സൈനിക അട്ടിമറിക്ക് കരുക്കള്‍ നീക്കി; ഷെയ്ക് ഹസീന രാജ്യം വിട്ടതോടെ രക്ഷകനായി അവതരിച്ചു; ആരാണ് ആരാണ് ബംഗ്ലാദേശ് സൈനിക മേധാവി വേക്കര്‍ ഉസ് സമന്‍?

ധാക്ക: ബംഗ്ലാദശ് പ്രധാനമന്ത്രി പദവി ഒഴിഞ്ഞ് ഷെയ്ക് ഹസീന രാജ്യം വിട്ടതോടെ ലോക മാധ്യമങ്ങളുടെ ക്യാമറ തിരിഞ്ഞത് സൈനിക മേധാവി വേക്കര്‍ ഉസ് സമനിലേക്കായിരുന്നു. താന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എല്ലാറ്റിന്റെയും പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.

76 കാരിയായ ഷെയ്ക് ഹസീന സഹോദരിക്കൊപ്പം കൊട്ടാരം വിട്ട് രാജ്യം നിന്ന് പലായനം ചെയ്തു. ആ സമയം പ്രക്ഷോഭകാരികള്‍ കൊട്ടാരത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ ഷെയ്ക് ഹസീനയുടെ രാജി സ്ഥിരീകരിച്ച വേക്കര്‍ ഉസ് സമന്‍ രാജ്യം വളരെയേറെ കഷ്ടത അനുഭവിച്ചുവെന്ന് പറഞ്ഞു. ‘രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ താറുമാറായി, നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. ഇനി അക്രമം അവസാനിപ്പിക്കാന്‍ സമയമായി. എന്റെ പ്രസംഗത്തിന് ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു’, വേക്കര്‍ ഉസ് സമന്‍ പറഞ്ഞു.

ആരാണ് വേക്കര്‍ ഉസ് സമന്‍?

നാല് പതിറ്റാണ്ടോളം കാലാള്‍ പടയില്‍ സേവനം അനുഷ്ഠിച്ച വേക്കര്‍ ഉസ് സമന്‍ രണ്ടുവട്ടം യുഎന്‍ സമാധാന സേനയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് പദവിയില്‍ എത്തിയത് ജൂണിലാണ്. മുന്‍ ജനറല്‍ എസ് എം ഷഫിയുദ്ദീന്‍ അഹമ്മദ് വിരമിച്ചപ്പോളാണ് പകരം ചുമതലയേറ്റെടുത്തത്. ഇന്‍ഫന്‍ട്രി ബറ്റാലിയന്‍, സ്വതന്ത്രമായ ഇന്‍ഫന്‍ട്രി ബ്രിഗേഡ്, ഒരു ഇന്‍ഫന്‍ട്രി ഡിവിഷന്‍ എന്നിവയുടെ കമാന്‍ഡറായി ദീര്‍ഘകാലത്തെ സേവന പരിചയം.

ബംഗ്ലാദേശ് സൈനിക അക്കാദമിയിലായിരുന്നു ആദ്യകാല പഠനം. പിന്നീട് മിര്‍പൂറിലെ ഡിഫന്‍സ് സര്‍വീസസ് കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജിലും, യുകെയിലെ ജോയിന്റ് സര്‍വീസസ് കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജിലും പഠിച്ചു. ബംഗ്ലാദേശ് നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലണ്ടന്‍ സര്‍വകലാശാലയിലെ കിങ്്‌സ് കോളേജില്‍ നിന്നും ഡിഫന്‍സ് സ്റ്റഡീസില്‍ ഉന്നത ബിരുദങ്ങള്‍ ഉണ്ട്.

ആംഡ് ഫോഴ്‌സസ് ഡിവിഷനില്‍ ഷെയ്ക് ഹസീനയുടെ മുഖ്യ സ്റ്റാഫ് ഓഫീസര്‍ എന്ന നിലയില്‍ ദേശീയ പ്രതിരോധ ദൗത്യങ്ങളിലും അന്താരാഷ്ട്ര സമാധാന പാലന കാര്യങ്ങളിലും മുഴുകിയിരുന്നു.

Vartha Malayalam News - local news, national news and international news.