കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ റഷ്യന്‍ സേനയ്ക്ക് ലഭിച്ചത് അസഭ്യവര്‍ഷം;13 അതിര്‍ത്തി രക്ഷാസൈനികരെ വധിച്ച്‌ 'സ്‌നേക് ഐലന്‍ഡ്' പിടിച്ചെടുത്തതായി റഷ്യ, യുക്രൈനിലെ ഒരു മെട്രോ സ്റ്റേഷന്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു, താപ വൈദ്യുത നിലയത്തിനെതിരെയും ആക്രമണം

റുമാനിയയോടുചേര്‍ന്ന് കരിങ്കടലില്‍ സ്ഥിതി ചെയ്യുന്ന യുക്രൈന്റെ കീഴിലായിരുന്ന സെര്‍പന്റ് ദ്വീപ് (സ്‌നേക് ഐലന്‍ഡ്) അഥവാ പാമ്ബുകളുടെ ദ്വീപ് റഷ്യ പിടിച്ചെടുത്തു. യുക്രെയ്‌നിന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലുള്ള തന്ത്രപ്രധാനമായ സ്ഥലമാണ് സ്‌നേക് ഐലന്‍ഡ്. 42 ഏകര്‍ ദ്വീപ് പിടിച്ചെടുത്തതോടെ കരിങ്കടലില്‍ 12 നോടികല്‍ മൈല്‍ വരുന്ന സമുദ്രഭാഗവും റഷ്യയുടെ നിയന്ത്രണത്തിലായി. ഇവിടെ നിയോഗിക്കപ്പെട്ടിരുന്ന 13 അതിര്‍ത്തി രക്ഷാസൈനികരെ വധിച്ചാണ് ദ്വീപ് കീഴടക്കിയത്. ഈ ദ്വീപ് വളഞ്ഞ റഷ്യന്‍ നാവിക സേനയുടെ രണ്ട് യുദ്ധക്കപ്പലില്‍ നിന്നും ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പട്ടെന്നും എന്നാല്‍ മറുപടിയായി റഷ്യന്‍ സേനയ്ക്ക് ലഭിച്ചത് അസഭ്യവര്‍ഷമായിരുന്നുവെന്നുമാണ് വിവരം. ഇതില്‍ പ്രകോപിതരായാണ് സൈനിക നടപടി വേണ്ടിവന്നത് എന്നാണ് റഷ്യ വ്യക്തമാക്കുന്നത്. യുക്രൈനിലെ ഒഡെസ അഡ്മിനിസ്‌ട്രേറ്റീവ് റീജിയന്റെ ഭാഗമായ ദ്വീപില്‍ നിലയുറപ്പിച്ചിരുന്ന യുക്രൈനിയന്‍ അതിര്‍ത്തി സേനയുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായും ദ്വീപിന്റെ നിയന്ത്രണം റഷ്യ പിടിച്ചടിക്കിയതായും യുക്രൈന്‍ തീരരക്ഷാ സേനയും അറിയിച്ചിട്ടുണ്ട്. 

റഷ്യന്‍ സേനയുടെ കീഴടങ്ങല്‍ നിര്‍ദേശം ഗൗനിക്കാതെ സധൈര്യം പിടിച്ചുനിന്ന് വീരമൃത്യു വരിച്ച 13 സൈനികര്‍ക്കും മരണാനന്തര ബഹുമതിയായി ഹീറോ ഓഫ് യുക്രൈന്‍ പദവി നല്‍കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയും പ്രഖ്യാപിച്ചു. യുക്രൈനിനായി ജീവന്‍ ബലിയര്‍പിച്ചവരുടെ സ്മരണ എന്നും നിലനില്‍ക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം യുക്രൈനിലെ ഒരു മെട്രോ സ്റ്റേഷന്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. യുക്രൈനിലെ താപ വൈദ്യുത നിലയത്തിനെതിരെയും ആക്രമണം നടന്നു. 5 സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് . ഏറെക്കുറെ മലയാളി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ അഭയം പ്രാപിച്ചിരിക്കുന്ന സ്ഥലമാണ് മിക്ക മെട്രോ സ്റ്റേഷനും ബങ്കറുകളും. പ്രധാനമായും വ്യോമാക്രമണങ്ങളില്‍ നിന്നും ഷെല്‍ ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാനായിട്ടാണ് മിക്കവരും ബങ്കറുകളെയും മെട്രോ സ്റ്റേഷനുകളെയും ആശ്രയിക്കുന്നത്. നിരവധി ആളുകളാണ് കൂട്ടത്തോടെ ബങ്കറുകളില്‍ കഴിയുന്നത്.  ഒഡേസ തുറമുഖത്ത് രണ്ട് ചരക്ക് കപ്പലുകള്‍ റഷ്യ തകര്‍ത്തു. പനാമയുടെയും, മാള്‍ഡയുടെയും ചരക്കുകപ്പലുകളാണ് തകര്‍ത്തത്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ യുക്രൈന്‍ സൈന്യവും, റഷ്യന്‍ സൈന്യവും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്‌.

Vartha Malayalam News - local news, national news and international news.