പൃഥ്വിരാജിനേക്കാൾ കൂടിയ തുകയ്ക്ക് വാഹന രജിസ്‌ട്രേഷൻ നമ്പർ സ്വന്തമാക്കി കോട്ടയം അച്ചായൻസ് ജുവലറി ഉടമ..! വാഹന നമ്പർ സ്വന്തമാക്കിയത് കോട്ടയം ജില്ലയിലെ റെക്കോർഡ് തുക മുടക്കി; ഇഷ്ട നമ്പരിനായി മുടക്കിയത് മോഹവില

കോട്ടയം: പൃഥ്വിരാജിനെക്കാൾ കൂടിയ തുകയ്ക്ക് വാഹന രജിസ്‌ട്രേഷൻ നമ്പർ സ്വന്തമാക്കി കോട്ടയം അച്ചായൻസ് ജുവലറി ഉടമ. പുതുതായി സ്വന്തമാക്കുന്ന കിയായുടെ വാഹനത്തിനായി അച്ചായൻസ് ജുവലറി ഉടമ അയർക്കുന്നം കുടകശേരിൽ ടോണി വർക്കിച്ചൻ റെക്കോർഡ് തുക മുടക്കിയത്. പൃഥ്വിരാജ് സ്വന്തം വാഹനത്തിനായി മുടക്കിയതിൽ കൂടുതൽ തുകയാണ് ഇദ്ദേഹം പുതിയ കാറിനായി മുടക്കിയിരിക്കുന്നത്. കോട്ടയം ആർ.ടി ഓഫിസിൽ നിന്നുളള KL 05 AY 7777 എന്ന നമ്പരിനായി ഇദ്ദേഹം 8.80 ലക്ഷം രൂപയാണ് മുടക്കിയിരിക്കുന്നത്. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത തന്റെ വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കുന്നതിനായി പൃഥ്വിരാജ് മുടങ്ങിയത് ഏഴര ലക്ഷമായിരുന്നു. ഈ റെക്കോർഡാണ് ഇപ്പോൾ ടോണി വർക്കിച്ചൻ മറികടന്നിരിക്കുന്നത്. കോട്ടയം ജില്ലയിലെ റെക്കോർഡ് തുകയ്ക്കാണ് ഇപ്പോൾ ഇദ്ദേഹം വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ സ്വന്തമാക്കിയിരിക്കുന്നത്.

തെള്ളകത്തെ കിയാ ഷോറൂമിൽ നിന്നാണ് ഇദ്ദേഹം കിയയുടെ ഏറ്റവും പുതിയ മോഡലായ കിയ മോട്ടേഴ്‌സിന്റെ കാർണിവൽ ലിമിസിൻ പ്ലസ് ബുക്ക് ചെയ്തത്. തന്റെ മുൻ വാഹനങ്ങളായ ജാഗ്വാറിനും, കിയോയുടെ സെൽടോസിനുമെല്ലാം ഉള്ള അതേ നമ്പരായ 7777 എന്ന നമ്പർ തന്നെ പുതിയ വാഹനത്തിനും വേണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയായിരുന്നു. ഇതേ തുടർന്ന്, ഇദ്ദേഹം ഓൺലൈനായി KL 05 AY 7777 എന്ന നമ്പരിനു വേണ്ടി ബുക്ക് ചെയ്തു. എന്നാൽ, ഈ നമ്പരിനു വേണ്ടി മറ്റൊരാൾ കൂടി അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തുകയായിരുന്നു. തുടർന്ന് ഓൺലൈൻ വഴി തന്നെ വാശിയേറിയ ലേലം നടന്നു.

ഈ ലേലത്തിലാണ് ഇദ്ദേഹം നമ്പർ സ്വന്തമാക്കിയത്. ഇദ്ദേഹത്തിനൊപ്പം ഇതേ നമ്പരിനായി മത്സരിച്ചയാൾ 7.80 ലക്ഷം വരെ ലേലം വിളിച്ചിരുന്നു. എന്നാൽ, ഇദ്ദേഹം പിന്നീട് ഇതിൽ നിന്നും പിന്മാറുകയായിരുന്നു. ഇതേ തുടർന്നാണ് വാശിയേറിയ മത്സരത്തിൽ ഇദ്ദേഹം ജയിച്ചത്. 45.40 ലക്ഷം രൂപമുടക്കിയാണ് കിയായുടെ തെള്ളകത്തെ ഷോറൂമിൽ നിന്നും ഇദ്ദേഹം വാഹനം സ്വന്തമാക്കിയത്.

Vartha Malayalam News - local news, national news and international news.