കോവിഡ് വാക്സിൻ കയറ്റുമതി അടുത്തമാസം പുനരാരംഭിക്കും

ന്യൂഡൽഹി: രാജ്യത്ത് അധികമുള്ള കോവിഡ് വാക്സിൻ ‘വാക്സിൻ മൈത്രി’ പദ്ധതിപ്രകാരം കയറ്റുമതി ചെയ്യുന്നത് ഒക്ടോബറിൽ പുനരാരംഭിക്കും. ആഗോളതലത്തിൽ വാക്സിൻ വിതരണം ചെയ്യുന്ന കോവാക്സ് ദൗത്യത്തിലേക്ക് ഇന്ത്യ നൽകേണ്ട സംഭാവന തികയ്ക്കുന്നതിനും കൂടിയാണിത്. എന്നാൽ, രാജ്യത്തെ പൗരന്മാർക്ക് വാക്സിൻ നൽകുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തിങ്കളാഴ്ച പറഞ്ഞു.

ഒക്ടോബറിൽ 30 കോടിയും അടുത്ത മൂന്നുമാസത്തിനുള്ളിൽ നൂറുകോടിയും ‍ഡോസ് വാക്സിൻ സർക്കാരിന് ലഭിക്കും. ഇതുവരെ രാജ്യത്ത് 81 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ പത്തുകോടി ഡോസ് കഴിഞ്ഞ 11 ദിവസംകൊണ്ടാണ് നൽകിയത്. മറ്റുരാജ്യങ്ങൾക്ക് മാതൃകയാക്കാനാവുംവിധം വളരെ വേഗത്തിലാണ് രാജ്യത്ത് കുത്തിവെപ്പു നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ചമാത്രം രാജ്യത്ത് 2.50 കോടിയിലധികം ഡോസ് വാക്സിനാണ് വിതരണം ചെയ്തത്.

Vartha Malayalam News - local news, national news and international news.