വാക്സിനേഷൻ ഫലം കണ്ടു; ഇസ്രയേലിൽ പൊതുസ്ഥലത്ത് മാസ്ക് ഒഴിവാക്കി ആരോഗ്യ മന്ത്രാലയം

ഇസ്രായേല്‍: വാക്‌സിനേഷന്‍ ഫലം കണ്ടതോടെ രോഗ വ്യാപനം കുറഞ്ഞുവെന്നും, അതിനാല്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൊണ്ടു വന്ന നിര്‍ബന്ധിത മാസ്‌ക് ധരിക്കല്‍ ചട്ടം ഒഴിവാക്കിയെന്നും ആരോഗ്യ മന്ത്രാലയം. ഇനി രാജ്യത്ത് പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നില്ല. അടുത്ത ദിവസം മുതല്‍ സ്‌കൂളുകളും പൂര്‍ണമായി രാജ്യത്ത് തുറന്ന് പ്രവര്‍ത്തിക്കും. അതേസമയം കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ മാസ്‌ക് ഒഴിവാക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിഭാഗവും കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് നടത്തിയതിനു പിന്നാലെയാണ് ഇസ്രായേലില്‍ രോഗവ്യാപനവും കൊവിഡ് മൂലമുള്ള മരണങ്ങളും കുറഞ്ഞത്. 90 ലക്ഷത്തിലേറെ വരുന്ന ജനസംഖ്യയില്‍ 54 ശതമാനം പേരും രണ്ടാം വട്ട കൊവിഡ് വാക്സിനും സ്വീകരിച്ചു.കൊവിഡ് വാക്സിനേഷനില്‍ അമേരിക്കയ്ക്കും മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മുമ്ബിലായിരുന്നു നേരത്തെ തന്നെ ഇസ്രായേല്‍.

ഒന്നാമതായി രാജ്യത്ത് വളരെയധികം ഡിജിറ്റലൈസ് ചെയ്യപ്പെട്ട കമ്മ്യൂണിറ്റി ആരോഗ്യ മേഖലയാണ്. രാജ്യത്തെ എല്ലാ പൗരന്‍മാരും നിയമപ്രകാരം ഇസ്രായേലിലെ നാല് എച്ച്‌എംഒകളില്‍ ഒന്നില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇസ്രായേല്‍ ജനസംഖ്യയും ഇതില്‍ ഒരു പ്രധാന ഘടകമാണ്. ഇസ്രായേലില്‍ 90 ലക്ഷം ജനസംഖ്യയാണുള്ളത്. ഒരു കേന്ദ്രീകൃത മെഡിക്കല്‍ സംവിധാനത്തില്‍ ഇവരെ കൊണ്ടുവരാന്‍ താരതമ്യേന എളുപ്പമാണെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു.

കൊവിഡ് വാക്സിന്‍ രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നേരത്തെ തുടങ്ങിയിട്ടുമുണ്ടായിരുന്നു. ഫൈസര്‍ ബയോടെക് വാക്സിന്‍, മോഡേണ തുടങ്ങിയ വാക്സിന്‍ നിര്‍മാതാക്കളുമായി അതിവേഗം ധാരണയിലെത്താന്‍ ഇസ്രായേല്‍ ആരോഗ്യമേഖലക്ക് കഴിഞ്ഞുവെന്നും അധികൃതര്‍ പറഞ്ഞു.

Vartha Malayalam News - local news, national news and international news.