കൊല്ലപ്പെട്ട നിതിനമോളും SFI, കവിതയും SFI, സമാനതയുള്ള രണ്ട് കൊലപാതകങ്ങൾ

കോട്ടയം: പാലായില്‍ കോളേജില്‍ നിന്നും പരീക്ഷ കഴിഞ്ഞു മടങ്ങവേ കൊല്ലപ്പെട്ട വൈക്കം സ്വദേശിനി നിതിനമോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തക. എസ്.എഫ്.ഐ സജീവ പ്രവര്‍ത്തകയും സെന്റ് തോമസ് കോളേജ് യൂണിറ്റ് കമ്മറ്റി അംഗവുമാണ്.

മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാര്‍ഥിനിയായിരുന്നു നിതിനമോള്‍. സഹപാഠി കൂത്താട്ടുകുളം അഭിഷേക് ബൈജു പൊലീസ് കസ്റ്റഡിയിലാണുള്ളത്. പരീക്ഷ കഴിഞ്ഞു മടങ്ങവേയാണ്‌ വിദ്യാര്‍ത്ഥിനിക്കു നേരെ ആക്രമണം അരങ്ങേറിയത്. അഭിഷേക് കയ്യില്‍ കരുതിയ ആക്‌സോ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. പ്രണയപ്പകയാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐയും ആവശ്യപ്പെട്ടിട്ടുണ്ട്.

2019ല്‍ തിരുവല്ലയില്‍ കവിത എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവവും ഇതിനു സമാനമാണ്. കവിത കോളേജിലേക്കു പോകുമ്പോഴാണ് തിരുവല്ല നഗരത്തിലെ നടുറോഡില്‍ പ്രണയപ്പകയ്ക്ക് ഇരയായി മാറിയിരുന്നത്.

2019 മാര്‍ച്ച് 12 രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. തിരുവല്ല നഗരത്തിനു ജീവന്‍ വച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ, കവിത വിജയകുമാര്‍ എന്ന പെണ്‍കുട്ടി ചിലങ്ക ജംഗ്ഷനില്‍ നിന്നു തിരക്കൊഴിഞ്ഞ പാതയിലൂടെ തിരക്കിട്ടു നടക്കുകയായിരുന്നു.

നഗരത്തില്‍ തന്നെയുള്ള റേഡിയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിയാണവള്‍. പെട്ടെന്നാണ് പിന്നില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ അവള്‍ക്ക് ഒപ്പമെത്തിയത്. അവളോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അല്പദൂരം അയാള്‍ ഒപ്പം നടന്നു. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ സൈക്കിള്‍ കട, മെഡിക്കല്‍ സ്റ്റോര്‍, ടയര്‍കട എന്നിവ ഉണ്ട്. എങ്കിലും ടയര്‍ കട മാത്രമേ തുറന്നിരുന്നുള്ളൂ. പെട്ടെന്നാണ് ഒരു നിലവിളി റോഡില്‍നിന്ന് ഉയര്‍ന്നത്. സമീപത്തെ കടയിലുണ്ടായിരുന്നവര്‍ ഓടി വഴിയിലേക്ക് എത്തുമ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അല്പം മുമ്പ് ആ വഴിയിലൂടെ നടന്നുനീങ്ങിയ പെണ്‍കുട്ടി ഒരു തീപ്പന്തംപോലെ ആളിപ്പടര്‍ന്നു നിലവിളിക്കുന്ന കാഴ്ച ആയിരുന്നു അത്.

ഓടിയെത്തിയവര്‍ക്ക് എന്തു ചെയ്യണമെന്നൊരു രൂപവും ആദ്യമുണ്ടായിരുന്നില്ല. തുടര്‍ന്നു സമീപത്തെ ഒരു ഫ്‌ളെക്‌സ് ഇളക്കിയെടുത്താണ് പെണ്‍കുട്ടിയുടെ ശരീരത്തിലെ തീ കെടുത്താന്‍ അവര്‍ ശ്രമിച്ചത്. അപ്പോഴും, പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ അജിന്‍ റെജി മാത്യു എന്ന ചെറുപ്പക്കാരന്‍, കൂസലന്യേ സമീപത്തു തന്നെ ഉണ്ടായിരുന്നു. ഇന്നു പാലായില്‍ നിതിന മോളെ കൊലപ്പെടുത്തിയ അഭിഷേകും, കൊലപാതകം നടന്ന സ്ഥലത്തുതന്നെ ഒന്നും സംഭവിക്കാത്തത് പോലെ നില്‍ക്കുകയാണുണ്ടായത്. രണ്ട് പേരുടെയും മാനസികാ അവസ്ഥ ഒന്നുതന്നെ ആയിരുന്നു എന്ന് വ്യക്തം..

