ഡ്രൈവറില്ലാതെയും ഓടാം;16,000 കിലോമീറ്റര്‍, 2700 യാത്രക്കാരുമായി യാത്ര ചെയ്ത് ഡ്രൈവര്‍ലെസ് ടാക്‌സി

വളരെ വേഗത്തിലാണ് ടെക്‌നോളജിയുടെ വളർച്ച. കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കില്ലെന്ന് നമ്മൾ കരുതിയ എല്ലാ പരിധികളും മറികടന്ന ഒരു ലോകത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. വളരെ കാലമായി നമ്മൾ കേൾക്കുന്ന ഒന്നാണ് ഡ്രൈവർലെസ്സ് ടാക്സികളെ കുറിച്ച് . അതിന്റെ പരീക്ഷണത്തിലായിരുന്നു പല കമ്പനികളും. അതെല്ലാം വിജയകരമായ പൂർത്തീകരിച്ചെങ്കിലും ഇതിന്റെ സാധ്യതകളെ കുറിച്ച് പിന്നെയും സംശയങ്ങൾ ബാക്കിയായിരുന്നു. എന്നാൽ അബുദാബി നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍ രഹിത ടാക്‌സി 16,000 കിലോമീറ്ററാണ് ഓട്ടം പൂർത്തിയാക്കിയിരിക്കുന്നത്.

യാസ് ഐലന്‍ഡ് കേന്ദ്രീകരിച്ചാണ് നൂതന സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍രഹിത ടാക്‌സിയുടെ പ്രാരംഭഘട്ട സര്‍വീസുകള്‍ നടക്കുന്നത്. ആദ്യഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചതായി അബുദാബി സമഗ്ര ഗതാഗത കേന്ദ്രം അറിയിച്ചു. സ്മാര്‍ട്ട് ആപ്പ് വഴി നിയന്ത്രിക്കാവുന്ന അബുദാബിയിലെ പ്രഥമ ഡ്രൈവര്‍രഹിത ടാക്‌സിയാണിത്. നവംബര്‍ 23-ന് അബുദാബി സ്മാര്‍ട്ട് സിറ്റി സമ്മിറ്റിനോടനുബന്ധിച്ച് ടാക്‌സി സര്‍വീസിന് തുടക്കമായി. ഉയര്‍ന്നനിലവാരത്തിലുള്ള നാവിഗേഷന്‍ സംവിധാനമുള്ള വാഹനനിയന്ത്രണത്തിന് ഒരുവിധ നേരിട്ടുള്ള മനുഷ്യ ഇടപെടലിന്റെയും ആവശ്യമില്ല. മുനിസിപ്പാലിറ്റി ഗതാഗതവകുപ്പ് ബയാനത്, ജി 42 ഗ്രൂപ്പ് എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, റെസ്റ്റോറന്റുകള്‍, യാസ് ഐലന്‍ഡിലെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ആദ്യ ഘട്ടത്തില്‍ ഡ്രൈവര്‍രഹിത ടാക്സികള്‍ സര്‍വീസ് നടത്തുകയെന്ന് പദ്ധതിയുടെ പ്രഖ്യാപനവേളയില്‍ തന്നെ അറിയിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ പത്തിലധികം സ്വയം നിയന്ത്രിത വാഹനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുമെന്നും ഉറപ്പുനല്‍കിയിരുന്നു.

Vartha Malayalam News - local news, national news and international news.