മഴക്കാലത്ത് വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

മഴക്കാലത്ത് വീടുകളിൽ പാമ്പുകളുടെ ശല്യം താരതമ്യേന വർദ്ധിക്കാറുണ്ട്. മഴ കൂടുതൽ ശക്തമായിക്കഴിഞ്ഞാൽ മാളങ്ങൾ ഇല്ലാതാകുകയും ഇതോടെ പാമ്പുകൾ പുറത്തേക്ക് ഇറങ്ങുന്നതും പതിവാണ്. മാളങ്ങൾ ഇല്ലാതാകുന്നതോടെ പാമ്പുകൾ സമീപത്തെ വീടുകളിലേയ്‌ക്ക് എത്തുകയാണ് ചെയ്യാറുള്ളത്. പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പൊത്തുകൾ, മാളങ്ങൾ എന്നിവ വീടിന് സമീപത്ത് ഉണ്ടാകുകയാണെങ്കിൽ അടയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടതാണ്.

വീടിനുള്ളിൽ പാമ്പ് കയാറാതിരിയ്‌ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

1.പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം വീട്ടുകളിലും പറമ്പുകളിലും ഒഴിവാക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. പൊത്തുകൾ, മാളങ്ങൾ എന്നിവ വീടിന്റെ പരിസരത്ത് ഉണ്ടായാൽ അവ അടയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കരിയില കൂടിക്കിടക്കുന്നതും തടിക്കഷ്ണം, ഓല, ഓട്, കല്ല് എന്നിവ അടുക്കിവെച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസകേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ പാമ്പിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നത് അപകടസാദ്ധ്യത വർദ്ധിക്കും.

 2. അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ ഇടയ്‌ക്കിടെ വൃത്തിയാക്കുകയും കൃത്യമായി പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവെയ്‌ക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

3. മഴക്കാലത്ത് വണ്ടിക്കുള്ളിലും ഷൂസുകൾക്കുള്ളിലുമെല്ലാം തണുപ്പ് തേടി പാമ്പുകൾ പതുങ്ങിയിരിക്കാറുണ്ട്. അതിനാൽ ഷൂസ് ഉപയോഗിക്കുന്നവർ ഇത് നല്ലതുപോലെ പരിശോധിച്ച ശേഷം മാത്രം ഇടുക.

4. വീട്ടിൽ കോഴിക്കൂടോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ അധിക ശ്രദ്ധ ഇവിടെയും വേണം. കോഴിക്കൂട്ടിൽ പാമ്പ് വരുന്നതൊരു സ്ഥിരം സംഭവമാണ്. വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിൽ മിച്ചമുള്ളത് കഴിക്കാൻ എലികൾ വരുമ്പോൾ ഇവയെ ലക്ഷ്യം വെച്ചുകൊണ്ടും പാമ്പ് എത്തിയേക്കാം.

5. വീട്ടിൽ ഇടുന്ന ചവിട്ടിയും ശ്രദ്ധിക്കാതെ പോകരുത്. ഇതിനടിയിൽ പാമ്പ് ചുരുണ്ടുകിടക്കുന്ന സംഭവങ്ങൾ പലയിടത്തും ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ എന്നും ശ്രദ്ധയോടെ ചവിട്ടി കുടഞ്ഞിടാൻ ശ്രദ്ധിക്കണം.

പാമ്പുകളെ വീട്ടിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും അകറ്റുന്നതിനുള്ള എളുപ്പ വഴികൾ…

1. വീടിന് ചുറ്റും വെളുത്തുള്ളി ചതച്ച് ഇടാം. കൂടാതെ വെളുത്തുള്ളി ചതച്ച് വെള്ളത്തിൽ കലക്കി ഈ വെള്ളം വീട്ടിലും ചുറ്റുപാടിലും തളിക്കാവുന്നതാണ്.

2. സവാളയുടെ ഗന്ധവും പൊതുവെ പാമ്പുകളെ അകറ്റി നിർത്താൻ സഹായകമാണ്. സവാള ചതച്ചെടുത്തതോ നീരെടുത്ത വെള്ളമോ വീടിന് ചുറ്റും തളിയ്‌ക്കാവുന്നതാണ്. ഇതിലെ സൾഫറിന്റെ ഗന്ധമാണ് പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നത്.

3. നാഫ്തലിൻ ഗുളിക, വിനാഗിരി, മണ്ണെണ്ണ എന്നിവ വീടിന് ചുറ്റും തളിയ്‌ക്കുന്നതും പാമ്പിനെ അകറ്റി നിർത്തുന്നതിനും വളരെ ഉപകാരപ്രദമാണ്.

4. ചെണ്ടുമല്ലി പോലുള്ള ചെടികൾ വീടിന്റെ അതിരുകളിൽ വച്ച് പിടിപ്പിയ്‌ക്കാവുന്നതാണ്. ഈ പൂക്കളുടെ ഗന്ധം പൊതുവെ പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നതാണ്.

Vartha Malayalam News - local news, national news and international news.