മിശ്രവിവാഹം: ജോയ്സ്നയുടെ വീട് സന്ദർശിക്കാൻ കോൺഗ്രസ് സംഘം

കോടഞ്ചേരിയില്‍ പ്രണയിച്ചു വിവാഹംചെയ്ത വധു ജോയ്സ്ന ജോസഫിന്‍റെ വീട് കോണ്‍ഗ്രസ് സംഘം ഇന്നു സന്ദര്‍ശിച്ചേക്കും. കഴിഞ്ഞ ദിവസം വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ജില്ലാനേതൃത്വം അറിയിച്ചു. പ്രദേശത്ത് സിപിഎം വര്‍ഗീയ വിഭാഗീയത സൃഷ്ടിക്കുന്നെന്നാണ് കോണ്‍ഗ്രസ് നിലപാട്. സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണയോഗത്തിന് മറുപടിയായി പൊതുയോഗം സംഘടിപ്പിക്കാനും ആലോചനയുണ്ട്.

മുസ്‌ലിം കുടുംബത്തിൽ പെട്ട ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഷെജിനും ക്രിസ്ത്യൻ കുടുംബാംഗമായ ജോയ്സ്നയും കഴിഞ്ഞ ദിവസമാണു പ്രണയിച്ചു വിവാഹിതരായത്. ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുവദിച്ചിരുന്നു.

എന്നാൽ വിവാഹം സമുദായങ്ങൾ തമ്മിലുള്ള സ്പർധയ്ക്കു കാരണമായെന്നു മുൻ എംഎൽഎയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ് എം.തോമസ് പറഞ്ഞത് വിവാദമായി. ഇതോടെ സിപിഎം ഇതു തിരുത്തി. ജോർജിന്റെ നിലപാട് നാക്കുപിഴയെന്നായിരുന്നു പാർട്ടി വിശദീകരണം

Vartha Malayalam News - local news, national news and international news.