2000 രൂപയുടെ നോട്ട് മാറിയെടുക്കാൻ പ്രത്യേക ഫോം വേണ്ട; തിരിച്ചറിയൽ കാർഡും വേണ്ട; ഒറ്റത്തവണ മാറ്റാവുന്ന തുകയുടെ പരിധിയും പുറത്തുവിട്ട് എസ്ബിഐ

പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ മാറിയെടുക്കാൻ ബാങ്കിൽ പ്രത്യേകം ഫോം വേണ്ടെന്ന് എസ്ബിഐ. ഉപയോക്താക്കൾക്ക് ഒറ്റ തവണ 10 നോട്ടുകൾ വരെ മാറ്റി നൽകുമെന്നും മാറിയെടുക്കാൻ തിരിച്ചറിയൽ രേഖകൾ ഒന്നും സമർപ്പിക്കേണ്ടതില്ലെന്നും എസ്ബിഐ വ്യക്തമാക്കി. 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച് ആർബിഐ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചരണങ്ങൾ വ്യാപകമായിരുന്നു. ഇതോടെയാണ് എസ്ബിഐയുടെ വിശദീകരണം.

നിലവിൽ പ്രചാരത്തിലുള്ള നോട്ടുകൾ സെപ്‌റ്റംബർ മുപ്പതിനകം ബാങ്കുകളിൽ തിരികെ നൽകാനാണ് നിർദ്ദേശം. രണ്ടായിരത്തിന്റെ നോട്ടുകൾ പൂർണ്ണമായും പിൻവലിക്കുന്നതായാണ് ആർബിഐ വാർത്താകുറിപ്പിലൂടെ അറിയിച്ചത്. ഇപ്പോൾ കൈവശമുള്ള രണ്ടായിരത്തിൻറെ നോട്ടുകൾ തൽക്കാലം മൂല്യമുണ്ടാകും. ഇത് കൈമാറ്റം ചെയ്യുന്നതിനും തടസ്സമില്ല.

പഴയ നോട്ടുകൾ പിൻവലിക്കുന്ന ക്ലീൻ നോട്ട് നയത്തിന്റെ ഭാഗമാണിതെന്ന് ആർബിഐ വിശദീകരിച്ചു. ആകെ മൂന്നു ലക്ഷത്തി അറുപത്തി രണ്ടായിരം കോടിയുടെ നോട്ടുകളാണ് നിലവിൽ ജനങ്ങളുടെ പക്കലുള്ളത്. ഇത് പത്തു ശതമാനം മാത്രമാണെന്നിരിക്കെ ജനങ്ങളെ ബാധിക്കില്ല എന്നാണ് റിസർവ് ബാങ്ക് വിലയിരുത്തൽ.

Vartha Malayalam News - local news, national news and international news.