മാവേലിക്കരയിൽ ആറു വയസ്സുള്ള മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

ആലപ്പുഴ മാവേലിക്കര പുന്നമ്മൂട്ടിൽ പിതാവ് ആറു വയസ്സുകാരി മകളെ വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി ഏഴരയോടെയാണ് സംഭവം. മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്.

തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ(62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്നെത്തി മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴു കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും മഹേഷ് ശ്രമം നടത്തി. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്നു മഹേഷ്, പിതാവ് മുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനെത്തുടർന്നാണ് നാട്ടിലെത്തിയത്. ഇയാളുടെ പുനർവിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് യുവതിയുടെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറിയതായി നാട്ടുകാർ പറയുന്നു.

Vartha Malayalam News - local news, national news and international news.