തമിഴ്‌നാട്ടിലും നിപ വൈറസ് സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് കോയമ്പത്തൂര്‍ സ്വദേശിക്ക്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. വാര്‍ത്താ എജന്‍സിയായ എ.എന്‍.ഐ ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കോയമ്പത്തൂര്‍ സ്വദേശിയായ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം പടരാതിരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ജി.എസ്. സമീരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തെ കേരളത്തില്‍ നിപ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിലും പരിശോധന കര്‍ശനമാക്കിയിരുന്നു. കനത്ത പനിയുമായി വരുന്ന എല്ലാവരെയും നിപ ടെസ്റ്റിന് വിധേയമാക്കുമെന്ന് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം കേരളത്തില്‍ രോഗം ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരനുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ കൂടുതല്‍ പേരില്‍ നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് എട്ട് പേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ കാണിച്ചതായി അറിയിച്ചത്.

251 പേരാണ് ആകെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇന്നലെ അത് 188 ആയിരുന്നു. ഇതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ 32 പേരാണ് ഉള്ളത്. നിലവില്‍ ഇവര്‍ ആശുപത്രിയിലാണ്.

ഇതില്‍ എട്ട് പേരുടെ പരിശോധനാഫലമാണ് ഇനി പൂനെയില്‍ നിന്ന് വരാനുള്ളത്. 12 മണിക്കൂറിനകം ഫലം എത്തുമെന്നാണ് അറിയുന്നത്.

കുട്ടിയുടെ അമ്മയ്ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായിരുന്നു നേരത്തെ രോഗലക്ഷണമുണ്ടായിരുന്നത്. ഇന്ന് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ പട്ടിക പുറത്തുവിട്ടത്.

ആറ് പേര്‍ കൂടി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുവെന്നാണ് അധികൃതകര്‍ അറിയിച്ചത്. നേരത്തെ പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്ന 20 പേരെയായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. ഇപ്പോള്‍ 12 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗ നിയന്ത്രണം സാധ്യമാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് ചികിത്സയെ ബാധിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി

Vartha Malayalam News - local news, national news and international news.