‘നന്ദി ഇന്ത്യ, നന്ദി നരേന്ദ്ര മോദി’; കാനഡയിൽ മോദിക്കായി ഫ്ളക്സ് ഉയർന്നു, ലോകം കൊവിഡിനെ കീഴടക്കിയാൽ കാരണം, ഇന്ത്യ !

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി വാക്സിനുകൾ എത്തിച്ച ഇന്ത്യയോട് നന്ദി പറഞ്ഞ് കാനഡ. ഗ്രേറ്റർ ടൊറന്റോ പ്രദേശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയ്ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ബോർഡുകളും പ്രത്യക്ഷപ്പെട്ടു. ‘നന്ദി ഇന്ത്യ, നന്ദി പ്രധാനമന്ത്രി നരേന്ദ്രമോദി. കാനഡയിലേക്ക് കൊവിഡ് വാക്സിൻ അയച്ച് നൽകിയതിന് നന്ദി. കാനഡയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ഒരുപാട് കാലം നിലനിൽക്കട്ടേ’ എന്നാണ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്. നരേന്ദ്രമോദിയുടെ ചിത്രവും ബോർഡിൽ ഉണ്ട്.

മാർച്ച് 4നാണ് ഇന്ത്യ കാനഡയ്ക്ക് 500,000 ഡോസ് വാക്സിൻ എത്തിച്ചത്. കൊവിഡ് വാക്സിൻ കാനഡയിലെത്തിയെന്നും എല്ലാവരും അത് സ്വീകരിക്കണമെന്നും വാക്സിന്‍ എത്തിച്ച ഇന്ത്യക്ക് നന്ദി അറിയിക്കുന്നതായും എംപി അനിത ആനന്ദ് ട്വിറ്ററില്‍ കുറിച്ചിരുന്നു. പിന്നാലെ, കഴിഞ്ഞ ആഴ്ച ബാക്കിയുള്ള ഡോസും കാനഡയിലേക്ക് എത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ആദ്യം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി സംസാരിച്ചു. കാനഡയുടെ കൊവിഡ് -19 വാക്സിനേഷൻ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് മോദി ഉറപ്പ് നൽകി. കൊവിഡിനെ കീഴടക്കാൻ ലോകത്തിന് കഴിഞ്ഞാൽ, അത് ഇന്ത്യയുടെ ഔഷധ ശേഷി കൊണ്ടാണെന്ന് കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു.

Vartha Malayalam News - local news, national news and international news.