മാനസികാരോഗ്യം ഉറപ്പാക്കാന്‍ ടെലിമനസ്: മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങള്‍ക്കും വിഷമതകള്‍ക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നതിനുമുള്ള ടെലി മനസിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് വളരെയേറെ പ്രാധാന്യത്തോടെയാണ് മാനസികാരോഗ്യ മേഖലയെ കാണുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വ്യക്തികള്‍ക്കുണ്ടാകുന്ന മാനസിക വിഷമതകള്‍, അത് അതിജീവിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയ്ക്കായാണ് ടെലി മനസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വൈകാരിക പ്രശ്‌നങ്ങള്‍, പെരുമാറ്റ പ്രശ്‌നങ്ങള്‍, ആത്മഹത്യാ പ്രവണത, ലഹരി വിമോചന ചികിത്സയുമായി ബന്ധപെട്ട സംശയങ്ങള്‍, മാനസിക വിഷമതകള്‍, മാനസികാരോഗ്യ ചികിത്സയുമായി ബന്ധപെട്ട സംശയങ്ങള്‍, ചികിത്സ ലഭ്യമാകുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയ്‌ക്കെല്ലാം ടെലി മനസ് സേവനം പ്രയോജനപ്പെടുത്താമെന്നും മന്ത്രി വ്യക്തമാക്കി. നവംബര്‍ ഒന്ന് മുതല്‍ 24 മണിക്കൂറും ടെലിമനസ് സേവനം ലഭ്യമാക്കുന്നതാണ്. ടെലി മനസ് സേവനങ്ങള്‍ക്കായി 20 കൗണ്‍സിലര്‍മാരെയും സൈക്യാട്രിസ്റ്റ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ പ്രവര്‍ത്തകരെയും നിയോഗിക്കുന്നതാണ്.

ആദ്യ ഘട്ടമെന്ന നിലയില്‍ 5 കൗണ്‍സിലര്‍മാരയാണ് നിയമിച്ചിട്ടുള്ളത്. കോളുകള്‍ കൂടുന്ന മുറയ്ക്ക് 20 കൗണ്‍സിലര്‍മാരെയും നിയോഗിക്കുന്നതാണ്. കൂടാതെ മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും ആവശ്യമെങ്കില്‍ നേരിട്ടുളള സേവനങ്ങള്‍ നല്‍കുന്നതിനായിട്ടുള്ള സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനു, മാനസികാരോഗ്യ വിഭാഗം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. കിരണ്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

ടെലിമനസ് നമ്പരുകള്‍ 14416, 1800 89 14416

Vartha Malayalam News - local news, national news and international news.