സജി ചെറിയാന് കെ റെയിൽ പേടി..... മന്ത്രിക്കു വേണ്ടി സിൽവർ ലൈൻ അലൈന്‍മെന്റ് മാറ്റിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

കോട്ടയം: മന്ത്രി സജി ചെറിയാനു വേണ്ടി ചെങ്ങന്നൂരിലെ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. മന്ത്രിയുടെ വീടിരിക്കുന്ന സ്ഥലത്തെ അലൈന്‍മെന്റാണ് മാറ്റിയതെന്നും സംസ്ഥാനത്തുടനീളം ഇത്തരം മാറ്റങ്ങള്‍ വരുത്തിയതായി പുതിയ മാപ്പ് പരിശോധിച്ചാല്‍ ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ആര്‍ക്കെല്ലാം വേണ്ടിയാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി സജി ചെറിയാൻ വെല്ലുവിളിച്ചതു കൊണ്ടാണ് ഇപ്പോൾ ഇതു പറയുന്നത്. ഇനിയും വെല്ലുവിളിച്ചാൽ കൂടുതൽ കാര്യങ്ങൾ പറയും. മുളക്കുഴ ഭാഗത്ത് അലൈൻമെന്റിൽ മാറ്റമുണ്ട്. മന്ത്രിയും കെ റെയിൽ എംഡിയും ഇതിനു മറുപടി പറയണം. സർക്കാർ നൽകുന്ന റൂട്ട് മാപ്പിൽ ഇടതുവശത്തായിരുന്ന പല വീടുകളും, സ്ഥാപനങ്ങളും കെ റെയിലിന്റെ ഔദ്യോഗിക ഡിജിറ്റൽ റൂട്ട് മാപ്പിൽ വലതു വശത്താണെന്നും ഡിജിറ്റൽ റൂട്ട് മാപ്പിങ്ങിൽ മാറ്റം വരുത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഈ മാറ്റത്തിന്റെ ഗുണഭോക്താക്കൾ ആരാണെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

   സജി ചെറിയാന്റെ വീടിനെക്കുറിച്ച് അല്ല ഞാൻ ആരോപണം ഉന്നയിച്ചത്. അലൈൻമെന്റിലെ മാറ്റമാണ് വിഷയം. മുളക്കുഴ വച്ചാണ് സജി ചെറിയാൻ ആരോപണം ഉന്നയിച്ചത്. അതാണ് മുളക്കുഴ മാത്രം പരിശോധിച്ചത്. അലൈൻമെന്റ് മാറ്റവുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് കെ റെയിൽ എംഡിയാണ്. എന്തിനാണ് സജി ചെറിയാൻ ഇതിൽ വിറളി പിടിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. 

   പിന്നാലെ മറുപടിയുമായി മന്ത്രി രംഗത്തെത്തി. സിൽവർ ലൈന്‍ അലൈൻമെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും തിരുവഞ്ചൂരിന് കഴിയുമെങ്കിൽ തന്റെ വീട്ടിലൂടെ അലൈൻമെന്റ് കൊണ്ടുവരാമെന്നും മന്ത്രി പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്കായി വീട് വിട്ടുനൽകുന്നതില്‍ സന്തോഷമേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

തിരുവഞ്ചൂരിന് കഴിയുമെങ്കിൽ സിൽവർ ലൈന്‍ അലൈൻമെന്റ് തന്റെ വീടിന്റെ മുകളിലൂടെ കൊണ്ടു പോകാമെന്നും, പൂർണ്ണമനസ്സോടെ വീടു വിട്ടുനൽകാമെന്നും മന്ത്രി കഴി‍ഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. വീട് സിൽവർ ലൈനു വിട്ടു നൽകിയാൽ ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നൽകാമെന്നും സജി ചെറിയാൻ പറഞ്ഞു.

Vartha Malayalam News - local news, national news and international news.