മനുഷ്യൻ ചന്ദ്രനിലേക്ക്... പറക്കാൻ പറക്കും തളിക, ലക്ഷ്യമിടുന്നത് വിപുലമായ പദ്ധതികൾ..

മനുഷ്യന്റെ ചന്ദ്രനിലേക്കുള്ള യാത്രകള്‍ ഒരിടവേളക്കുശേഷം വീണ്ടും സജീവമായിരിക്കുകയാണ്. ഇക്കുറി കൂടുതല്‍ സുസ്ഥിരമായ താവളങ്ങള്‍ നിര്‍മിക്കുകയും ചന്ദ്രനിലെ വിഭവങ്ങള്‍ ഉപയോഗിക്കുകയും ചന്ദ്രനെ മറ്റു ഗോളാന്തര യാത്രകള്‍ക്കുള്ള മനുഷ്യന്റെ ഇടത്താവളമാക്കി മാറ്റുകയുമൊക്കെയാണ് ലക്ഷ്യങ്ങള്‍. ചന്ദ്രനില്‍ പറക്കാന്‍ സാധിക്കുന്ന ഒരു പറക്കും തളിക നിര്‍മിച്ചാണ് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) എൻജിനീയര്‍മാര്‍ ശ്രദ്ധേയരാകുന്നത്. 

വരും ദശകത്തിലെ ഏറ്റവും പ്രധാന ബഹിരാകാശ യാത്രകള്‍ ചന്ദ്രനെ ലക്ഷ്യമിട്ടുള്ളതാവുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യക്ക് പുറമേ അമേരിക്ക, ചൈന, റഷ്യ തുടങ്ങി പല രാജ്യങ്ങളും ചന്ദ്രനെ ലക്ഷ്യമിട്ട് വിപുലമായ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്. ചന്ദ്രനിലെ പ്രകൃത്യാ ഉള്ള ചാര്‍ജ് ഊര്‍ജമാക്കികൊണ്ട് പറക്കാന്‍ ശേഷിയുള്ള സവിശേഷമായ പറക്കും തളികയാണ് എംഐടിയിലെ എൻജിനീയര്‍മാര്‍ രൂപകല്‍പന നടത്തിയിരിക്കുന്നത്.

പൊടിപടലങ്ങളെ ഒരു മീറ്റര്‍ വരെ ഉയരത്തില്‍ പറത്താന്‍ ശേഷിയുള്ള ഉപരിതല ചാര്‍ജ് ഉണ്ട് ചന്ദ്രന്. മനുഷ്യന്റെ മുടി കുത്തനെ നിര്‍ത്താന്‍ പോന്ന ഘര്‍ഷണ വൈദ്യുതിയാണ് ഇതെന്നും എം‌ഐടി സംഘം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചന്ദ്രന്റെ ഉപരിതലത്തിലെ ഈ സവിശേഷത മുതലെടുത്ത് ഗ്ലൈഡര്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസക്കും പദ്ധതിയുണ്ട്. ചെറു അയേണ്‍ ബീമുകള്‍ ഉപയോഗിച്ച് ചന്ദ്രനിലേക്ക് വേണ്ട പറക്കുംതളിക ഒരുക്കാനാകുമെന്നാണ് എംഐടി എൻജിനീയര്‍മാര്‍ അവകാശപ്പെടുന്നത്. 

ജപ്പാന്റെ ഹയേബുസ ദൗത്യമാണ് ഞങ്ങള്‍ മാതൃകയാക്കിയിരിക്കുന്നത്. ചെറു ഛിന്ന ഗ്രഹങ്ങളുടെ ഉപരിതലങ്ങളില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ചെറു ബഹിരാകാശ വാഹനങ്ങളാണ് ഹയേബുസ ദൗത്യത്തിന്റെ ഭാഗമായി ജപ്പാന്‍ വികസിപ്പിച്ചെടുത്തത്. സമാനമായ രീതിയില്‍ ചന്ദ്രന്റേയും മറ്റു ഛിന്ന ഗ്രഹങ്ങളുടേയുമെല്ലാം ഉപരിതലത്തില്‍ പറന്നു നടക്കുന്ന ചെറു പറക്കും തളികകള്‍ നിര്‍മിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും എംഐടി ബഹിരാകാശ ശാസ്ത്ര വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയും പഠനത്തിന്റെ മുഖ്യ പങ്കാളിയുമായ ഒളിവര്‍ ജിയ റിച്ചാര്‍ഡ്‌സ് പറയുന്നു. 

രണ്ട് പൗണ്ട് ഭാരമുള്ള പറക്കും തളികയെ പ്രവര്‍ത്തിപ്പിക്കാന്‍ അയണ്‍ ബൂസ്റ്റ് കൊണ്ട് സാധിക്കുമെന്ന് പ്രാഥമിക പഠനത്തില്‍ സംഘം കണ്ടെത്തിയിരുന്നു. ഓഫ് സ്‌പേസ്‌ക്രാഫ്റ്റ് ആൻഡ് റോക്കറ്റ്‌സ് ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തു. അയണ്‍ ത്രസ്റ്ററുകള്‍ ഉപയോഗിച്ച് ചെറു പറക്കും തളികയെ പറത്താനാകുമെന്നാണ് പ്രതീക്ഷ. പത്ത് കിലോവോട്ട് ശേഷിയുള്ള അയണ്‍ ബൂസ്റ്ററുകള്‍ ഉപയോഗിച്ചാല്‍ സൈക്കി പോലുള്ള ഛിന്നഗ്രഹത്തില്‍ ഉപരിതലത്തില്‍ നിന്നും ഒരു സെന്റിമീറ്റര്‍ ഉയരത്തിൽ എത്താനാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. 50 കിലോവോട്ട് അയണ്‍ ബൂസ്റ്റ് ഉപയോഗിച്ചാല്‍ ചന്ദ്രനിലും സമാനമായ നിലയില്‍ പറക്കാനാകുമെന്നും എംഐടി പഠനം പറയുന്നു.

Vartha Malayalam News - local news, national news and international news.