നടൻ ഇന്നസെന്റ് ഓർമ്മയായി

അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകര്‍ന്ന വിഖ്യാതനടന്‍ ഇന്നസെന്റ്(75) അന്തരിച്ചു. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി 10.45 ഓടെയായിരുന്നു അന്ത്യം. മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് ഇന്നസെന്റ്.

അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ്. വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. സത്യന്‍ അന്തിക്കാട്, ഫാസില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍ ഏറെ ജനപ്രിയമാണ്.

തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28-ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്. സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. എട്ടാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ചു. തുടര്‍ന്ന് അഭിനയത്തില്‍ ഒരു കൈ പയറ്റാം എന്ന ധാരണയില്‍ ഇന്നസെന്റ് പോയത് മദ്രാസിലേക്കാണ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയാണ് തുടക്കം. സംവിധായകന്‍ മോഹന്‍ മുഖേനയാണ് സിനിമാരംഗത്തെത്തിയത്. 1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയായിരുന്നു ആദ്യചിത്രം. പിന്നീട് ഉര്‍വശി ഭാരതി, ഫുട്ബോള്‍ ചാമ്പ്യന്‍, നെല്ല് തുടങ്ങിയ ചിത്രങ്ങളിലെ ചെറുവേഷങ്ങള്‍. തുടർന്നും ചെറുവേഷങ്ങള്‍ ഇന്നസെന്റിനെ തോടിയെത്തി. ഇടയ്ക്ക് ടൈഫോയിഡ് പിടിപെട്ടതിനേ തുടര്‍ന്ന് കര്‍ണാടകയിലെ ദാവണ്‍ഗെരേയിലേക്ക് തിരിച്ചു. അവിടെ സഹോദരന്‍ സണ്ണി, കസിന്‍സായ ജോര്‍ജ്, ഡേവിസ് എന്നിവര്‍ ഒരു തീപ്പെട്ടിക്കമ്പനി നടത്തുന്നുണ്ടായിരുന്നു. ക്രമേണ ആ കമ്പനിയില്‍ ഇന്നസെന്റ് സജീവമായി.

Vartha Malayalam News - local news, national news and international news.