രണ്ട് ആർടിപിസിആറും അഞ്ച് റാപ്പി‍ഡ് ടെസ്റ്റും നടത്തിയിട്ടും വിമാനയാത്രയ്ക്കിടെ യുവതിക്ക് കൊവിഡ്! ബാത്ത്റൂമിൽ ക്വാറന്റീനിൽ

വിമാനയാത്രയ്ക്കിടെ കൊവിഡ് പോസിറ്റിവായതിനെ (Covid +ve) തുടർന്ന് മൂന്ന് മണിക്കൂർ വിമാനത്തിന്റെ ബാത്ത്റൂമിൽ ക്വാറന്റീനിൽ (quarantine) കഴിഞ്ഞ് യുവതി. ഷിക്കാഗോയിൽ നിന്നും ഐസ്‌ലാൻഡിലേക്കുള്ള യാത്രയ്ക്കിടെയാണ് അധ്യാപികയായ മരീസ ഫോട്ടിയോക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

യാത്രയ്ക്കിടെ മരീസയ്ക്ക് തൊണ്ട വേദന അനുഭവപ്പെട്ടു. തുടർന്ന് ഇവർ ബാത്ത്റുമിൽ കയറി കയ്യില്‍ കരുതിയിരുന്ന റാപ്പിഡ് ടെസ്റ്റ് ഉപയോഗിച്ച് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബാക്കി സമയം ബാത്ത്റൂമിൽ ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു മരീസ. വിമാനത്തിൽ കയറുന്നതിനു മുൻപ് മരീസ രണ്ട് ആർടിപിസിആറും അഞ്ച് റാപ്പിഡ് ടെസ്റ്റും നടത്തിയിരുന്നു. എന്നാല്‍ അപ്പോഴെല്ലാം നെഗറ്റിവായിരുന്നു ഫലം. 

രണ്ട് വാക്സിനും എടുത്ത വ്യക്തിയാണ് മരീസ. വിമാനത്തിൽ കയറുന്നതിനു തൊട്ടുമുൻപ് ഇത്രയും ടെസ്റ്റുകൾ നടത്തിയിട്ടും ഇപ്പോള്‍ പോസിറ്റീവ് റിസൽട്ട് ലഭിച്ചത് തന്നെ ഭയപ്പെടുത്തിയെന്നും മരീസ പറയുന്നു. വിമാനത്തിലെ മറ്റുയാത്രക്കാരെ കുറിച്ചോർത്തും ആശങ്ക ഉണ്ടായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

തനിക്ക് മാത്രമായി ഒരു സീറ്റ് നൽകാമെന്ന് വിമാനത്തിലെ ജീവനക്കാർ അറിയിച്ചെങ്കിലും സീറ്റ് കണ്ടെത്താനായില്ല. തുടർന്ന് താൻ സ്വമേഥയാ ക്വാറന്റീനിൽ ഇരിക്കാൻ തയാറാകുകയായിരുന്നു എന്നും മരീസ പറയുന്നു. ഐസ്‌‌ലാൻഡിൽ എത്തിയ ഉടൻ തന്നെ ഇവർ ഒരു ഹോട്ടലിലേയ്ക്ക് ക്വാറന്റിനിലേയ്ക്ക് മാറുകയും ചെയ്തു. 

Vartha Malayalam News - local news, national news and international news.