ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച്‌ ഗവര്‍ണര്‍

തിരുവനന്തപുരം: ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ നടക്കുന്ന പോരിനിടെയാണ് രാജ്ഭവനില്‍ ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുന്നത്.

14 ന് നടക്കുന്ന ആഘോഷ പരിപാടികളിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും ഗവര്‍ണര്‍ ക്ഷണിച്ചത്. കഴിഞ്ഞ തവണ മത മേലാധ്യക്ഷന്മാര്‍ക്ക് മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നത്.

രാജ് ഭവനില്‍ നടക്കുന്ന ആഘോഷ പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും വിളിച്ചിട്ടുണ്ട്. വിരുന്ന് നടക്കുന്നതാകട്ടെ ചാന്‍സ്‍ലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനുള്ള ബില്‍ നിയമസഭ പാസാക്കുന്നതിന്റ പിറ്റേദിവസമാണ്. 13 നാണ് ബില്‍ സഭ പാസാക്കുന്നത്.

ഗവര്‍ണരുടെ ക്ഷണം സര്‍ക്കാര്‍ സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. എല്‍ ഡി എഫ് നേതൃത്വവുമായി കൂടിയാലോചിച് തീരുമാനം എടുക്കാനാണ് സാധ്യത.

ഗവര്‍ണരുടെ ക്ഷണം സ്വീകരിച്ചു ചടങ്ങിനു പോയാല്‍ ഒത്തുതീര്‍പ്പുണ്ടാക്കി എന്ന പ്രചാരണം പ്രതിപക്ഷം നടത്തുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അതേസമയം, ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാവ് തീരുമാനം എടുത്തിട്ടില്ല.

Vartha Malayalam News - local news, national news and international news.