കണ്ണൂർ :സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് കൊടും ക്രിമിനല്‍ ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്.യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചമിയെ ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോള്‍ ഉണ്ടായിരുന്നില്ലെന്ന് ജയില്‍ അധികൃതർ പ്രതികരിച്ചു.
പൊലീസ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.
അതീവ സുരക്ഷാ സെല്ലില്‍ കഴിയുന്ന ഗോവിന്ദച്ചാമി എങ്ങനെ ജയില്‍ ചാടി എന്നത് സംബന്ധിച്ച് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രല്‍ ജയിലിലെ വൻ സുരക്ഷ മറികടന്ന് ഗോവിന്ദച്ചാമി എങ്ങനെ ജയില്‍ചാടിയെന്ന് വ്യക്തമല്ല. എസിപി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ എത്തിയതായാണ് വിവരം. അതീവ സുരക്ഷാ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി എങ്ങനെ രക്ഷപ്പെട്ടുവെന്നത് ചോദ്യമായി തുടരുകയാണ്.
2011 ഫെബ്രുവരി ഒന്നിനാണ് കേരളത്തെ ഞെട്ടിച്ച ബലാത്സംഗവും അരുംകൊലയും നടന്നത്. ട്രെയിൻ യാത്രയ്ക്കിടെയാണ് സൗമ്യയെ ആക്രമിച്ച് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്. ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഗോവിന്ദച്ചാമിയെ അറസ്റ്റ് ചെയ്തത്. വലിയ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ വധശിക്ഷ വിധിച്ചെങ്കിലും സുപ്രീംകോടതി കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന് കണ്ടെത്തി വധശിക്ഷ റദ്ദാക്കിയിരുന്നു. ഗോവിന്ദച്ചാമിയുടെ ചിത്രം പുറത്ത് വിട്ട് ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഫോണ്‍- 9446899506.