മൂന്ന് കോടി രൂപക്ക് കിഡ്നി വില്‍ക്കാന്‍ തയ്യാറായി നഴ്സിങ് വിദ്യാര്‍ഥി, പക്ഷേ16 ലക്ഷം രൂപ നഷ്ടമായി; തട്ടിപ്പ് ഇങ്ങനെ

വിജയവാഡ(ആന്ധ്രപ്രദേശ്): മൂന്ന് കോടി രൂപക്ക് വൃക്ക വില്‍ക്കാമെന്ന് സമ്മതിച്ച നഴ്സിങ് വിദ്യാര്‍ഥിയെ കബളിപ്പിച്ച്‌ 16 ലക്ഷം രൂപ തട്ടിയെടുത്തു. ഹൈദരാബാദില്‍ നഴ്സിങ്ങിന് പഠിക്കുന്ന ഗുണ്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് തട്ടിപ്പ് സംഘം കബളിപ്പിച്ചത്.

പണം നഷ്ടമായതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗുണ്ടൂര്‍ പൊലീസിനെ സമീപിച്ചു. അച്ഛന്റെ ബാക്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച രണ്ട് ലക്ഷം രൂപ തിരിച്ചടക്കാനാണ് പെണ്‍കുട്ടി വൃക്ക വില്‍ക്കാന്‍ തയ്യാറായത്. സോഷ്യല്‍മീഡിയയിലൂടെ പ്രവീണ്‍ രാജ് എന്നയാളാണ് പെണ്‍കുട്ടിയെ സമീപിച്ചത്. വൃക്ക നല്‍കിയാല്‍ മൂന്ന് കോടി രൂപ തരാമെന്നായിരുന്നു വാഗ്ദാനം. പകുതി ഓപ്പറേഷന് മുമ്ബും ബാക്കി ഓപ്പറേഷന് ശേഷവും നല്‍കാമെന്നും പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു.

തുടര്‍ന്ന് ചെന്നൈ സിറ്റി ബാങ്ക് ബ്രാഞ്ചില്‍‌ അക്കൗണ്ടുണ്ടാക്കി. വെരിഫിക്കേഷന്‍ ചാര്‍ജായി 16 ലക്ഷം രൂപ ആദ്യം നല്‍കണമെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടി 16 ലക്ഷം സംഘടിപ്പിച്ച്‌ നല്‍കിയതിന് പിന്നാലെ അക്കൗണ്ടിലേക്ക് മൂന്ന് കോടി ട്രാന്‍സ്ഫര്‍ ചെയ്തു. പെണ്‍കുട്ടി പണം ആവശ്യപ്പെട്ടപ്പോള്‍ ദില്ലിയില്‍ പോയി പണം വാങ്ങാന്‍ പറഞ്ഞു. ഇവര്‍ നല്‍കിയ വിലാസവുമായി പെണ്‍കുട്ടി പണത്തിനായി ദില്ലിയിലെത്തി. അവിടെയെത്തിപ്പോഴാണ് വിലാസം വ്യാജമാണെന്ന് തെളിഞ്ഞത്.

തുടര്‍ന്നാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. പഠനച്ചെലവിനായി തന്റെ എടിഎം കാര്‍ഡുകളിലൊന്ന് മകള്‍ക്ക് നല്‍കിയിരുന്നതായി പിതാവ് പറഞ്ഞു. എന്നാല്‍ അക്കൗണ്ടില്‍ നിന്ന് വന്‍തുക പിന്‍വലിച്ചത് നവംബറിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാന്‍ മകളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വിദ്യാര്‍ഥി ഹൈദരാബാദിലെ ഹോസ്റ്റല്‍ വിട്ടു. എന്നാല്‍, സ്വന്തം വീട്ടില്‍ എത്തിയതുമില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ എന്‍ടിആര്‍ ജില്ലയിലെ ജഗ്ഗയ്യപേട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

Vartha Malayalam News - local news, national news and international news.