'സഭയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല', ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാമെന്ന് ആലഞ്ചേരി

കൊച്ചി: തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലെന്ന് സിറോ മലബാർ സഭയുടെ മേജര്‍ ആര്‍ച്ചി ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി (George Alencherry). തെരഞ്ഞെടുപ്പില്‍ സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറുമില്ല. തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം. നിര്‍ദ്ദേശം നല്‍കില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണ്, ഞാനുമതേ, പക്ഷേ, അത് നിയമസഭയുടെ സ്ഥാനാർത്ഥി ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

അതേസമയം തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ പ്രചാരണം മുറുകുകാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്‍റെ വാഹന പര്യടനം ഇന്ന് തുടങ്ങും. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്‍റെ വാഹന പര്യടനം ഇന്നലെ തുടങ്ങിയിരുന്നു. എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും പ്രചാരണം തുടരുകയാണ്. സിൽവർലൈൻ കല്ലിടൽ നിർത്തിവെച്ചത് ഇന്നും മണ്ഡലത്തിൽ സജീവ ചർച്ചയാകും. പിന്മാറ്റം സർക്കാരിനെതിരെ യുഡിഎഫഅ ആയുധമാക്കുന്നത് തുടരും. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നും സർവേ രീതിയിൽ മാത്രമാണ് മാറ്റം എന്നുമാണ് എൽഡിഎഫ് വിശദീകരണം. 

Vartha Malayalam News - local news, national news and international news.