വിജയ് ഹസാരെ ട്രോഫി; മിന്നും ഫോമില്‍ ഷാറൂഖ് ഖാന്‍

ഐ.പി.എല്‍ ലേലത്തില്‍ കോടികള്‍ സ്വന്തമാക്കി ശ്രദ്ധേയനായ തമിഴ്‌നാടിന്റെ യുവതാരം ഷാറൂഖ് ഖാന്‍ വിജയ്ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം. തമിഴ്‌നാടിന്റെ ആദ്യ മത്സരത്തില്‍ താരം പുറത്താകാതെ 55 റണ്‍സാണ് നേടിയത്. 36 പന്തുകളില്‍ നിന്നാണ് ഷാറൂഖ് ഖാന്‍ 55 റണ്‍സ് നേടിയത്. മത്സരത്തില്‍ പഞ്ചാബ് തോറ്റു. ആറു വിക്കറ്റിനായിരുന്നു തമിഴ്‌നാടിന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറില്‍ നേടിയത് 288 റണ്‍സ്. മറുപടി ബാറ്റിങില്‍ തമിഴ്‌നാട് 49 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. തമിഴ്‌നാടിനായി എന്‍ ജഗദീഷന്‍ സെഞ്ച്വറി നേടി(103). നാലാമനായാണ് ഷാറൂഖ്ഖാന്‍ ഇറങ്ങിയത്. ഏഴ് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഷാറൂഖിന്റെ ഇന്നിങ്‌സ്.

25കാരനായ ഷാറൂഖ് ഖാനെ 5.25 കോടി കൊടുത്താണ് പ്രീതി സിന്‍ഡയുടെ ടീം ആയ പഞ്ചാബ് കിങ്സ് സ്വന്തമാക്കുന്നത്. 20 ലക്ഷമായിരുന്നു ഷാറൂഖ് ഖാന്റെ അടിസ്ഥാന വില. ഇതുവരെ ഇന്ത്യന്‍ ടീമിലെത്തിയിട്ടില്ല. 2014ലാണ് ഷാറൂഖ് തമിഴ്‌നാടിനായി ടി20യില്‍ അരങ്ങേറുന്നത്. 31 ടി20കളില്‍ നിന്നായി 293 റണ്‍സെ താരം നേടിയിട്ടുള്ളൂ. 131.39 ആണ് സ്‌ട്രൈക്ക് റേറ്റ്. ഈ സ്‌ട്രൈക്ക് റൈറ്റില്‍ കണ്ണുവെച്ചാണ് ഷാറൂഖ് ഖാനെ പഞ്ചാബ് റാഞ്ചുന്നത്. ഷാറൂഖ് ഖാനായി മറ്റു ടീമുകളും രംഗത്തുണ്ടായിരുന്നു.

അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ഷാറൂഖ് ഖാനെപ്പോലൊരു ബാറ്റ്‌സ്മാന് കഴിയും എന്ന വിലയിരുത്തലിലാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കുന്നത്.

Vartha Malayalam News - local news, national news and international news.