മനുഷ്യന് പന്നിയുടെ ഹൃദയമോ? അറിയാം സെനോട്രാൻസ്പ്ലാന്റേഷനെ കുറിച്ച്

അവയവമാറ്റ ശസ്ത്രക്രിയകൾ ഇപ്പോൾ സാധാരണമാണ്. പക്ഷേ, ഈയടുത്ത് അമേരിക്കയിൽ നിന്ന് ഒരു അവയവമാറ്റ വാ‍ർത്ത എത്തിയപ്പോൾ പലരും നെറ്റി ചുളിച്ചു. പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവച്ചെന്നായിരുന്നു വാ‍ർത്ത. അതെങ്ങനെ സാധ്യമാകും എന്നാണ് പലരും ചോദിച്ചത്. അത് സാധ്യമാണ്. മാത്രമല്ല, വളരെ കാലമായി പരീക്ഷിക്കുന്ന ഒന്നുമാണ്. സെനോട്രാൻസ്പ്ലാന്റേഷൻ എന്നാണ് അതിന്റെ പേര്.

എന്താണ് സെനോട്രാൻസ്പ്ലാന്റേഷൻ ?

ജനിതകമാറ്റം വരുത്തിയ പന്നികളുടെ ജീവനുള്ള കോശങ്ങൾ, അവയവങ്ങൾ എന്നിവ മനുഷ്യനിൽ മാറ്റി വയ്ക്കുന്ന പ്രക്രിയയെ സെനോട്രാൻസ്പ്ലാന്റേഷൻ (xenotransplantation) എന്നാണ് പറയുന്നത്. ഹൃദയം മാറ്റിവെക്കുന്നത് ആദ്യമാണെങ്കിലും, പന്നിയുടെ ഹൃദയത്തിന്റെ വാൽവുകൾ, വൃക്ക എന്നിവ നേരത്തെ തന്നെ മനുഷ്യനിൽ മാറ്റി വയ്ക്കാൻ ശ്രമം നടത്തിയിരുന്നു. പന്നികളുടെ ഹൃദയവാൽവുകളാകട്ടെ ഏറെ വർഷങ്ങളായി ഹൃദ്രോഗികളിൽ ഉപയോഗിക്കുന്നുണ്ട്. അപ്പോൾ ഒരു സംശയം ഉണ്ടാകാം.

എല്ലാ പന്നികളുടേയും അവയവങ്ങൾ മാറ്റി വയ്ക്കാമോ ?

കഴിയില്ല എന്നാണ് ഉത്തരം. ജനിതക മാറ്റങ്ങൾ വരുത്തിയ പന്നികളുടെ അവയവങ്ങൾ മാത്രമേ മാറ്റിവെക്കാൻ കഴിയൂ. അതിന്റെ ഭാഗമായി പന്നികൾക്കുള്ളിൽ മനുഷ്യാവയവങ്ങൾ വളർത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ ശാസ്ത്രജ്ഞർ. പന്നിയുടെ ഭ്രൂണങ്ങളിലേക്ക് മനുഷ്യ മൂലകോശങ്ങൾ കുത്തിവച്ചാണ് അവയവങ്ങൾ വളർത്തിയെടുക്കുന്നത്. ഇങ്ങനെ നി‍ർമ്മിച്ചെടുക്കുന്ന മനുഷ്യന്റേയും പന്നിയുടേയും സംയുക്ത രൂപത്തെ ചിമേറസ് എന്നാണ് വിളിക്കുന്നത്. രണ്ട് ഘട്ടമായിട്ടാണ് ചിമേറസ് ഭ്രൂണങ്ങൾ സൃഷ്ടിക്കുന്നത്. ആദ്യം പന്നിയുടെ ഭ്രൂണത്തിലെ ഡി.എൻ.എ നീക്കം ചെയ്യുന്നു. ഇത് ഗർഭപിണ്ഡത്തെ ശൂന്യമാക്കി നിലനി‍ർത്തും. പിന്നീട് ചില സെല്ലുകൾ ഭ്രൂണത്തിലേക്ക് കുത്തിവയ്ക്കുന്നു. അങ്ങനെ ഉണ്ടാകുന്ന അവയവങ്ങൾ മനുഷ്യ അവയവങ്ങൾക്ക് തുല്ല്യമായി തീരുന്നു. അതാണ് മാറ്റിവയ്ക്കലിന് ഉപയോ​ഗിക്കുന്നത്.

ആരിലാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രീയ നടത്തിയത്? ഇത്തരം ശസ്ത്രക്രിയകൾ വിജയകരമോ ?

