കരുത്തായി ഇന്ത്യൻ യുവത്വം; തലയുയർത്തി ഹൈദരാബാദ്

ഐ.എസ്.എൽ ഏഴാം സീസൺ പാതി പിന്നിടുമ്പോഴേക്കും ലീ​ഗിൽ നാലാം സ്ഥാനത്താണ് ഹൈദരാബാദ് എഫ്.സി. ഈ പ്രകടനം തുടരനായാൽ ക്ലബിന് പ്ലേ ഓഫിലേക്ക് മുന്നേറാം. എന്നാൽ പ്ലേ ഓഫിലെത്തുമോ ഇല്ലയോ എന്നതല്ല ഹൈദരാബാ​ഗിന്റെ കളിശൈലിയാണ് ശ്രദ്ധേയം. സീസണിൽ ശേഷിക്കുന്ന മത്സരങ്ങളുടെ ഫലമെന്തായാലും ഫാൻ ഫേവറിറ്റായ ടീമായി മാറിക്കഴിഞ്ഞു ഹൈദരാബാദ്.

സൂപ്പർ പരിശീലകൻ ആൽബർട്ട് റോക്കയാണ് ഇക്കുറി ടീമിനെ പരിശീലിപ്പിക്കേണ്ടിയിരുന്നത്. സീസണിലേക്കായി പുതിയ താരങ്ങളെയെത്തിക്കുന്നതടക്കമുള്ള ഒരുക്കങ്ങൾ റോക്ക നടത്തുകയും ചെയ്തു. എന്നാൽ ഇതിനിടെ ബാഴ്സലോണ പരിശീലകസംഘത്തിലേക്ക് വിളി വന്നതോടെ റോക്ക മടങ്ങി. തുടർന്ന് മറ്റൊരു സ്പാനിഷ് പരിശീലകൻ മനോലോ മാർക്വെസാണ് ടീമിന്റെ ചുമതലയേറ്റെടുത്തത്. എന്നാൽ ഏവരുടേയും പ്രതീക്ഷകൾക്കപ്പുറത്തേക്ക് മാർക്വെസ് ടീമിനെ എത്തിച്ചു. അതിന് പിന്നിലെ കരുത്ത് ഇന്ത്യൻ യുവത്വവും.

സീസണിന്റെ തുടക്കം മുതൽ തന്നെ വിദേശതാരങ്ങളുടെ പരുക്കാണ് ഹൈദരാബാദിനെ വലച്ചത്. വെറും രണ്ട് വിദേശതാരങ്ങൾ മാത്രം സ്ക്വാഡിലുണ്ടായിരുന്ന മത്സരങ്ങൾവരെയുണ്ടായിരുന്നു ഹൈദരാബാദിന്. എന്നാലപ്പോഴൊക്കയും ടീമിന് കരുത്തായത് ഇന്ത്യൻ യുവനിര തന്നെയാണ്.

ഹൈദരാബാ​ദിന്റെ റൈറ്റ് ബാക്ക് ആശിഷ് റായിയും ലെഫ്റ്റ് ബാക്ക് ആകാശ് മിശ്രയും ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. സീസണിലെ ടീമിന്റെ എല്ലാ മത്സരത്തിലും ഇവർ ആദ്യ ഇലവനിലിറങ്ങി. ഇവർക്ക് പുറമെ എല്ലാ മത്സരങ്ങളും കളിച്ച ഏക താരം സ്പാനിഷ് ഡിഫൻഡർ ഒഡായ് ഒനായിൻഡ്യയാണ്.

ഇന്നലെ കരുത്തുറ്റ മുംബൈ സിറ്റിക്കെതിരെ ​ഗോൾരഹിത സമനില പിടിച്ചപ്പോഴും പ്രശംസയേറ്റുവാങ്ങിയത് ഈ ഇന്ത്യൻ ഫുൾബാക്ക് സഖ്യമാണ്. വിങ്ങുകളിലൂടെയുള്ള മുംബൈ ആ​ക്രമണങ്ങളുടെയെല്ലാം മുനയൊടിച്ചത് ഇവരാണ്. ഒട്ടേറെ സൂപ്പർതാരങ്ങൾ കളിച്ച മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഹൈദരാബാദിന്റ മറ്റൊരു യുവകരുത്തായ ഹിതേഷ് ശർമയാണ്.

മധ്യനിരതാര മുഹമ്മദ് യാസിർ, മുന്നേറ്റതാരം ലിസ്റ്റൻ കൊളാക്കോ, സെന്റർ ബാക്ക് ചിങ്ലൻസന സിങ്, മധ്യനിരതാരം ഹളിചരൻ നർസാരി തുടങ്ങിയ താരങ്ങളുടെ പ്രകടനവും സീസണിൽ എടുത്തുപറയേണ്ടതാണ്. ഈ നാല് താരങ്ങളും സീസണിൽ മത്സരത്തിലെ ഹീറോ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

സീസണിൽ മൂന്ന് ​ഗോൾ നേടിയ നർസാരിയാണ് ക്ലബിന്റെ ഇന്ത്യൻ ടോപ് സ്കോറർ. ലിസ്റ്റൻ രണ്ട് ​ഗോൾ നേടി. രണ്ട് ​ഗോളുകൾക്കാണ് ലിസ്റ്റൻ ഇതുവരെ വഴിയൊരുക്കിയത്. യാസിറും രണ്ട് ​ഗോളിന് അസിസ്റ്റ് നൽകി. റായിയും മിശ്രയും ഓരോ ​ഗോളുകൾക്ക് വഴിതെളിച്ചു.

Vartha Malayalam News - local news, national news and international news.