പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഡോ.ഗുര്‍പ്രീത് കൗറും വിവാഹിതരായി.

പഞ്ചാബ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഇന്ന് കല്യാണ വീടായി. മുഖ്യമന്ത്രി ഭഗവന്ത് മാനും ഡോ.ഗുര്‍പ്രീത് കൗറും വിവാഹിതരായി. സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹാഘോഷത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംബനധിച്ചത്. 

Image

അപ്രതീക്ഷിതമായാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ തന്റെ വിവാഹം പ്രഖ്യാപിച്ചത്. അലോപ്പതി ഡോക്ടറായ ഡോ ഗുര്‍പ്രീത് കൗര്‍ ആണ് വധു. സിഖ് ആചാരങ്ങള്‍ക്കനുസൃതമായി, പരമ്പരാഗത ആനന്ദ് കരാജ് പ്രകാരം ഗുരുദ്വാരയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഭഗവന്ത് മാന്റെയും ഡോ. ഗുര്‍പ്രീത് കൗറിന്റെയും കുടുംബങ്ങള്‍ ജൂലൈ 6 ബുധനാഴ്ച വരെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരസ്യമാക്കിയിരുന്നില്ല. 

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദ ചടങ്ങിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു. 'ഞാന്‍ എന്റെ അമ്മയോടൊപ്പമാണ് ഇവിടെ വന്നത്... ഈ പ്രത്യേക അവസരത്തില്‍ മാന്‍ സാഹബിനെയും കുടുംബത്തെയും ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു,' അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ കുരുക്ഷേത്രയിലെ പെഹോവയിലാണ് മുഖ്യമന്ത്രിയുടെ വധുവായ ഡോ.ഗുര്‍പ്രീത് കൗറിന്റെ സ്വദേശം. ഭഗവന്ത് മന്നിന്റെ വിവാഹത്തിന് മുന്നോടിയായി ചണ്ഡീഗഡിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഡോ. ഗുര്‍പ്രീത് കൗര്‍ (30) ട്വിറ്ററില്‍ തന്റെ ചിത്രം പങ്കുവെച്ച് 'ദിന്‍ ഷഗ്‌ന ദ ചാദ്യ' (വിവാഹ ദിവസം വന്നിരിക്കുന്നു) എന്ന് കുറിച്ചു. ആം ആദ്മി പാര്‍ട്ടി (എഎപി) നേതാക്കളുടെ അഭിനന്ദന സന്ദേശങ്ങള്‍ക്ക് അവര്‍ നന്ദി പറഞ്ഞു.

നാല്‍പ്പത്തിയെട്ടുകാരനായ മാനിന്റെ രണ്ടാം വിവാഹമാണിത്. 2015-ല്‍ ആദ്യ ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞ അദ്ദേഹത്തിന് ആദ്യ വിവാഹത്തില്‍ നിന്ന് രണ്ട് കുട്ടികളുണ്ട് - മകള്‍ സീരത് കൗര്‍ (21), മകന്‍ ദില്‍ഷന്‍ (17) . ഇവര്‍ രണ്ടു പേരും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ സംബന്ധിച്ചിരുന്നു

ആരാണ് ഗുര്‍പ്രീത് കൗര്‍?

32കാരിയായ ഗുര്‍പ്രീത് കൗര്‍ ഹരിയാന സ്വദേശിയാണ്. എന്നാല്‍ ഇപ്പോള്‍ താമസിക്കുന്നത് പഞ്ചാബിലെ രാജ്പുരയിലാണ്. ഗുര്‍പ്രീതിന് രണ്ട് മൂത്ത സഹോദരിമാരുണ്ട്. സഹോദരിമാര്‍ വിദേശത്താണ് താമസിക്കുന്നത്. അച്ഛന്‍ കൃഷിപ്പണിക്കാരനാണ്. മഹര്‍ഷി മാര്‍ക്കണ്ഡേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നാണ് ഗുര്‍പ്രീത് എംബിബിഎസ് പൂര്‍ത്തിയാക്കിയത്.

