കാപ്പാട് ഉൾപ്പെടെ രാജ്യത്തെ എട്ട് കടൽ തീരങ്ങൾക്ക് അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് അംഗീകാരം

കോഴിക്കോട് കാപ്പാട് അടക്കം രാജ്യത്തെ എട്ട് കടൽത്തീരങ്ങൾക്ക് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം. UNEP, UNWTO, FEE, IUCN പ്രതിനിധികൾ അടങ്ങിയ അന്താരാഷ്ട്ര ജൂറിയുടെതാണ് തീരുമാനം. കാപ്പാടിന് പുറമെ ശിവരാജ്പൂർ (ദ്വാരക-ഗുജറാത്ത്) ഗൊഘ്ല (ദിയു), കാസർഗോഡ്-പടുബിദ്രി (കർണാടക), റുഷികൊണ്ട (ആന്ധ്രപ്രദേശ്) ഗോൾഡൻ (പുരി-ഒഡീഷ), രാധാനഗർ (ആൻഡമാൻ ദ്വീപ് സമൂഹം) എന്നിവയാണ് ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ച കടൽതീരങ്ങൾ.

തീരമേഖലയിലെ മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട്, അന്താരാഷ്ട്ര തലത്തിലെ മികച്ച നടപടികൾ വിഭാഗത്തിന് കീഴിൽ മൂന്നാം സ്ഥാനവും ഇന്ത്യയ്ക്ക് ലഭിച്ചു. പുരസ്കാരത്തിന്റെ ചരിത്രത്തിൽ ഇതുവരെ, ഒരേസമയം ഒരു രാജ്യത്തെ എട്ട് കടൽത്തീരങ്ങൾക്ക് ബ്ലൂ ഫ്ലാഗ് അംഗീകാരം നൽകുന്ന നടപടി ഉണ്ടായിട്ടില്ലെന്നും, ഇത് അനിതരസാധാരണമായ നേട്ടമാണെന്നും കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കർ ട്വിറ്ററിൽ കുറിച്ചു. ഇത് ഇന്ത്യയുടെ സുസ്ഥിര വികസന-പരിസ്ഥിതി സംരക്ഷണ നടപടികൾക്കുള്ള അംഗീകാരമാണെന്നും ജാവദേക്കർ പറഞ്ഞു.

രണ്ടു വർഷം കൊണ്ട് ഈ നേട്ടം സ്വന്തമാക്കുന്ന ഏഷ്യ-പസഫിക് മേഖലയിലെ ആദ്യ രാഷ്ട്രമാണ് ഇന്ത്യ. പുരസ്കാര നേട്ടത്തോടെ ബ്ലൂ ഫ്ലാഗ് അംഗീകാരമുള്ള 50 രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യ ഇടം പിടിച്ചു.

Vartha Malayalam News - local news, national news and international news.