.