ഹരിയാനയിലെ കുരുക്ഷേത്രയിലെ പെഹോവ നഗരത്തിലാണ് ഗുര്‍പ്രീതിന്റെ കുടുംബം താമസിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുടുംബം രാജ്പുരയിലാണ് താമസിക്കുന്നത്. നിലവില്‍, വിവാഹത്തിനായി കുടുംബം ഒരാഴ്ചയായി ചണ്ഡീഗഢിലാണ് താമസിക്കുന്നത്.

ഭഗവന്ത് മാന്റെ കുടുംബവുമായി ഗുര്‍പ്രീത് കൗര്‍ നേരത്തെ തന്നെ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. മാനിന്റെ കുടുംബത്തെ അവര്‍ പലതവണ കണ്ടിട്ടുണ്ട്. മാനിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും അവര്‍ പങ്കെടുത്തിരുന്നു. ഗുര്‍പ്രീത് കൗറിന്റെ പിതാവിന്റെ പേര് ഇന്ദര്‍ജിത് സിംഗ്, അമ്മയുടെ പേര് രാജ് കൗര്‍ എന്നിങ്ങനെയാണ്.

Maan

ഭഗവന്ത് മന്നിന്റെ ആദ്യ ഭാര്യ ആരായിരുന്നു?

ഇന്ദ്രപ്രീത് കൗറുമായായിരുന്നു ഭഗവന്ത് മാന്റെ ആദ്യ വിവാഹം. അതില്‍ അദ്ദേഹത്തിന് രണ്ട് കുട്ടികളുമുണ്ട്. മകള്‍ സീരത് കൗര്‍ മാനും (21 വയസ്സ്) മകന്‍ ദില്‍ഷന്‍ സിംഗ് മാനും (17 വയസ്സ്) നിലവില്‍ അമ്മയ്ക്കൊപ്പം അമേരിക്കയിലാണ് താമസിക്കുന്നത്. രണ്ട് കുട്ടികളും അച്ഛന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ആറ് വര്‍ഷം മുമ്പാണ് ഇന്ദ്രപ്രീത് കൗറും ഭഗവന്ത് മാനും വിവാഹമോചിതരായത്. 2015 മാര്‍ച്ചില്‍ ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടി.

ഭഗവന്ത് മാന്‍- ഗുര്‍പ്രീത് കൗര്‍ കൂടിക്കാഴ്ച...

2019 മുതല്‍ ഗുര്‍പ്രീതിന് ഭഗവന്ത് മാനുമായി അടുപ്പമുണ്ടായിരുന്നതായാണ് വിവരം. അന്ന് മാന്‍ എംപിയായിരുന്നു. ഒന്നര വര്‍ഷം മുമ്പ് ഭഗവന്ത് മാന്റെ കുടുംബവുമായി ഗുര്‍പ്രീത് വിവാഹകാര്യം സംസാരിച്ചു. മാനിന്റെ അമ്മയ്ക്കും സഹോദരിക്കും ഗുര്‍പ്രീതിനെ ഇഷ്ടമായിരുന്നു. ഗുര്‍പ്രീത് കൗറിനും രാഷ്ട്രീയത്തില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്നാണ് വിവരം. എന്നാല്‍ ആദ്യം വിവാഹം കഴിക്കണമെന്നായിരുന്നു ഗുര്‍പ്രീതിന്റെ വീട്ടുകാരുടെ ആവശ്യം. ഇന്ന് വിവാഹം നടക്കുന്നതോടെ രാഷ്ട്രീയത്തിലേക്കും അവരുടെ രംഗപ്രവേശനം ഉണ്ടാകാം.

ധീരമായ തീരുമാനങ്ങള്‍ എടുക്കുന്ന മാന്റെ സമീപനം ഗുര്‍പ്രീത് കൗറിന് ഇഷ്ടമാണ്. ഇതോടൊപ്പം മാനിന്റെ സ്റ്റാന്‍ഡ് അപ്പ് കോമഡിയും ഗുര്‍പ്രീതിന് ഇഷ്ടമാണ്.

Vartha Malayalam News - local news, national news and international news.