കവിതയെ ആദ്യം കുത്തിപരിക്കേല്പിച്ച ശേഷമാണ് പെട്രോള്‍ ഒഴിച്ചുകത്തിച്ചിരുന്നത്. കത്തി, പെട്രോള്‍, കയര്‍ എന്നിവയുമായി കരുതിക്കൂട്ടിത്തന്നെയായിരുന്നു അവന്റെ വരവ്. അങ്ങനെ കേരളത്തിലെ പ്രണയപ്പകയുടെ രക്തസാക്ഷിയായി ആ പതിനെട്ടുകാരിയുടെ പേരുകൂടി എഴുതിച്ചേര്‍ക്കപ്പെട്ടു.

വൊക്കേഷണല്‍ ഹയല്‍ സെക്കന്‍ഡറി സ്‌കൂളില്‍ സഹപാഠികളായിരുന്നു കവിതയും അജിനും. കൂടെ പഠിക്കുന്ന ആളിനോടു തോന്നിയ ചെറിയൊരു അടുപ്പവും സൗഹൃദവുമാണ് ഒടുവില്‍ കവിതയുടെ ജീവന്‍ പറിച്ചെടുക്കുന്ന കുരുക്കായി മാറിയിരുന്നത്.

സൗഹൃദത്തിലായി അധികം വൈകുംമുന്‍പേ തന്നെ തങ്ങള്‍ക്ക് ഇരുവര്‍ക്കും പൊരുത്തപ്പെട്ടു മുന്നോട്ടു പോകാനാവില്ലെന്നു കവിത തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, അങ്ങനെ പിന്മാറിപ്പോകാന്‍ തയാറാകുന്ന പ്രകൃതമായിരുന്നില്ല അജിന്റേത്.

മോഹിച്ചതിനെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ അയാള്‍ തയാറായിരുന്നില്ല. സ്‌കൂള്‍ പഠനം കഴിഞ്ഞതോടെ കവിത കൂടുതല്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചത് അയാളെ പ്രകോപിതനാക്കി. മറ്റാരെങ്കിലുമായി അടുപ്പമുള്ളതിനാലാണ് കവിത തന്നോട് അനിഷ്ടം കാണിക്കുന്നതെന്ന സംശയവും അയാളില്‍ ഉടലെടുത്തു. ഇതാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചിരുന്നത്.

പ്രണയ നൈരാശ്യത്തില്‍ പുകയുന്ന മനസുമായി നടന്ന അജിന്‍ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്‌നിപര്‍വതം പോലെയായി മാറിയിരുന്നു. എന്നാല്‍, സ്വയം പൊട്ടിത്തെറിക്കുന്നതിനേക്കാള്‍ തന്നില്‍നിന്ന് അകന്നുപോയവളെ ചാമ്പലാക്കുകയെന്ന ക്രൂരമായ മനോഭാവമായിരുന്നു അയാളില്‍ നിഴലിച്ചിരുന്നത്. ഈ പകയാണ് നടുറോഡില്‍ അവള്‍ കത്തിയെരിഞ്ഞുവീഴാനും ഇടയാക്കിയിരുന്നത്.

ഇപ്പോള്‍ നിതിനമോള്‍ക്ക് സംഭവിച്ചതും അതു തന്നെയാണ്. വിശ്വസിച്ചവന്‍ തന്നെയാണ് ഈ വിദ്യാര്‍ത്ഥിനിയുടെയും ജീവന്‍ എടുത്തിരിക്കുന്നത്

Vartha Malayalam News - local news, national news and international news.