നാലാം മത്സരത്തിൽ നിരാശപ്പെടുത്തി കേരളാ ബാറ്റ്സ്മാന്മാർ ; തിളങ്ങിയത് സച്ചിൻ ബേബി മാത്രം

മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും എതിരാളികൾക്കെതിരെ ഉജ്ജ്വല പ്രകടനം നടത്തിയ കേരളാ ബാറ്റ്സ്മാന്മാർക്ക് നാലാം മത്സരത്തിൽ പിഴച്ചു. മികച്ച ആത്മവിശ്വാസത്തോടെ ആന്ധ്രയ്ക്കെതിരെ ഇന്ന് കളിക്കാനിറങ്ങിയ കേരളം ആദ്യമിന്നിംഗ്സിൽ നേടിയത് വെറും 112 റൺസ്. റോബിൻ ഉത്തപ്പയും, മൊഹമ്മദ് അസറുദ്ദീനും, സഞ്ജു സാംസണുമെല്ലാം പാടേ നിരാശപ്പെടുത്തിയ മത്സരത്തിൽ ടീമിനായി മികച്ച പ്രകടനം കാഴ്ച വെച്ചത് 51 റൺസെടുത്ത് പുറത്താകാതെ നിന്ന മുൻ നായകൻ സച്ചിൻ ബേബി മാത്രം.

മുംബൈയിലെ‌ ശരദ് പവാർ ക്രിക്കറ്റ് അക്കാദമയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ആന്ധ്ര കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. താളം കണ്ടെത്താൻ കഷ്ടപ്പെടുന്ന കേരളത്തെയായിരുന്നു തുടക്കം മുതൽ കണ്ടത്. അഞ്ചാം ഓവറിൽ ടീമിന് ആദ്യ വിക്കറ്റ് നഷ്ടമായി. 12 റൺസെടുത്ത മൊഹമ്മദ് അസറുദ്ദീൻ പുറത്ത്. പിന്നാലെ 17 പന്തിൽ 8 റൺസെടുത്ത റോബിൻ ഉത്തപ്പയും, 14 പന്തിൽ 7 റൺസ് മാത്രം നേടിയ സഞ്ജു സാംസണും, 9 പന്തിൽ 4 റൺസെടുത്ത വിഷ്ണു വിനോദും പുറത്തായി‌. ഇതോടെ കേരളം‌ 38/4 എന്ന നിലയിലായി.

അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന സച്ചിൻ ബേബിയും, ജലജ് സക്സേനയുമാണ് ടീമിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.‌ സച്ചിൻ ബേബി 34 പന്തുകളിൽ 1 ബൗണ്ടറിയും 4 സിക്സറുകളുമടക്കം 51 റൺസ് നേടിയപ്പോൾ, ജലജ് സക്സേന ഒരു ബൗണ്ടറി സഹിതം 27 റൺസ് നേടി. ഇവരുടെ ബാറ്റിംഗാണ് ടീമിനെ നിശ്ചിത 20 ഓവറുകളിൽ 112/4 എന്ന സ്കോറിലെത്തിച്ചത്.

Vartha Malayalam News - local news, national news and international news.