കന്നഡദേശം ആരു ഭരിക്കും? സമവായത്തിന് രാഹുലും; ഡി.കെ. ശിവകുമാര്‍ ഡല്‍ഹിയില്‍

കർണാടകയിൽ ആര് മുഖ്യമന്ത്രിയാകുമെന്ന അനിശ്ചിത്വം തുടരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ സമവായ ചർച്ചകള്‍ പുരോഗമിക്കുകയാണ്. ഇവരുടെ കൂടിയാലോചനകൾക്ക് ശേഷം സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ എന്നിവരുമായി മല്ലികാർജുൻ ഖർഗെ പ്രത്യേകം ചർച്ച നടത്തും. അടുത്ത 24 മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. 

ഇതിനിടെ ഹൈക്കമാൻഡ് ആവശ്യപ്രകാരം ഡി.കെ.ശിവകുമാർ ഡൽഹിയിലെത്തി. 'പാർട്ടി അമ്മയെപോലെയാണ്. മകന് ആവശ്യമായത് പാർട്ടി നൽകും എന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഡി.കെ.ശിവകുമാർ ഡൽഹിക്ക് പുറപ്പെട്ടത്. എംഎൽഎമാരെ ഭിന്നിപ്പിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം ഹൈക്കമാൻഡ് വിലയിരുത്തുന്നുണ്ട്. ഇന്നലെ ഡൽഹിയിലെത്തിയ സിദ്ധരാമയ്യ മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ പൂർത്തിയാക്കി. ഇരുപക്ഷവും വിട്ടുവീഴ്‍‌ചകൾക്കില്ലെന്ന് സൂചനകളാണ് വ്യക്താക്കുന്നത്. 

അതേസമയം കർണാടകയിൽ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷം നടക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ സമവായത്തിലെത്തിയ ശേഷം തുടർനടപടികൾ മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാൻഡ്. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഞായറാഴ്ച രാത്രി ബെംഗളൂരുവിൽ ഹൈക്കമാൻഡ് നിരീക്ഷകർ വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും പദവിക്കായി അണിയറനീക്കം ശക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ശ്രമങ്ങൾ ഡൽഹിയിലേക്ക് മാറ്റിയത്. 

Vartha Malayalam News - local news, national news and international news.