അമേരിക്കക്കാരനായ ഡേവിഡ് ബെന്നറ്റിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്. ബെന്നറ്റിന്റെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമായിട്ടാണ് യൂണിവേഴ്‌സിറ്റി ഓഫ് മാരിലാൻഡ് മെഡിക്കൽ സെന്ററിലെ ഡോക്ടർമാരും ഈ ശസ്ത്രക്രിയയെ കണ്ടത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ആറാഴ്ച മുമ്പ് പൂർണ്ണമായും കിടപ്പിലായി. അതി ഗുരുതരാവസ്ഥയിലായ ബെന്നറ്റിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ജീവൻ നിലനിർത്താൻ മെഷീനുകളുടെ സഹായം തേടുകയും ചെയ്തു.

കൃത്യസമയത്ത് അവയവം കിട്ടാതിരുന്നത് സ്ഥിതി കൂടുതൽ വഷളാക്കി. ഇതോടെയാണ് പരീക്ഷണത്തിൽ വിജയിച്ചിരുന്ന, പന്നിയുടെ ഹൃദയം ബെന്നറ്റിൽ ഘടിപ്പിക്കാൻ തീരുമാനിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും പന്നിയുടെ ഹൃദയം സ്വീകരിച്ച ബെന്നറ്റിന് എത്രകാലം അതിജീവിക്കാൻ കഴിയുമെന്നോ ഭാവിയിലെ ആരോഗ്യസ്ഥിതി എന്തായിരിക്കും എന്നോ ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. മുന്നിൽ ഇനി രണ്ട് വഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ മരിക്കുക, അല്ലെങ്കിൽ ഹൃദയം മാറ്റിവെക്കുക. അവസാനത്തെ തെരഞ്ഞെടുപ്പ് എന്ന നിലയിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. ഇത് എത്രത്തോളം വിജയിക്കും എന്ന് അറിയില്ല. ശസ്ത്രക്രിയക്ക് മുമ്പ് ഡേവിഡ് ബെന്നറ്റ് പറഞ്ഞത് ഇങ്ങനെയാണ്.

ഇന്ത്യയിൽ xenotransplantation നടന്നിട്ടുണ്ടോ?

ഇന്ത്യയിൽ കാല്‍ നൂറ്റാണ്ട് മുമ്പ് അസം സ്വദേശിയായ ട്രാന്‍സ്പ്ലാന്റ് സര്‍ജൻ ഡോ. ധനിറാം ബറുവ (Dr. Dhani Ram Baruah) പന്നിയില്‍ നിന്ന് മനുഷ്യനിലേക്ക് ഹൃദയവും ശ്വാസകോശവും മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. സംഭവം വലിയ വിവാദമാവുകയും അതിനെത്തുടർന്ന് അദ്ദേഹത്തിന് 40 ദിവസത്തോളം ജയിലിൽ കഴിയേണ്ടി വരികയും ചെയ്തു. 1997ലാണ് ഡോ. ധനിറാം ബറുവ, ഹോങ്കോംഗ് സര്‍ജന്‍ ഡോ. ജോനാഥന്‍ ഹോ കീ-ഷിംഗിനൊപ്പം ഗുവാഹത്തിയില്‍ വെച്ച് പന്നിയില്‍ നിന്ന് മനുഷ്യനിലേക്ക് ഹൃദയവും ശ്വാസകോശവും മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയത്. വെന്‍ട്രിക്കുലാര്‍ സെപ്റ്റല്‍ വൈകല്യം അഥവാ ഹൃദയത്തില്‍ ഒരു ദ്വാരം ഉണ്ടായിരുന്ന 32കാരനായ മനുഷ്യനിലേക്കാണ് ഡോ. ബറുവ ഒരു പന്നിയുടെ ഹൃദയം മാറ്റിവെച്ചതെന്നാണ് മാധ്യമ വാ‍ത്തകൾ. എന്നാൽ, ശസ്ത്രക്രിയ്ക്ക് ഒരാഴ്ചയ്ക്ക് ശേഷം രോഗി മരിച്ചതായി വാ‍ത്തകൾ വന്നു.

ഇത്തരം അവയവം മാറ്റിവയ്ക്കലുകള്‍ എങ്ങനെ സഹായകരമാകും?

മൃഗങ്ങളുടെ അവയവങ്ങള്‍ മാറ്റിവയ്ക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്ന ശസ്ത്രക്രിയകളും രീതികളും പതിറ്റാണ്ടുകളായി ആധുനിക വൈദ്യശാസ്ത്രം പിന്തുടരുന്നുണ്ട്. എന്നാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പുറത്തുനിന്നുള്ള അവയവത്തെ നിരസിക്കുന്നത് സംബന്ധിച്ച വെല്ലുവിളിയെ അതിജീവിക്കുക ബുദ്ധിമുട്ടാണ്. ഇത് രോഗികളില്‍ മാരകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.

Vartha Malayalam News - local news, national news and international news.